ന്യൂദല്‍ഹി: ഐപിഎല്‍ വാതുവെയ്‌പുകേസില്‍ ശ്രീനിവാസന്റെ മരുമകനായ ഗുരുനാഥ് മെയ്യപ്പനെതിരെ നടപടി കൈക്കൊള്ളാന്‍ സുപ്രീംകോടതി ബിസിസിഐയോട് ആവശ്യപ്പെട്ടു. മെയ്യപ്പനെതിരെ എന്തുകൊണ്ട് അന്വേഷണം നടത്തിയില്ലെന്നും കോടതി ആരാഞ്ഞു.
മുന്‍ ബിസിസിഐ തലവന്‍ എന്‍ ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമയുമാണ് ഗുരുനാഥ് മെയ്യപ്പന്‍. കേസില്‍ കുറ്റാരോപിതനായ മെയ്യപ്പനെതിരെ ശിക്ഷാര്‍ഹമായ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 2013 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ നടന്ന വാതുവെയ്‌പിലാണ് മെയ്യപ്പന് പങ്കുള്ളതായി കണ്ടെത്തിയത്. ശ്രീനിവാസന്‍ ബിസിസിഐയില്‍ തുടരുന്ന സാഹചര്യത്തില്‍ മെയ്യപ്പനെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
മെയ്യപ്പനെതിരായ ബിസിസിഐയുടെ നടപടിക്രമങ്ങളില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്ന അറിയിച്ച കോടതി, നടപടി സ്വീകരിക്കുന്നതിന് പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കാനും ബിസിസിഐയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമിതിയില്‍ ശ്രീനിവാസന്‍ ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി. സമിതിയില്‍ ശ്രീനിവാസന്റെ സാന്നിദ്ധ്യമുണ്ടായിരിക്കരുതെന്നും നിര്‍ദ്ദേശിച്ചു.
മെയ്യപ്പന് എന്തുശിക്ഷ നല്‍കണമെന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ മുദ്ഗല്‍ പാനലിനോടും, മെയ്യപ്പന് എതിരായ ശിക്ഷ തീരുമാനിക്കാന്‍ രണ്ട് സ്വതന്ത്ര ജഡ്ജിമാരെ നിയമിക്കണമെന്ന് ബിസിസിഐയോടും കോടതി ആവശ്യപ്പെട്ടു.
ബിസിസിഐ തലവനായിരിക്കെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഉടമസ്ഥനായതില്‍ സ്ഥാപിത താല്‍പര്യങ്ങളുണ്ടായിരുന്നില്ലെന്ന് കാണിച്ച് ശ്രീനിവാസന്‍ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്നും കോടതി നിരീക്ഷിച്ചു. ജ. ടി.എസ് ഥാക്കൂറിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് കേസ് പരിഗണിച്ചത്.
















