ന്യൂദല്‍ഹി: പാക്കിസ്ഥാനി പത്രപ്രവര്‍ത്തക മെഹര്‍ തരാറും സുനന്ദ പുഷ്‌കറുമായുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ ദല്‍ഹി പോലീസ് അന്വേഷിക്കും. ഗൂഗിള്‍, യാഹു എന്നിവ ഉള്‍പ്പെടെ രണ്ട് ഇ-മെയില്‍ അക്കൗണ്ടുകളും, ഫേസ്ബുക്കും, ട്വിറ്ററും സുനന്ദ ഉപയോഗിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ അക്കൗണ്ടുകളിലെ വിവരങ്ങള്‍ പോലീസ് അന്വേഷിക്കും.
ഇ-മെയില്‍ അക്കൗണ്ടുകളിലെ വിവരങ്ങള്‍ ഇതിനോടകം പോലീസിന് ലഭിച്ചിട്ടുണ്ട്. ട്വിറ്ററിലേയും ഫേസ്ബുക്കിലേയും വിവരങ്ങള്‍ ഉടന്‍ ലഭിക്കും. ഇമെയില്‍ സന്ദേശങ്ങള്‍, ചാറ്റ് വിവരങ്ങള്‍ എന്നിവയാണ് ഗൂഗിളും യാഹുവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരിക്കുന്നത്. ഇവ പരിശോധിച്ചശേഷം സുനന്ദയുമായി മെഹര്‍ നടത്തിയ ഇടപാടുകള്‍ പോലീസ് അന്വേഷിക്കും.
മെഹര്‍ തരാരും സുനന്ദയും ഇടപാടുകള്‍ നടത്തിയിരുന്നത് ട്വിറ്ററിലൂടെയാണ്. പല തവണ സ്വകാര്യ സന്ദേശങ്ങളും ഇവര്‍ കൈമാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ട്വിറ്ററില്‍ നിന്നും മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ നിഗമനം. സുനന്ദയുടെ അക്കൗണ്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും കൈമാറാന്‍ ട്വിറ്ററിനോടും, ഫേസ്ബുക്കിനോടും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒപ്പം,സുനന്ദ ഉപയോഗിച്ചിരുന്ന മൂന്ന് ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കും അയച്ചിട്ടുണ്ട്. സുനന്ദയുടെ മരണശേഷം കണ്ടെടുത്ത ഫോണില്‍ വിവരങ്ങളെല്ലാം നശിപ്പിച്ച നിലയിലായിരുന്നു. വിഷാംശം ഉള്ളില്‍ചെന്നാണ് സുനന്ദ മരിച്ചതെന്ന് കഴിഞ്ഞദിവസം പുറത്തുവിട്ട പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കഴിഞ്ഞ ജനുവരി 17-നാണ് സുനന്ദ പുഷ്‌കറിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശി തരൂരും മെഹര്‍ തരാറും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടായിരുന്നുവെന്ന് ചില ആരോപണങ്ങള്‍ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നു.
















