മുഹമ്മ: ജെസിബി ഉപയോഗിച്ച് ഖബര്‍സ്ഥാന്‍ പൊളിച്ചുമാറ്റി എന്നാരോപിച്ച് വിശ്വാസികള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പള്ളി ഭാരവാഹികള്‍ക്കെതിരെ രംഗത്തുവന്നു. വികസനത്തിന്റെ പേരില്‍ പൊതുയോഗം വിളിക്കാതെ ഖബര്‍സ്ഥാന്‍ പൊളിച്ചതിനെതിരെയാണ് പ്രതിഷേധം. ഖബര്‍സ്ഥാന്‍ പൂര്‍വസ്ഥിതിയില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ കളക്ടര്‍ക്ക് പരാതി നല്‍കി. മുഹമ്മ ജുമാ മസ്ജിദിന് മുന്നിലെ ഖബര്‍സ്ഥാനാണ് മുന്നറിയിപ്പില്ലാതെ പള്ളി അധികാരികള്‍ പൊളിച്ചതെന്നാണ് ആക്ഷേപം. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ എ.എം. അബൂബക്കറാണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍ ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ള ഖബറുകളാണ് ഇവിടെയുണ്ടായിരുന്നതെന്നും പള്ളിയിലേക്കുള്ള പ്രവേശന കവാടം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജെസിബി ഉപയോഗിച്ച് വൃത്തിയാക്കിയതെന്നും ജമാഅത്ത് ഭാരവാഹികള്‍ പറഞ്ഞു. വിഷയം വിവാദമായതോടെ പള്ളി അധികാരികളും മഹല്‍ അംഗങ്ങളും രണ്ട് തട്ടിലായി.
















