കാരുണ്യപൂര്‍വ്വമുള്ള സമീപനമാണു ശരിയായ പ്രാര്‍ത്ഥന. ആരെങ്കിലുമായി വഴക്കിട്ടാല്‍ ഉടനെ അവരെ ഇല്ലാതാക്കാന്‍ ശത്രുസംഹാരപൂജ ചെയ്യുകയല്ല വേണ്ടത്. തെറ്റു പറ്റാത്തവരായി ലോകത്തില്‍ ആരുമില്ല. നമ്മളിലും ഒരുപാടു തെറ്റുകുറ്റങ്ങള്‍ ഉണ്ട്. അതുകൊണ്ട് അവന്‍ നശിക്കണം എന്നു ചിന്തിക്കുന്നതിനുപകരം ഈശ്വരാ അവന്റെ അഹങ്കാരവും അറിവില്ലായ്‌മയും പൊറുത്ത് അവന് നല്ല ബുദ്ധി നല്‍കണേ എന്നു പ്രാര്‍ത്ഥിക്കുകയാണു വേണ്ടത്. കൊള്ളക്കാരനായിരുന്ന രത്‌നാകരനെ സപ്തര്‍ഷികള്‍ സ്‌നേഹപൂര്‍വം സ്വീകരിച്ച്, ഉപദേശിച്ചപ്പോള്‍ രത്‌നാകരന്‍ തന്റെ തെറ്റു തിരിച്ചറിയുകയും തപസ്സിലൂടെ വാല്മീകി മഹര്‍ഷിയായി മാറുകയും ചെയ്തു. അതു ലോകത്തിനുതന്നെ അനുഗ്രഹമായി. ഇതുപോലെ മറ്റൊരാള്‍ക്കും ജ്ഞാനം പകര്‍ന്നുകൊടുക്കാന്‍ സാധിച്ചില്ലെങ്കിലും അവര്‍ക്കു ശാന്തികൊടുക്കണേ, അവര്‍ക്ക് നല്ലൊരു മനസ്സുണ്ടാകണേ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം.
മറ്റുള്ളവരുടെ വേദന കാണുമ്പോള്‍ അലിയുന്ന മനസ്സ് ആര്‍ക്കുണ്ടോ, കാരുണ്യമുള്ള ഹൃദയമെവിടെയുണ്ടോ അവിടെ ഈശ്വരന്റെ കൃപയുണ്ടാകും. അവരുടെ പ്രാര്‍ത്ഥന ഈശ്വരന്‍ കേള്‍ക്കും, അനുഗ്രഹങ്ങള്‍ അവിടുന്നു സഫലീകരിക്കും.
-മാതാഅമൃതാനന്ദമയി ദേവീ
















