ന്യൂദല്‍ഹി: ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2012 ലെ കണക്ക് അപേക്ഷിച്ച് 2013 ല്‍ ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ 70 ശതമാനമാണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.
2012-13 വര്‍ഷങ്ങളില്‍ ഭീകരത പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 404 ആയി ഉയര്‍ന്നു. ഇതില്‍ 192 പേരും കൊല്ലപ്പെട്ടത് മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തിലായിരുന്നുവെന്നും സര്‍വേ വെളിപ്പെടുത്തുന്നു.
2012നെ അപേക്ഷിച്ച് അമ്പത്തിയഞ്ചോളം ഭീകരാക്രമണ സംഭവങ്ങളാണ് 2013ല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിഡ്‌നി, ന്യൂയോര്‍ക്ക്, ഓക്‌സ്‌ഫോര്‍ഡ് എന്നിവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എക്കണോമിക്‌സ് ആന്‍ഡ് പീസ് എന്ന സംഘടനയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ഇന്ത്യയിലുണ്ടായ ഭീകരാക്രമണങ്ങളെ ഇസ്‌ളാമിക തീവ്രവാദികള്‍, വിഘടനവാദികള്‍, നക്‌സലുകള്‍ എന്നിങ്ങനെ മൂന്ന് വിഭാഗമായി തരം തിരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ പ്രധാനമായും ആക്രമണം നടത്തിയതും ജീവഹാനി വരുത്തിയതും നക്‌സലുകളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2013ലെ ആക്രമണങ്ങളില്‍ ഉണ്ടായ 192 മരണങ്ങളുടെ ഉത്തരവാദിത്തം മൂന്ന് മാവോയിസ്റ്റ് ഗ്രൂപ്പുകളാണ് ഏറ്റെടുത്തത്, ഭീകരതയെ തുടര്‍ന്ന് ഇന്ത്യയിലുണ്ടായ മരണങ്ങളുടെ പകുതി വരും ഇത്.
പോലീസുകാരാണ് നക്‌സലുകളുടെ പ്രധാന ലക്ഷ്യം. ജയിലിലുള്ള തങ്ങളുടെ അനുയായികളെ മോചിപ്പിക്കുന്നതിന് മാവോയിസ്റ്റുകള്‍, തട്ടിക്കൊണ്ടു പോകലിനെ ശക്തമായ ആയുധമായി ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്ലാമിക് തീവ്രവാദത്തിന്റെ ഭാഗമായുള്ള റി്‌പ്പോര്‍ട്ടില്‍ ജമ്മുകാശ്മീരിന്റെ പേരില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തര്‍ക്കമാണ്.ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ചാണ് ഇസ്‌ലാമിക് ഭീകരര്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ 2013 ല്‍ നടന്ന 15 ശതമാനം മരണത്തിനും കാരണക്കാര്‍ മൂന്നു ഇസ്‌ലാമിക് ഭീകര സംഘടനകളാണ്. ഇതില്‍ പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദ്ദീനുമുണ്ട്. 2013 ല്‍ ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്തിയ ഒരേയൊരു ഭീകര സംഘടന ഇതാണ്.
സെപ്റ്റംബറില്‍ അല്‍ഖായിദ തീവ്രവാദ സംഘടനയുടെ സാന്നിധ്യം ഇന്ത്യയില്‍ കണ്ടെത്തിയതായും പഠനം പറയുന്നു. വിഘടനവാദികള്‍ കൂടുതല്‍ ഉള്ളത് അസമിലും മേഘാലയിലുമാണ്. 16 ശതമാനം പേരും കൊല്ലപ്പെട്ടത് ഇവര്‍ നടത്തിയ ആക്രമണത്തിലാണെന്നും സര്‍വേ വ്യക്തമാക്കുന്നു.
















