ന്യൂദല്‍ഹി: തലസ്ഥാന നഗരിയില്‍ വീണ്ടും ദുരഭിമാനക്കൊല. അന്യ ജാതിക്കാരനായ യുവാവിനെവിവാഹം കഴിച്ച ഭാവനയെന്ന 21-കാരിയെയാണ് മാതാപിതാക്കള്‍ ദാരുണമായി കൊലപെടുത്തിയത്.
സൗത്ത് വെസ്റ്റ് ദല്‍ഹിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മാതാപിതാക്കളായ ജഗ് മോഹന്‍, സാവിത്രി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
നവംബര്‍ 12-നായിരുന്നു ഭാവനയും കാബിനറ്റ് സെക്രട്ടറിയറ്റില്‍ അസിസ്റ്റന്റ് പ്രോഗ്രാമറായ അഭിഷേകുമായുള്ള വിവാഹം. രാജസ്ഥാനിലെ യാദവ് വിഭാഗത്തില്‍പെട്ട ഭാവനയും പഞ്ചാബിയായ അഭിഷേകുമായുള്ള വിവാഹത്തിന് ഭാവനയുടെ വീട്ടുകാര്‍ എതിരായിരുന്നുവെന്ന് പറയപ്പെടുന്നു.
രഹസ്യമായി വിവാഹം നടത്തിയ ശേഷം ഭാവനയുടെ വീട്ടില്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ വിവാഹത്തിന് സമ്മതം മൂളാതിരുന്ന വീട്ടുകാര്‍ ദമ്പതികളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു.
എന്നാല്‍ ഇരുവരും വിവാഹ തീരുമാനത്തില്‍ ഉറച്ചു നിന്നു. തങ്ങള്‍ക്കു പ്രശ്‌നമൊന്നുമില്ലെന്ന് പറഞ്ഞാണ് ഭാവനയുടെ മാതാപിതാക്കള്‍ ഇരുവരെയും വീട്ടിലേക്ക് ക്ഷണിച്ചത്. ഇതനുസരിച്ച് ഭാവന ആദ്യം വീട്ടില്‍ എത്തിയെങ്കിലും വീട്ടുകാരുടെ പീഡനം സഹിക്ക വയ്യാതെ ഭര്‍തൃവീട്ടിലേക്ക് മടങ്ങുകയായിരുന്നു.
എന്നാല്‍ മാതാപിതാക്കള്‍ അഭിഷേകിന്റെ വീട്ടിലെത്തി മാപ്പു പറഞ്ഞ് നല്ല രീതിയില്‍ വിവാഹം നടത്തിത്തരാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഭാവന മാതാപിതാക്കള്‍ക്കൊപ്പം പോകുകയായിരുന്നു. പിന്നീട് ഭാവനയുടെ ബന്ധുവാണ് അവര്‍ മരിച്ചതായും ശവദാഹം കഴിഞ്ഞതായും അറിയിച്ചത്. തുടര്‍ന്ന് അഭിഷേക് കേസ് രജിസ്റ്റര്‍ ചെയ്തതനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കള്‍ ഭാവനയെ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്.
















