പറവൂര്‍: അധികാരികളെ നോക്കുകുത്തിയാക്കി മാട്ടുപുറത്ത് പുഴ കയ്യേറ്റം തകൃതിയാക്കുന്നു. റവന്യൂ, പഞ്ചായത്ത് അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവിലപോലും നല്‍കാതെയാണ് മാട്ടുപുറത്ത് പെരിയാര്‍ കയ്യേറ്റം തുടരുന്നത്. ഇതുമൂലം പുഴയും പുഴയുടെ കൈവഴിയായ അഞ്ചാം പരുത്തിതോടിന്റെയും വീതി കുറയും. പുഴയുടെ ഭാഗമായ പുറമ്പോക്ക് ഭൂമാഫിയ കരിങ്കല്‍ഭിത്തി കെട്ടി തിരിക്കുകയാണ്.
എന്നാല്‍ ഇതൊന്നും തടയാന്‍ കരുമാലൂര്‍ പഞ്ചായത്തോ റവന്യൂ അധികാരികളെ തയ്യാറാകുന്നില്ല. അധികാരികള്‍ പരസ്പരം പഴിചാരി നടപടികളില്‍നിന്നും പിന്മാറുന്നത് ഭൂവുടമയ്ക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണ്. രണ്ടുമാസം മുമ്പാണ് ഇവിടെ പുഴ പുറമ്പോക്ക് നികത്തി കരിങ്കല്‍ഭിത്തി കെട്ടാന്‍ തുടങ്ങിയത്. അന്നുതന്നെ പുഴ ഗതിമാറിയൊഴുകാനിടവരുമെന്ന് കാട്ടി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറവൂര്‍ തഹസില്‍ദാര്‍ക്കും കരുമാലൂര്‍ വില്ലേജ് ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് തഹസില്‍ദാര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും നിര്‍മ്മാണത്തിന് യാതൊരു തടസവുമുണ്ടായില്ല. നിരോധന ഉത്തരവ് നടപ്പാക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റവന്യൂ അധികാരികള്‍ പറയുന്നത്. എന്നാല്‍ ഇതുവരെ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് രേഖാമൂലം യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് ആലങ്ങാട് പോലീസും പറയുന്നു.
ഇപ്പോള്‍ പുഴയുടെ ഭാഗങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ചുമതല പഞ്ചായത്തിന് കൈമാറിയിട്ടുണ്ടെന്നാണ് പറവൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ പറയുന്നത്.
പഞ്ചായത്ത് ആവശ്യപ്പെട്ടാല്‍ അളന്ന് തിട്ടപ്പെടുത്താന്‍ സര്‍വെയറുടെ സേവനം നല്കാന് തയ്യാറാണെന്നും പറയുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഇതുവരെ നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് നിര്‍മ്മാണത്തെ തടസപ്പെടുത്താത്തതെന്നും കരുമാലൂര്‍ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. റവന്യൂ ഭൂമിയും പുഴയും സംരക്ഷിക്കേണ്ടവര്‍ ഭൂമാഫിയകള്‍ക്ക് മൗനാനുവാദം നല്‍കുകയാണെന്നാണ് ഇപ്പോള്‍ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. പരാതിപ്പെടുന്നവരെ കണ്ടെത്തി ഭൂമാഫിയ ഭീഷണിപ്പെടുത്തുന്നുമുണ്ട്. ഇതിനെല്ലാം പിന്തുണ നല്കുന്ന സമീപനമാണ് ആലങ്ങാട് പോലീസും സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: