ചിങ്ങം കഴിഞ്ഞ് തുലാം വന്നിട്ടും ഓണത്തിനു വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍ ഇപ്പോഴും വസന്തമുതിര്‍ത്തു നില്‍ക്കുകയാണ് രതിടീച്ചറുടെ വീട്ടില്‍. അതും ഒന്നും രണ്ടും പൂക്കളല്ല, അര ഏക്കര്‍ സ്ഥലത്ത് മഞ്ഞയും ചുവപ്പും ഇടകലര്‍ന്ന ചെണ്ടുമല്ലി വസന്തം…
പൂക്കളോടുള്ള പ്രണയം ചെറുപ്പത്തിലേ ഉണ്ടായിരുന്നു ടീച്ചര്‍ക്ക്. കുടുംബജീവിതവും അദ്ധ്യാപന ജീവിതവും ഒരുമിച്ച് കൊണ്ടുപോവുന്ന തിരക്കുകള്‍ക്കിടയിലും ചെടികളോടും പൂക്കളോടുമുള്ള സ്‌നേഹം മനസില്‍ സൂക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തിലാണ് ടീച്ചര്‍ കുറച്ചു സ്ഥലത്ത് ചെണ്ടുമല്ലി ചെടികള്‍ നട്ടുപിടിപ്പിച്ചത്. അവയിലെല്ലാം പ്രതീക്ഷിച്ചതിനേക്കാള്‍ അധികം പൂക്കളുണ്ടായപ്പോള്‍ ഈ വര്‍ഷം ചെണ്ടുമല്ലി കൃഷി എന്ന നിലയിലേക്ക് ഉയര്‍ത്തി. എല്ലാത്തിനും പരിപൂര്‍ണ്ണ പിന്തുണയുമായി ഭര്‍ത്താവ് ഷാജിയും, മകന്‍ ഗോകുല്‍ കൃഷ്ണയും ഒപ്പം തന്നെയുണ്ടായിരുന്നു.
തൃശൂര്‍ ജില്ലയിലെ മരോട്ടിച്ചാല്‍ സ്വദേശിനിയായ രതി വരന്തരപ്പിള്ളി ജനത യുപി സ്‌കൂളിലെ അദ്ധ്യാപികയാണ്.
ആദ്യവര്‍ഷം വരന്തരപ്പിള്ളിയിലായിരുന്നു ചെണ്ടുമല്ലി കൃഷി ചെയ്തുനോക്കിയത്. അതു നല്‍കിയ ആത്മവിശ്വാസമാണ് ഈ വര്‍ഷം സ്വന്തം പുരയിടത്തിനോടു ചേര്‍ന്നുള്ള അരയേക്കറില്‍ ചെണ്ടുമല്ലി തൈകള്‍ നട്ടുപിടിപ്പിച്ചത്. ബംഗളൂരുവില്‍ നിന്നും കൊണ്ടുവന്ന വിത്തുകളാണ് പാകി മുളപ്പിച്ചെടുത്തത്.
മോശമല്ലാത്ത വരുമാനം ഇതില്‍ നിന്നും ലഭിക്കുന്നുണ്ടെന്ന് ടീച്ചര്‍ സാക്ഷ്യപ്പെടുത്തുന്നു. ഓണക്കാലത്ത് സഹകരണ സംഘം വഴിയാണ് പൂ വില്‍പ്പന നടത്തിയത്. അതുകൊണ്ട് ആവശ്യക്കാര്‍ വീട്ടില്‍ വന്നാല്‍ പൂ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ മാര്‍ക്കറ്റു വിലയേക്കാള്‍ താഴ്‌ത്തി പൂക്കള്‍ നല്‍കാറുണ്ടെന്നും ടീച്ചര്‍ പറയുന്നു.
രാസവളങ്ങളുപയോഗിക്കാത്ത ചെണ്ടുമല്ലിയുടെ വിത്തുകള്‍ മണ്ണുത്തിയിലെ കാര്‍ഷിക സര്‍വ്വകലാശാലയില്‍ വരെ നല്‍കാന്‍ കഴിയുന്നതാണ് രതി ടീച്ചറുടെ വിജയം…
















