ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ ഇന്‍ഷ്വറന്‍സ് നിയമഭേദഗതി ബില്ല് പാസാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ജയ്‌റ്റ്‌ലി അറിയിച്ചു. ഇന്‍ഷ്വറന്‍സ് മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം ഉറപ്പാക്കുന്നതാണ് ബില്ല്. നിലവില്‍ 26 ശതമാനമാണ് ഈ മേഖലയിലെ വിദേശനിക്ഷേപം.
ഞങ്ങള്‍ വിവിധമേഖലകളില്‍ വിദേശ നിക്ഷേപങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഈ വരുന്ന ശൈത്യകാല സമ്മേളനത്തില്‍ ഇന്‍ഷ്വറന്‍സ് നിയമഭേദഗതി ബില്ല് പാസാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷ്ബില്ല് ഇപ്പോള്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്. 2008 മുതല്‍ രാജ്യസഭയില്‍ തടസങ്ങളില്‍ പെട്ട് കിടക്കുകയാണ്. നവംബര്‍ മൂന്നാം വാരത്തോടെ സെലക്ട് കമ്മിറ്റി ബില്ലിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത് – ജയ്‌റ്റ്‌ലി പറഞ്ഞു.
നവംബര്‍ 24 മുതലാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നത്. ബില്ല് പാസാവുന്നതോടെ സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളിലെ വിദേശനിക്ഷേപം 25,000 കോടി രൂപയായി ഉയരും. ഇത് വിദേശ പങ്കാളികളില്‍ നിന്ന് കൂടുതല്‍ മൂലധനം ലഭിക്കുന്നതിനും ഇടയാക്കും.
വ്യവസായ പദ്ധതികളെ വൈകിപ്പിക്കുന്ന ഭൂമി വാങ്ങല്‍ നിയമം നവീകരിക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്. ഇന്ത്യയില്‍ കൂടുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മിക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമത്തില്‍ നവീകരണം കൊണ്ടുവരാന്‍ ആലോചിക്കുന്നത്. മാറ്റങ്ങള്‍ അത്യാവശ്യമാണെന്നും എന്നാല്‍ അതിന് മുമ്പ് അനുരഞ്ജനത്തില്‍ എത്തേണ്ടത് ആവശ്യമാണെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.
















