അമ്പലപ്പുഴ: പത്ര പരസ്യം കണ്ട് വൃക്ക നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ ദമ്പതികള്‍ പിടിയിലായി. അമ്പലപ്പുഴ പോലീസ് കേസെടുത്തു. റാന്നി പഞ്ചായത്ത് ഏഴാം വാര്‍ഡ് കുഴിമാവ് നെല്ലിക്കാനം വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്ന സന്തോഷ് (37), ഭാര്യ സന്ധ്യ (31) എന്നിവരെയാണ് അമ്പലപ്പുഴ എസ്‌ഐ: ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇവരുടെ ഒന്‍പതും, അഞ്ചും വയസുള്ള രണ്ട് പെണ്‍കുട്ടികളെ ആലപ്പുഴ ചൈല്‍ഡ് വെല്‍ഫെയര്‍ ഫോറം പ്രവര്‍ത്തകര്‍ക്ക് കൈമാറി. ആറ് മാസം മുന്‍പ് കാക്കാഴം മാജിദ മന്‍സില്‍ അബ്ദുള്‍ മാജിദില്‍ നിന്നാണ് വൃക്ക നല്‍കാമെന്ന് പറഞ്ഞ് 3.40 ലക്ഷം രൂപ തട്ടിയെടുത്തത്. ഇരു വൃക്കകളും തകരാറിലായ അബ്ദുള്‍ മാജിദിന്റെ മകന്‍ അബ്ദുള്‍ മാലിക്കിന് ഒ പോസിറ്റീവ് വൃക്കകള്‍ ആവശ്യമുണ്ടെന്നായിരുന്നു പത്രപരസ്യം. ഇത് കണ്ടാണ് സന്തോഷും സന്ധ്യയും ഇവരെ സമീപിച്ച് പണം തട്ടിയത്.
















