കൊച്ചി: പച്ചാളം മേല്‍പ്പാലത്തിന്റെ അട്ടിമറിക്ക് കൂട്ട് നിന്ന എംപി, എംഎല്‍എ, മേയര്‍ എന്നിവര്‍ രാജിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജനകീയ സമരസമിതി പച്ചാളം എല്‍എംസിസി സ്‌കൂളിലെ ഉപജില്ല കലോല്‍സവം ഉദ്ഘാടന വേദിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
അനുമതിയില്ലാത്ത പാലത്തിന്റെ മറവില്‍ നടന്ന അട്ടിമറിയും അഴിമതിയും പുറത്തു കൊണ്ടുവരണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ബിജെപി മണ്ഡലം സെക്രട്ടറിയും ജനകീയസമരസമിതി ജനറല്‍ കണ്‍വീനറുമായ അബിജു സുരേഷ് പറഞ്ഞു.
പദ്ധതി പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന ഇവര്‍ക്ക് പച്ചാളത്തെ ജനങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ പറ്റാത്തത് യഥാര്‍ത്ഥ പദ്ധതി അട്ടമറിച്ചതിന്റെ ജാള്യത കൊണ്ടാണെന്നും ഇതില്‍ പങ്കാളികളായ ഉദ്യോഗസ്ഥ രാഷ്‌ട്രീയ മാഫിയയെയും പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ചില്‍ സംഘപരിവാര്‍ നേതാക്കളായ ബാബു പച്ചാളം, മുരളി അയ്യപ്പന്‍കാവ്, അശോകന്‍, കെ. ആര്‍ രമേശ്, പ്രദീപ്, ജയറാം, സുനില്‍ പള്ളിക്കാവ് സമര സമിതി നേതാക്കളായ ജോസി പച്ചാളം, അനില്‍, ജൂഡ് ബിജു, സരിത സന്തോഷ്, ഹേമ സുധീര്‍, ലൂസി പോള്‍, ആശാ വിശ്വേഷ്, രഞ്ജിത ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
















