കൊല്‍ക്കത്ത: ബര്‍ദ്വാന്‍ സ്‌ഫോടനക്കേസ് പ്രതി അബ്ദുള്‍ ഹക്കീമിനെ പത്തു ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു ഹക്കീം. ഇന്നലെ ആശുപത്രിയില്‍ നിന്നും വിട്ട ഹക്കീമിനെ കോടതിയില്‍ ഹാജരാക്കിയശേഷമാണ് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. സിറ്റി സെഷന്‍ കോടതി ചീഫ് ജഡ്ജ് എം.മുംതാസ് ഖാന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിട്ടത്.
സംഭവത്തില്‍ നേരത്തെ പിടിയിലായ ഹാസിം മൊല്ല, റാജിയ ബീബി, ആലിമ ബീബി എന്നിവരെയും നവംബര്‍ 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലിനായി ഇവരെ വിട്ടുകിട്ടണമെന്ന് എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഒക്‌ടോബര്‍ 2-നാണ് ബര്‍ദ്വാനിലെ ഒരു വീട്ടില്‍ സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കളുടെ നിര്‍മ്മാണമാണ് ഇവിടെ നടന്നതെന്ന് പോലീസ് ആദ്യം കണ്ടെത്തിയിരുന്നു. വന്‍ സ്‌ഫോടക ശേഖരവും, ലഘുലേഖകളും ഇവിടെ നിന്നും കണ്ടെടുത്തിരുന്നു. സ്‌ഫോടനത്തിനു പിന്നില്‍ അല്‍ഖ്വയ്ദയാണെന്നാണ് റിപ്പോര്‍ട്ട്.
















