അയോദ്ധ്യ: തര്‍ക്കമന്ദിരം തകര്‍ന്ന് 22 വര്‍ഷം പിന്നിട്ട ഇന്നലെ അയോദ്ധ്യ ശ്രീ രാമ ജന്മഭൂമിയിലെ ക്ഷേത്രത്തില്‍ ആരാധനയും പൂജയും പതിവുപോലെ നടന്നു. നാടിന്റെ നാനാഭാഗത്തുനിന്നുമെത്തിയവര് രാംലാലാ ദര്‍ശനം നടത്തി.
നഗരം കാവിയില്‍ മുങ്ങി. എങ്ങും രാമനാമവും ജയ് ശ്രീരാം വിളികളും മുഴങ്ങി. പോലീസ് കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നതിനല് കര്‍ശന പരിശോധനകള്‍ക്കു ശേഷമാണ് ദര്‍ശനം അനുവദിച്ചത്. അതിനാല്‍ നീണ്ട സന്ദര്‍ശക നിരയുമുണ്ടായി.
അയോദ്ധ്യയിലെ തര്‍ക്ക മന്ദിരം പൊളിച്ച ദിവസം ശൗര്യദിനമായി ആഘോഷിക്കാന്‍ വിശ്വഹിന്ദു പരിഷത്തും വിവിധ ഹിന്ദു സംഘടനകളും ആഹ്വാനം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന വന്‍ ജനാവലി അയോദ്ധ്യയിലേക്കെത്തി. ബാബറി പള്ളിയ്ക്കു വേണ്ടി മുമ്പു വാദിച്ചിരുന്ന ചില സംഘടനകള്‍ രാമജന്മഭൂമിയില്‍ കരിങ്കൊടി ഉയര്‍ത്തുമെന്നു പ്രസ്താവിച്ചിരുന്നു. അതിനാല്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര റിസര്‍വ് പോലീസും സുശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയത്.
ആഴ്ചകള്‍ക്കുമുമ്പുതന്നെ പ്രദേശമാകെ കാവിക്കൊടികള്കൊണ്ട് അലങ്കൃതമായിരുന്നു. സന്യാസിമാരും വിഎച്ച്പി, ബജ്രംഗദള് തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകരും ജയ്ശ്രീരാം മുഴക്കി രാമനാമ ജപങ്ങളുമായി രാമഭക്തിയുടെ അന്തരീക്ഷമുണ്ടാക്കിയിരുന്നു.
ചില മുസ്ലിം സംഘടനകളുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ 10,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിവിധ സ്ഥലങ്ങളിലായി വിന്യസിച്ചിരുന്നത്. അയോദ്ധ്യ-ൈഫസാബാദ് ഇരട്ട നഗരത്തില്‍ 144ാം വകുപ്പു പ്രകാരം നിരോധനജ്ഞ പ്രഖ്യാപിച്ചിരുന്നു. ത്രിതല സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരുന്നത്. അയോദ്ധ്യയില്‍ 24 ക്ലോസ് സര്‍ക്ക്യൂട്ട് കാമറകളും സ്ഥാപിച്ചിരുന്നു.
വൈകിട്ട് വിഎച്ച്പി കര്‍സേവപുരത്ത് ഹിന്ദു സമ്മേളനം വിളിച്ചിരുന്നു. യോഗത്തില്‍ ദേശീയ നേതാക്കള്‍ പങ്കെടുത്ത് പ്രസംഗിച്ചു.
മുസ്ലിം സംഘടനകള്‍ ചിലത് ദുഃഖദിനമായി ഇന്നലെ ആചരിച്ചു. ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയുടെ ഇപ്പോഴത്തെ കണ്‍വീനര്‍ സഫര്യാബ് സിലാനിയും സഹോദരന് മസ്സൂദ്യാബ് ജീലാനിയും യോഗത്തെ അഭിസംബോധന ചെയ്തു.
അയോദ്ധ്യവിഷയത്തില്‍ അടിസ്ഥാന കേസ് കൊടുത്തിട്ടുള്ള ഹഷിം അന്‍സാരിയെക്കണ്ട് കേസ് കാര്യങ്ങള്‍ ഇവര്‍ ചര്‍ച്ചചെയ്തിരുന്നു. അലഹബാദ് ഹൈക്കോടതി 2010-ല്‍ നല്കിയ വിധിയുടെ പശ്ചാത്തലത്തില്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന തന്റെ കേസ് പിന്‍വലിക്കാന്‍ ആലോചിക്കുന്നതായി അന്‍സാരി വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. ഹൃദ്രോഗം പിടിപെടുകയും ഇടുപ്പെല്ലിനു പരിക്കേല്‍ക്കുകയും ചെയ്ത് അന്‍സാരി ഇന്നലെ വീട്ടില്‍നിന്നു പുറത്തിറങ്ങിയിട്ടില്ല. അന്‍സാരിയുടെ വീടിനു കാവല്‍ കൂട്ടിയിട്ടുണ്ട്.
സ്ഥലം എംഎല്‍എ സമാജ്വാദി പാര്‍ട്ടിയുടെ തേജ് നാരായന് ഇന്നലെ അന്‍സാരിയേയും മുസ്ലിം നേതാക്കളേയും കണ്ടു ചര്‍ച്ചകള്‍ നടത്തി.
ഇന്നലെ അയോദ്ധ്യയിലേയും ഫൈസാബാദിലേയും ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ച മുഴുവന്‍ പേരേയും സംബന്ധിച്ച രേഖകള്‍ പ്രത്യേകം സൂക്ഷിക്കാന്‍ സംവിധാനം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: