വാരാണസി: ഗംഗാ ശുചീകരണത്തില്‍ പങ്കാളിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിന് വീണ്ടും മാതൃകകാട്ടി. പുണ്യനദിയുടെ തീരത്തെ അസിഘട്ടാണ് പ്രധാനമന്ത്രിയും പ്രശസ്ത വ്യക്തിത്വങ്ങളും ചേര്‍ന്ന് ഇന്നലെ രാവിലെ ശുചീകരിച്ചത്. ദ്വിദിന സന്ദര്‍ശനത്തിന് വാരാണസിയില്‍ എത്തിയതാണ് മോദി.
മന്ത്രങ്ങള്‍ ഉരുവിട്ട് ഗംഗയെ പ്രണമിച്ചുള്ള നദീപൂജയ്‌ക്കുശേഷമായിരുന്നു പ്രധാനമന്ത്രി ശുചീകരണ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നത്. ഗംഗാ തടത്തിലെ ഒരിടം മണ്‍വെട്ടികൊണ്ട് കുഴിച്ച് അവിടുത്തെ അഴുക്കും ചെളിയും മോദി നീക്കി.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് കൈഫ്, സുരേഷ് റെയ്‌ന, ഭോജ്പൂരി നടന്‍ മനോജ് തിവാരി, ഗായകന്‍ കൈലാഷ് ഖേര്‍, അംഗപരിമിതര്‍ക്കുള്ള ചിത്രകൂട് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ സ്വാമി രാം ഭദ്രാചാര്യ, എഴുത്തുകാരന്‍ മനു ശര്‍മ്മ, പദ്മശ്രീ ദേവി പ്രസാദ് ദ്വിവേദി, ടെലിവിഷന്‍ താരം രാജു ശ്രീവാസ്തവ എന്നിവരടങ്ങുന്ന ഒമ്പതംഗ സംഘത്തെ സ്വച്ഛ് ഭാരത് പദ്ധതിയുടെ തുടര്‍ നടത്തിപ്പിന് പ്രധാനമന്ത്രി നിയോഗിച്ചു. ഒമ്പതുപേരെ വീതം സ്വച്ഛ് ഭാരതിലേക്ക് ക്ഷണിക്കാന്‍ അവരോരോരുത്തരോടും മോദി അഭ്യര്‍ഥിച്ചു.
വാരാണസിയിലെ പ്രമുഖരുമായി ആശയവിനിമയം നടത്തിയ മോദി പുണ്യനഗരിയുടെ പേരുംപെരുമയും പുനസ്ഥാപിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നാരാഞ്ഞു. വാരാണസിയിലേക്ക് പാലസ് ഓണ്‍ വീല്‍ ട്രെയിന്‍ (നവീന സൗകര്യങ്ങളെല്ലാമുള്ള ടൂറിസ്റ്റ് ട്രെയിന്‍) ഓടിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മോദി പറഞ്ഞു. ബനാറസ് ഹിന്ദു സര്‍വ്വകലാശാല വൈ ഫൈ ആക്കുക, യൂണിവേഴ്‌സിറ്റിയെ ആഗോള നിലവാരത്തിലെത്തിക്കുക എന്നീ കാര്യങ്ങളും പരിഗണനയിലുണ്ടെന്നും അദ്ദേഹം അറിയിച്ചു. പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഗംഗാ ശുദ്ധീകരണം, കുളിക്കടവുകളുടെ ആധുനികവത്കരണം, ശുദ്ധമായ കുടിവെള്ള വിതരണം, വാരാണസിയിലെ സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കല്‍ തുടങ്ങിയവും നടപ്പിലാക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
















