കൊച്ചി: കേരളത്തില്‍ സമസ്ത മേഖലകളിലും ഉപഭോക്താവ് വഞ്ചിക്കപ്പെടുന്നുവെന്ന് എറണാകുളം ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം പ്രസിഡന്റ് എസ്. രാജേഷ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്തും ആശുപത്രി രംഗത്തുമാണ് എറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ചൂഷണത്തിന് ഇരയാകുന്നത്. ചാവറ കള്‍ച്ചറല്‍ സെന്ററും ആര്‍ടിഐ ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച ഉപഭോകൃത സംരക്ഷണനിയമത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചാവറ കള്‍ച്ചറല്‍ സെന്റര്‍ അസി. ഡയറക്ടര്‍ ഫാ. സിജുപോള്‍ പാലത്താനത്ത് സിഎംഐ അധ്യക്ഷത വഹിച്ചു. ഒറ്റ ദിവസം 152 കേസുകള്‍ തീര്‍പ്പാക്കിക്കൊണ്ട് ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ സ്ഥാനം നേടിയ ഉപഭോക്തൃതര്‍ക്ക പരിഹാരഫോറത്തിന്റെ പ്രസിഡന്റ് എസ്. രാജേഷിനെയും ഫോറം അംഗം ഷീന്‍ ജോസിനെയും തദവസരത്തില്‍ ആദരിച്ചു. കേരള ആര്‍ടിഐ ഫെഡറേഷന്‍ പ്രസിഡന്റ് അഡ്വ.ടി.ബി.ബിനു, ഡോ.ടി. ബാലചന്ദ്രന്‍, അഡ്വ.എം.എല്‍.ജോര്‍ജ്ജ്, ജോണ്‍സണ്‍ സി.എബ്രഹാം, ജോളി പവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.
















