ബിലാസ്പൂര്‍: വന്ധ്യംകരണ ശസ്ത്രക്രിയയ്‌ക്കിടെ ഛത്തീസ്ഗഡില്‍ 13 സ്ത്രീകള്‍ മരിക്കാനിടയായ സംഭവത്തില്‍ ഉപയോഗിച്ച മരുന്നില്‍ വിഷം കലര്‍ന്നിരുന്നതായി ലാബ് പരിശോധനയില്‍ വ്യക്തമായി. ശസ്ത്രക്രിയയ്‌ക്കു ശേഷം വിതരണം ചെയ്ത മരുന്നിലാണ് വിഷാംശം കണ്ടെത്തിയത്.
സ്ത്രീകള്‍ക്ക് വിതരണം ചെയ്ത മരുന്നുകള്‍ കാലാവധി കഴിഞ്ഞതും വിഷം കലര്‍ന്നതുമായിരുന്നെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടെന്ന് ആരോഗ്യമന്ത്രി അമര്‍ അഗര്‍വാള്‍ ബിലാസ്പൂരില്‍ വ്യക്തമാക്കി. ദല്‍ഹി, കൊല്‍ക്കത്ത് എന്നിവിടങ്ങളില്‍ നടത്തിയതടക്കമുള്ള പരിശോധനാ ഫലം ലഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പോലീസിന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ എന്തുതരം വിഷമാണ് കലര്‍ന്നതെന്ന് വ്യക്തമാക്കാന്‍ മന്ത്രി തയ്യാറായില്ല. പക്ഷേ ഡോക്ടര്‍മാരുടെ വീഴ്ച മന്ത്രി തള്ളിക്കളഞ്ഞില്ല. ശ്‌സ്ത്രക്രിയയ്‌ക്ക് സ്വീകരിക്കേണ്ട അടിസ്ഥാന നടപടിക്രമങ്ങള്‍ പാലിക്കാതെ ഡോക്ടര്‍മാര്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. കുറഞ്ഞ സമയം കൊണ്ട് നിരവധി സ്ത്രീകളെയാണ് അവര്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയരാക്കിയത്. ശസ്ത്രക്രിയാ മുറിയിലും ഉപകരണങ്ങളിലും പകര്‍ച്ചവ്യാധി തടയാനും ശുചിത്വം പാലിക്കാനും വേണ്ട നടപടി അവര്‍ സ്വീകരിച്ചിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആഴത്തിലുള്ള അന്വേഷണം കൊണ്ടു മാത്രമേ സത്യം പുറത്തുവരികയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
















