കോട്ടയം: ശ്രീകൃഷ്ണന്‍ പ്രകൃതിയുടെ പ്രതീകമാണെന്ന് ശില്പി കാനായി കുഞ്ഞിരാമന്‍ അഭിപ്രായപ്പെട്ടു. കോട്ടയത്ത് ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലം സംഘടിപ്പിച്ച കൃഷ്ണദര്‍ശന്‍ ജന്മാഷ്ടമി സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷ്ണ സങ്കല്‍പത്തില്‍ പര്‍വ്വതമുണ്ട്. വനമുണ്ട്, പരിസ്ഥിതിയുണ്ട്. പ്രകൃതിക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ കാളിയമര്‍ദ്ദനം തന്നെയാണ്. കൃഷ്ണന്‍ ജാതി മത രാഷ്‌ട്രീയ ചിന്തകള്‍ക്ക് അതീതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വാഗതസംഘം ചെയര്‍മാന്‍ കെ.വി. വിശ്വനാഥന്‍ കുന്നത്തുകളത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസന്നകുമാര്‍ കടമ്മനിട്ട മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് വിഭാഗ് സംഘചാലക് എം.എസ്. പത്മനാഭന്‍, ബാലഗോകുലം രക്ഷാധികാരി പ്രൊഫ. സി.എന്‍. പുരുഷോത്തമന്‍, പ്രൊഫ. ശരത് വി.നാഥ്, കെ.ജി. രഞ്ജിത് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി ചിത്രരചന, ലളിതഗാന മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
















