ഹരിപ്പാട്: മണ്ണാറശാലയില്‍ എത്തുന്ന ഭക്തര്‍ക്ക് സുഗമമായി ദര്‍ശനം നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കിഴക്കേനടയിലൂടെ വേണം അകത്തേയ്‌ക്ക് പ്രവേശിക്കാന്‍. കിഴക്ക്, തെക്ക്, പടിഞ്ഞാറ് എന്നീ കവാടങ്ങളിലൂടെ എത്തുന്ന ഭക്തര്‍ പടിഞ്ഞാറെ നടയില്‍ വന്നു വേണം ക്യൂവില്‍ ചേരാന്‍. സര്‍പ്പയക്ഷി, നാഗരാജാവ്, നാഗചാമുണ്ഡി, നാഗയക്ഷി, എന്നി മുറയിലാണ് ദര്‍ശനം നടത്തേണ്ടത്. പിന്നീട് വടക്കോട്ടുള്ള മണ്‍പാതയിലൂടെ ഇല്ലത്തെ നിലവറയ്‌ക്ക് സമീപം എത്താം. നിലവറയ്‌ക്കു മുന്നിലും സുഗമമായി തൊഴാന്‍ ഇക്കുറി എല്ലാ സൗകര്യവുമുണ്ട്. നിലവറയ്‌ക്കു സമീപം തന്നെ അമ്മയെ ദര്‍ശിക്കാനും സൗകര്യമുണ്ട്.
പിന്നീട് ദര്‍ശനത്തിനായി കളത്തിന് സമീപമുള്ള സര്‍പ്പദൈവങ്ങളെ ദര്‍ശിക്കാം.
അതിനുശേഷമാണ് അപ്പൂപ്പന്‍കാവില്‍ തൊഴേണ്ടത്. തുടര്‍ന്ന് ധര്‍മ്മശാസ്താവ്, ഭദ്രകാളി എന്നീ ദേവതകളുടെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പടിഞ്ഞാറ് മന്ദാരം റസ്റ്റ് ഹൗസിന് സമീപമുള്ള റോഡിലെത്തി മടങ്ങാവുന്നതാണ്. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ എല്ലാ വഴിപാടു സാധനങ്ങളും ലഭ്യമാണ്. ഇതുവഴി ക്യൂവില്‍ ചേരാം. അപ്പം, അരവണ എന്നിവയുടെ കൗണ്ടറുകള്‍ ക്ഷേത്രത്തില്‍ നിന്ന് ഇല്ലത്തേയ്‌ക്കുള്ള വഴിയിലാണ് സ്ഥാപിച്ചിട്ടുള്ളത്. തിരക്കില്ലാതെ പ്രസാദം ലഭ്യമാക്കാന്‍ നിരവധി കൗണ്ടറുകള്‍ ഇക്കുറിയുണ്ട്.
















