ബാഗ്ദാദ്: ഇറാക്കില്‍ ഹൈദര്‍ അല്‍ അബ്ബാദിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നു. തിങ്കളാഴ്ച രാത്രി നടന്ന പാര്‍ലമെന്റ് യോഗത്തിലാണ് പുതിയ സര്‍ക്കാറിന് അംഗീകാരം നല്‍കിയത്.
ഒരാഴ്ചയ്‌ക്കുള്ളില്‍ അബാദി ഇറാക്ക് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ആഭ്യന്തരമന്ത്രിയുടെയും പ്രതിരോധ മന്ത്രിയുടെയും കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഒരാഴ്ച കൂടി സാവകാശം ആവശ്യപ്പെട്ടു.
സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി നൂരി അല്‍ മാലികി, മുന്‍ പ്രധാനമന്ത്രി ഇയാദ് അല്ലാവി, മുന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ഉസാമ അല്‍ നുജൈഫി എന്നിവരെ രാജ്യത്തിന്റെ സഹ വൈസ്പ്രസിഡന്റുമാരായി നിയമിച്ച് സര്‍ക്കാറിന്റെ ഭാഗമാക്കിയിട്ടുണ്ട്.
മുന്‍ പ്രധാനമന്ത്രി ഇബ്രാഹിം ജഫാരി വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ സര്‍ക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഐഎസ്എസ് ഭീകരരെ അമര്‍ച്ച ചെയ്യുക എന്നതാണ്.
















