ന്യൂദല്‍ഹി: വായ്‌പാ കുടിശ്ശിക വര്‍ധിച്ചു വരുന്നതിനാല്‍ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ ബാങ്കുകള്‍ പക്ഷപാതം കാട്ടരുത്. ആരെയും ഭയക്കേണ്ടതുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുമേഖലാ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും മേധാവികള്‍ പങ്കെടുത്ത യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.
ബാങ്കുകള്‍ ഭയം കൂടാതെ തങ്ങളുടെ ഔദ്യോഗികകൃത്യങ്ങള്‍ നിര്‍വഹിക്കണം. പൊതുമേഖലാ ബാങ്കുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസേഴ്‌സിനെയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരെയും നിയമിക്കാന്‍ സര്‍ക്കാര്‍ മാനദണ്ഡം തയ്യാറാക്കി വരികയാണ്.
തീരുമാനങ്ങളെടുക്കുന്നതിനെ ഔദ്യോഗികമായ കാരണങ്ങള്‍ സ്വാധീനിച്ചേക്കാം. എന്നാല്‍ സമാന്തരമായ മറ്റു കാരണങ്ങളുണ്ടാകാന്‍ പാടില്ല. ബാഹ്യ സ്വാധീനം ഉണ്ടാകുന്നത് അയോഗ്യതയായി കരുതണം. ആസ്തി ബാധ്യത കുറച്ചു കൊണ്ടുവരാന്‍ അവശ്യം വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു.
ആഗോള സാമ്പത്തിക വളര്‍ച്ച ഏച്ചു കെട്ടിയതു പോലെയാണ്. ഈ സാഹചര്യത്തില്‍ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ഭാരതത്തിന് മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. രാജ്യാന്തര വ്യവസായികള്‍ ഇവിടെ നിക്ഷേപിക്കാന്‍ അതിയായ താത്പര്യം കാണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















