അന്യരോടുള്ള അപാരമായ വാത്സല്യമായിരുന്നു ഗുരുവിന്റെ ജീവിതത്തിലെ വേറൊരു വശം. എന്റെ ആചാര്യന്റെ ജീവിതത്തിലെ പൂര്‍വ്വഭാഗം ആത്മനിഷ്ഠ സമ്പാദിക്കുന്നതിലും ഉത്തരഭാഗം അതു വിതരണം ചെയ്യുന്നതിലുമാണ് ചെലവാക്കപ്പെട്ടത്. ഒരു സന്ന്യാസിയെയോ മഹാപുരുഷനെയോ സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ക്കിവിടെയുള്ള ആചാരസമ്പ്രദായങ്ങളല്ല ഞങ്ങളുടെ രാജ്യത്തെ ജനങ്ങള്‍ക്കുള്ളത്.
ഒരാള്‍ ഏതെങ്കിലുമൊന്നിനെപ്പറ്റി സംശയം ചോദിക്കാന്‍ വരും; ഒരാള്‍ പക്ഷേ നൂറുനൂറു നാഴികദൂരം കാല്‍നടയായി വന്നെത്തും, ഒരു ചോദ്യം ചോദിക്കാന്‍, അവിടുത്തെ തിരുമുഖത്തുനിന്ന് ഒരു വാക്കു കേള്‍ക്കാന്‍: ‘ഗുരോ എന്റെ ബന്ധമോചനത്തിനുതകുന്ന ഒരു മന്ത്രം ഉപദേശിച്ചുതന്നാലും’, അങ്ങനെയാണവര്‍ വരുന്നത്. അവരനവധിപേര്‍ വന്നെത്തുന്നു. ചിട്ടയും ചടങ്ങുമൊന്നുമില്ല; അവിടുത്തെ സാധാരണയായി എവിടെ കാണാനൊക്കുമെന്നാല്‍ അവിടേയ്‌ക്കവര്‍ വന്നുകയറുന്നു.
വല്ല മരത്തിന്റെയും മൂട്ടിലായിരിക്കും അവരവിടുത്തെ കണ്ടെത്തുക; അവര്‍ തങ്ങളുടെ സംശയമറിയിക്കും. ഒരു കൂട്ടം ആളുകള്‍ പോകുന്നതിനുമുമ്പു വേറൊരു സംഘം എത്തിക്കഴിയും. അങ്ങനെ, ഒരാള്‍ വളരെയേറെ പൂജനീയനായിപ്പോയാല്‍, അയാള്‍ക്കു പിന്നെ രാപ്പകല്‍ വിശ്രമം കിട്ടില്ല. അയാള്‍ക്ക് ഇടവിടാതെ സംഭാഷണം ചെയ്യേണ്ടിവരും. തുടര്‍ച്ചയായി അനേകം മണിക്കൂര്‍നേരം ജനങ്ങള്‍ ഒഴുകിവന്നുകൊണ്ടിരിക്കും. ഈ മനുഷ്യന്‍ അവര്‍ക്കെല്ലാം ഉപദേശം നല്‍കികൊണ്ടുമിരിക്കും
.-സ്വാമി വിവേകാനന്ദന്‍
















