കടുത്തുരുത്തി: സൈക്കിള്‍യാത്രക്കാരനായ യുവാവിനെ മദ്യപര്‍ മര്‍ദ്ദിച്ചു. കല്ലറ വാഴക്കാലാ ജംഗ്ഷനില്‍ ബുധനാഴ്ച രാത്രിയിലാണ് സംഭവം. മദ്യപിച്ച് കൂട്ടംകൂടി വഴിയരികില്‍ നിന്നിരുന്നവരാണ് സൈക്കിളില്‍ യാത്ര ചെയ്ത വാഴൂര്‍ കാഞ്ഞിരപാറ വെട്ടുവേലില്‍ പ്രദീപി (28) നെ മര്‍ദ്ദിച്ചത്. ആയാംകുടി ലക്ഷംവീട് കോടതിയിലുള്ള സഹോദരന്റെ വീട്ടിലെത്തി സൈക്കിളില്‍ മടങ്ങുകയായിരുന്നു പ്രദീപ്. നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ ഇയാള്‍ കള്ളനാണ് എന്ന് ആരോപിച്ച് കൈകള്‍ കൂട്ടിക്കെട്ടി വീണ്ടും മര്‍ദ്ദിച്ചു. നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കടുത്തുരുത്തി എസ്്.ഐ കെ. ഉദയപ്പന്റെ നേതൃത്വത്തില്‍ പോലീസ് എത്തിയാണ് ഇയാളെ രക്ഷിച്ചത്.
















