ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിംഗിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. ജപ്പാനിലെ ഉന്നത പുരസ്‌കാരങ്ങളിലൊന്നായ പൗലോനിയാ ഫ്ലവേഴ്‌സ് പുരസ്‌കാരം ലഭിച്ചതിനാണ് ഡോ മന്‍മോഹന്‍സിംഗിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചത്.
പുരസ്‌കാരം നല്‍കി ജപ്പാന്‍ മന്‍മോഹന്‍സിംഗിനെ ആദരിക്കുന്നത് നമ്മുടെ രാജ്യത്തിന് മുഴുവന്‍ സന്തോഷവും അഭിമാനവും പകരുന്നതാണെന്ന് സിംഗിനെ അഭിനന്ദിച്ചുകൊണ്ട് മോദി പറഞ്ഞു.
ജപ്പാനിലെ ഈ ഉന്നത ദേശീയ പുരസ്‌കാരം നേടുന്ന ആദ്യ ഭാരതീയനാണ് ഡോ മന്‍മോഹന്‍ സിംഗ്. 82 കാരനായ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ജപ്പാന്‍ ചക്രവര്‍ത്തിയായ അകിഹിതോയാണ് കഴിഞ്ഞ 35 വര്‍ഷത്തെ ഇന്ത്യ-ജപ്പാന്‍ ബന്ധത്തില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയതിന് നന്ദിസൂചകമായി പുരസ്‌കാരം ബുധനാഴ്ച സമ്മാനിച്ചത്.
പുരസ്‌കാരദാന ചടങ്ങിന് ശേഷം സിംഗിനും പത്‌നി ഗുരുചരണിനും ചക്രവര്‍ത്തി അകിഹിതോയും ചക്രവര്‍ത്തിനി മിചികോയും ചേര്‍ന്ന് ഉച്ചവിരുന്നും നല്‍കി.
















