യുവാക്കള്‍ക്കായി ആഗ്രയില്‍ ആര്‍എസ്എസ് നടത്തിയ മൂന്നുദിവസത്തെ ശിബിരത്തിന്റെ സമാപനയോഗം.
സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രസംഗിക്കുന്നു
ആഗ്ര: വിജയിച്ച ലോക രാജ്യങ്ങളുടെ ചരിത്രം നോക്കിയാല്‍ ഭരണാധികാരികളോ പാര്‍ട്ടികളോ അല്ല, ജനങ്ങളുടെ രാഷ്‌ട്രഭക്തിയും അര്‍പ്പണവുമാണ് അതിനു കാരണമെന്നു വ്യക്തമാകുമെന്ന് ആര്‍ എസ് എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.
അതേപോലെ ഭാരതത്തിന്റെ പരംവൈഭവത്തിന് നമ്മുടെ രാജ്യത്തെ ജനങ്ങളെ മൂല്യബോധമുള്ളവരാക്കുന്നതിനൊപ്പം അവരില്‍ രാഷ്‌ട്രബോധവും ഭക്തിയും ശക്തിപ്പെടുത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയും ജപ്പാനും ഈ വഴികളിലാണ് വിജയിച്ചതെന്ന് സര്‍സംഘചാലക് പറഞ്ഞു. ആഗ്രയില്‍ യുവാക്കള്‍ക്കുള്ള മൂന്നുദിവസത്തെ ശിബിരത്തിന്റെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്ക ശക്തിശാലിയായപ്പോള്‍ അവര്‍ അന്യരാജ്യങ്ങള്‍ക്കു മേല്‍ ആധിപത്യം നേടി. ചൈനക്കു ശക്തിവന്നപ്പോള്‍ അവര്‍ അതിര്‍ത്തികളില്‍ കരുത്തുകാട്ടുന്നു. എന്നാല്‍, ഭാരതം ശക്തമായാല്‍ അയല്‍ രാജ്യങ്ങളോടു കൂടുതല്‍ സഹകരണം കാട്ടുകയാവും ചെയ്യുക, മോഹന്‍ ഭാഗവത് വിശദീകരിച്ചു.
ഭാരതത്തിന്റെ പ്രത്യേകത നാനാത്വത്തിലെ ഏകത്വമാണ്. അതിന്റെ കണ്ണി ഹിന്ദുത്വമാണ്. അതിനാധാരം വസുധൈവ കുടുംബകം എന്ന സങ്കല്‍പ്പമാണ്. നാം നമ്മുടെ പൂര്‍വികരായ മഹാന്മാരെ പിന്തുടരണമെന്നു പറഞ്ഞ അദ്ദേഹം സംഘത്തെ അറിയാന്‍ ശരിയായി ആഗ്രഹിക്കുന്നവര്‍ സംഘ ശാഖകളില്‍ നേരിട്ടുവരികതന്നെ വേണമെന്നും പറഞ്ഞു.
മൂന്നു ദിവസത്തെ ശിബിരത്തില്‍ 2250 ബിരുദധാരികളും 750 ബിരുദാനന്തര ബിരുദക്കാരും 507 സാങ്കേതിക വിദഗ്‌ദ്ധരും പങ്കെടുത്തു. 300 വ്യവസായികളും 90 അദ്ധ്യാപകരുമുള്‍പ്പെടെ 5060 പേരാണ് മൂന്നു ദിവസം പരിശീലനം നേടിയത്.
















