കൊല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ രണ്ട് എംപിമാര്‍ അറസ്റ്റിലായതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. തൃണമൂല്‍ നേതാവ് മമത ബാനര്‍ജിയുടെ അസഹിഷ്ണുതയും ധാര്‍ഷ്ട്യവും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ആ പാര്‍ട്ടിയുടെ പതനത്തിന് കാരണമാകുമെന്നും ബിജെപി ചൂണ്ടിക്കാട്ടി.
ഈസ്റ്റ് ബംഗാള്‍ പ്രതിനിധിക്ക് ശാരദാ തട്ടിപ്പില്‍ ബന്ധമുണ്ടെന്ന കാരണത്താല്‍ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ എന്നീ ക്ലബ്ബുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. എങ്കില്‍ പിന്നെ എന്തുകൊണ്ട് പാര്‍ട്ടി എംപിമാര്‍ കേസില്‍ അറസ്റ്റിലായിട്ടും തൃണമൂലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ക്കെതിരെ നടപടി ഉണ്ടാകുന്നില്ലെന്ന് ബിജെപി പശ്ചിമബംഗാള്‍ പ്രസിഡന്റ് രാഹുല്‍ സിന്‍ഹ ചോദിച്ചു.
തങ്ങളുടെ യുഗം അവസാനിക്കാറായപ്പോള്‍ ഇടതു നേതാക്കളും ഇതുപോലെ നിരുത്തരവാദപരവും ധാര്‍ഷ്ട്യം നിറഞ്ഞതുമായ വാക്കുകള്‍ ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ മമതയും അത്തരം പ്രയോഗങ്ങള്‍ നടത്തുന്നത് തൃണമൂല്‍ യുഗം അവസാനിക്കുന്നതിന്റെ തെളിവായി കരുതാം. ശാരദാ ചിട്ടി തട്ടിപ്പില്‍ പ്രതിയായ തൃണമൂല്‍ രാജ്യസഭാ എംപി ശ്രീന്‍ജോയ് ബോസിനെ അറസ്റ്റ് ചെയ്യിച്ചതിന്റെ പുറകില്‍ ബിജെപി നേതൃത്വമാണെന്ന മമതയുടെ ആരോപണത്തെ അദ്ദേഹം തള്ളിക്കളഞ്ഞു.
ചിട്ടി തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ടത് സുപ്രീംകോടതിയാണ്. അതിനകത്ത് ബിജെപി നേതാക്കള്‍ക്ക് ഒന്നും ചെയ്യാനില്ല. ഈ ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ല. തൃണമൂല്‍ എംപി കുനാല്‍ ഘോഷിനെ അറസ്റ്റ് ചെയ്തത് മമത ബാനര്‍ജിയുടെ പോലീസാണെന്നും അദ്ദേഹം വ്യക്തമാക്കി.
















