കുറ്റകൃത്യങ്ങളുടെ നിരക്ക് നമ്മുടെ സമൂഹത്തില്‍ അപായകരമായ നിലയില്‍ വര്‍ധിച്ചിരിക്കയാണ്. ഒരു സമൂഹത്തിന്റെ ആരോഗ്യം അവിടുത്തെ മനുഷ്യരുടെയും ജീവജാലങ്ങളുടെയും സന്തോഷകരമായ ജീവിതനിലവാരമാണെങ്കില്‍ നമ്മുടെ സമൂഹം രോഗഗ്രസ്തമാണെന്ന കാര്യത്തില്‍ സംശയമേതുമില്ല. ലോകത്ത് ഭൂട്ടാന്‍ മാത്രമാണ് ദേശീയ ഉല്‍പ്പാദനക്ഷമതയേക്കാള്‍ പ്രധാനം ദേശീയ സന്തുഷ്ടിക്ഷമതയാണെന്ന് പ്രഖ്യാപിച്ച് അതിനായി പ്രയത്‌നിക്കുന്ന ഏക രാജ്യം. എത്ര സമ്പത്തുണ്ടായാലും സന്തോഷകരമായ ജീവിതത്തിന് അത് മാത്രം പോരാ എന്ന് സമ്പന്ന രാജ്യങ്ങളിലെ സാമൂഹ്യ അന്തരീക്ഷവും ജനതയുടെ ജീവിത വീക്ഷണവും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഒരേ ഒരു ജീവിതം മാത്രമേ മനുഷ്യനുള്ളൂ എന്ന തെറ്റായ മതപ്രബോധനവും ഭൂമിയിലുള്ള സകല വിഭവങ്ങളും മനുഷ്യന്റെ ആനന്ദത്തിനായി സൃഷ്ടിക്കപ്പെട്ടതാകയാല്‍ ഏതറ്റംവരെയും ചൂഷണം ചെയ്യാം എന്ന ആധുനിക ശാസ്ത്രത്തിന്റെ പ്രേരണയും കൂടിയായപ്പോള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാം കൈപ്പിടിയിലൊതുക്കി ആനന്ദിക്കാമെന്ന ചിന്ത മനുഷ്യസമൂഹത്തെ ഭ്രാന്തമായ ആര്‍ത്തിയുടെയും ക്രൂരതയുടെയും കൂത്തരങ്ങാക്കി മാറ്റിയിരിക്കയാണ്.
പാശ്ചാത്യ ചിന്തയുടെ പിന്‍ബലമുള്ള ആധുനിക ശാസ്ത്ര വിദ്യാഭ്യാസ പരിപാടികള്‍ക്ക് മൂല്യബോധനം ഒരു പാഠ്യവിഷയമല്ല. ശാസ്ത്രവും മതവും തത്വചിന്തയും വ്യത്യസ്ത സരണികളാണ് പാശ്ചാത്യലോകത്ത്. ഇവ തമ്മില്‍ പൊരുത്തമേതുമുള്ളതായി അവര്‍ കരുതുന്നില്ല. അതുകൊണ്ടുതന്നെ ആധുനിക ശാസ്ത്രത്തിന്റെ അപ്രമാദിത്വത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്, ശാസ്ത്രം എല്ലാ പ്രഹേളികകള്‍ക്കുമുള്ള ഉത്തരം നല്‍കും എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മതത്തെയും തത്വശാസ്ത്രത്തെയും വിദ്യാഭ്യാസത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ബുദ്ധിമുട്ടേതുമുണ്ടായില്ല. ഫലമോ? കുഞ്ഞുമനസ്സുകളില്‍ നിന്ന് ജീവിതത്തിന്റെ താളവും ലയവും അര്‍ത്ഥവും പൂര്‍ണതയുമൊക്കെ അപ്രത്യക്ഷമായി. ജീവിതമെന്നാല്‍ ബന്ധപ്പെടല്‍ ആണെന്നും ബന്ധങ്ങള്‍ പരസ്പ്പരപൂരകമായാല്‍ സന്തോഷദായകമായിരിക്കുമെന്നും പഠിക്കാനും പഠിപ്പിക്കാനും ആധുനികവിദ്യാഭ്യാസത്തിന് കഴിയുന്നില്ല. സംഗീത പഠനത്തെക്കാള്‍ പ്രാധാന്യം കമ്പ്യൂട്ടര്‍ പഠനത്തിനാണെന്ന് ഒരു വിദ്യാലയത്തിന്റെ പ്രധാനാദ്ധ്യാപകന്‍ ഒരിക്കല്‍ പറയുന്നത് കേട്ടപ്പോള്‍ ഞാന്‍ ചിന്തിച്ചത് നമ്മുടെ ഭാവിതലമുറകളുടെ ദുര്‍ഗതിയെക്കുറിച്ചായിരുന്നു.
മൂല്യനിരാസം ഒരു സമൂഹത്തില്‍ അരാജകത്വത്തിന് വഴിവക്കും. അരാജകത്വം പ്രതിലോമ ചിന്തകളിലേക്കും തുടര്‍ന്ന് അക്രമത്തിലേക്കും നയിക്കും. ഉന്നതവും അതേസമയം തന്നെ പ്രാപ്യവുമായ ഒരു ലക്ഷ്യം മുന്നിലില്ലാത്തതാണ് നമ്മുടെ ചെറുപ്പക്കാരുടെ പ്രധാന പ്രശ്‌നം. സമ്പത്തുണ്ടാക്കാന്‍ അവര്‍ക്കറിയാം. ഉണ്ടാക്കിയ സമ്പത്ത് എങ്ങനെ വിനിയോഗിക്കണം എന്നവര്‍ക്കറിയില്ല. അവിടെയാണ് ഉത്തരവാദിത്വബോധം ഉണരേണ്ടത്. ധനം ശക്തിയാണ്. എന്നാല്‍ ശക്തി ഗുണപരമായി വിനിയോഗിച്ചില്ലെങ്കില്‍ അത് ആപത്തുണ്ടാക്കും. ദുര്‍ബലരായിരിക്കും ആ ഭാരം കൂടുതല്‍ അനുഭവിക്കേണ്ടി വരിക. ശക്തി രാഷ്‌ട്രനിര്‍മാണത്തിനും അതിലൂടെ ലോകനന്മക്കും ഉപയോഗിക്കാനുള്ള വിവേകവും ഊര്‍ജ്ജവുമാണ് നമ്മുടെ ചെറുപ്പക്കാരില്‍ സന്നിവേശിപ്പിക്കേണ്ടത്.
പൗരസ്ത്യ രാജ്യങ്ങളില്‍ സംസ്‌ക്കാരങ്ങളില്‍ മതവും ശാസ്ത്രവും തത്വചിന്തയും മനുഷ്യന്റെ ജീവിതത്തെ പരസ്പ്പരപ്പൂരകമെന്ന നിലയില്‍ സ്വാധീനിച്ചിരുന്നു. ജീവവികാസം എന്ന മഹാപ്രവാഹത്തില്‍ ഈ മൂന്നു സരണികളും ഒഴുകിച്ചേര്‍ന്ന് മനുഷ്യന്റെ സ്ഥാനവും കടമയും കഴിവുകളും അവനെ ബോധ്യപ്പെടുത്തിയിരുന്നു. ജീവിതനിയമങ്ങളെയും അവയില്‍ നിന്ന് ഉല്‍ഫുല്ലമായ മൂല്യങ്ങളെയും തിരിച്ചറിയുന്നതിലൂടെ മാത്രമേ ലക്ഷ്യബോധത്തോടെ ജീവിക്കാന്‍ ഒരുവന്‍ പ്രാപ്തനാവൂ.
ഭാരതത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഉടച്ചുവാര്‍ത്തുകൊണ്ട് മാത്രമേ നമുക്ക് നവഭാരത സൃഷ്ടിയും അതിലൂടെ നവലോകസൃഷ്ടിയും സാധ്യമാവൂ. ആരൊക്കെ എതിര്‍ത്താലും മനുഷ്യനന്മക്കായി അത് ചെയ്യുക തന്നെ വേണം. കൃത്യമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെ വളച്ചൊടിക്കപ്പെട്ടതും തമസ്‌ക്കരിക്കപ്പെട്ടതുമായ ശുഷ്‌ക്കജ്ഞാനമാണ് നമ്മുടെ വിദ്യാര്‍ത്ഥികള്‍ അവരുടെ മസ്തിഷ്‌കം നിറക്കാനായി വിഴുങ്ങിക്കൊണ്ടിരിക്കുന്നത്. ഒരു നല്ല മനുഷ്യനായിത്തീരാന്‍, ആത്മവിശ്വാസമുള്ള ഒരു പോരാളിയായി ജീവിതായോധനത്തിന് ഇറങ്ങാന്‍ പറ്റിയ വിദ്യാഭ്യാസം നമ്മുടെ കുട്ടികള്‍ക്ക് ലഭിക്കുന്നില്ല. ഈ ശൂന്യതയില്‍ നിന്നാണ് അധമബോധം അവരില്‍ നിറയുന്നത്. ആ അധമബോധത്തെ അതിജീവിക്കാന്‍ അവര്‍ നാനാതരം മാര്‍ഗ്ഗങ്ങള്‍ തേടുന്നു. മദ്യം, മയക്കുമരുന്ന്, അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, ഭീകരപ്രവര്‍ത്തനം തുടങ്ങിയവയൊക്കെ ആധുനിക വിദ്യാഭ്യാസത്തിന്റെ പരാജയത്തില്‍നിന്നാണ് വ്യാപകമായിത്തീര്‍ന്നത്. ‘ഞാനും ഇവിടെയുണ്ട്’ എന്ന് വിളിച്ചുപറയാന്‍ ഓരോ വ്യക്തിയും വെമ്പുകയാണ്. അക്രമം അതിന് പറ്റിയ മാര്‍ഗമായി പലരും കരുതുന്നു. ഉള്‍ക്കരുത്തുള്ളവന് അങ്ങനെ വിളിച്ചുപറഞ്ഞ് തന്റെ സ്വത്വത്തെ ഉറപ്പിക്കേണ്ട കാര്യമില്ല. കൊടുങ്കാറ്റിനെ അതിജീവിച്ച മഹാവൃക്ഷം പോലെ അവന്‍ സമൂഹത്തിന് തണലേകി തലയുയര്‍ത്തി നില്‍ക്കും. അത്തരം ചെറുപ്പക്കാര്‍ നമ്മുടെ വിദ്യാലയങ്ങളില്‍നിന്ന് പുറത്തുവന്നു തുടങ്ങിയാല്‍മാത്രമേ സമൂഹത്തില്‍ എമ്പാടും ഇന്നു കാണുന്ന പുഴുക്കുത്തുകള്‍ മായുകയുള്ളൂ. അതിനായി മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും വഴിതെളിക്കാനും നമ്മുടെ പുതിയ പ്രധാനമന്ത്രിക്ക് കഴിയും എന്ന് ആശിക്കുന്നു.
എസ്.എസ്.ദാസ്
















