Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വെല്ലുവിളികളും പരിഹാരങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:30 pm IST
in Vicharam

ആര്‍ എസ്‌ എസ്‌ സര്‍സംഘചാലക്‌ മോഹന്‍ ഭാഗവത്‌ 2013 വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ നടത്തിയ പ്രസംഗം

ഭാരതവര്‍ഷത്തിലെമ്പാടും നവമി ദിനത്തില്‍ ശക്തിദേവതയുടെയും ആയുധത്തിന്റേയും ആരാധനയായി നടക്കുന്നു. ദശമി സീമോല്ലംഘനത്തിന്റെ, അതായത്‌, അതിരുകള്‍ക്കപ്പുറം പോകുന്നതിന്റെ ദിവസമാണ്‌. ഇന്ന്‌ ഈ രണ്ടു വിശിഷ്ടാഘോഷങ്ങളും ഒന്നിച്ചിരിക്കുന്നു. നമ്മുടെ രാജ്യം ഇന്ന്‌ സങ്കീര്‍ണ്ണവും വെല്ലുവിളിനിറഞ്ഞതുമായ പ്രശ്നങ്ങള്‍ നേരിടുകയാണെന്നും, നമ്മില്‍ അന്തര്‍ലീനമായിരിക്കുന്ന ശക്തിയെ ഉണര്‍ത്തി അശ്രാന്തപരിശ്രമത്തിലൂടെ അവ തരണം ചെയേണ്ടതുണ്ടെന്നും നമുക്കറിയാം. വിവിധ പ്രശ്നങ്ങള്‍ നമ്മെ നേരിടാന്‍ തുടങ്ങിയിട്ട്‌ ഏറെ നാളായി, അവ ഗുരുതരമായ സ്ഥിതിവിശേഷത്തിലെത്തിയിരിക്കുന്നു.

ഒരു ജനാധിപത്യ സമ്പ്രദായത്തില്‍, രാജ്യത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കേണ്ട കടമയുള്ളവര്‍ക്ക്‌ അതില്ലാതെ വരികയും ആ ലക്ഷ്യം സാധിക്കാന്‍ അവര്‍ അയോഗ്യരാണെന്നു വരികയും, അവരുടെ ഉദ്ദേശ്യ ശുദ്ധിതന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നതായി വരുമ്പോള്‍, അര്‍പ്പണവും വീരത്വവും പ്രകടിപ്പിച്ച്‌ ആ വെല്ലുവിളികളെ അതിജീവിക്കാനുള്ള ചുമതലയേല്‍ക്കേണ്ടത്‌ സമൂഹമാണ്‌. നമ്മള്‍ നേരിടുന്ന വെല്ലുവിളികള്‍ ചുരുക്കി പറഞ്ഞാല്‍ത്തന്നെ, അതിന്റെ ഭീമാകാരാവസ്ഥ ബോധ്യപ്പെടും. എല്ലാ വര്‍ഷവും ഈ വേദിയില്‍ ഇതുപോലുള്ള പരിപാടിയില്‍ നമ്മുടെ വെല്ലുവിളികളുടെ സ്വഭാവത്തെയും അവയ്‌ക്കുള്ള പരിഹാരങ്ങളെയും കുറിച്ച്‌ വിശദമായി ചര്‍ച്ചചെയ്യാറുണ്ട്‌ എന്നതിനാല്‍ ഇപ്പോള്‍ അവയെക്കുറിച്ച്‌ ഞാന്‍ വളരെ ചുരുക്കി പറയാം.

രാജ്യത്തെ സാമ്പത്തികാവസ്ഥ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ നേരിട്ടും പെട്ടെന്നും ബാധിക്കുന്നു. നിലയ്‌ക്കാത്ത, അസഹ്യമായ വിലക്കയറ്റത്തിന്റെ ഭാരത്തില്‍ പെട്ടു ഞെരുങ്ങുകയാണ്‌ ഇപ്പോള്‍ സാധാരണ ജനങ്ങള്‍. രണ്ടുവര്‍ഷം മുമ്പുവരെ നമ്മുടെ രാജ്യം ലോകസമ്പദ്‌ രംഗത്ത്‌ അധീശശക്തി ആകുന്നതിനെക്കുറിച്ചുള്ള ശബ്ദകോലാഹലങ്ങള്‍ ഉണ്ടായിരുന്നു. ഇന്നാകട്ടെ നമ്മള്‍ രൂപയുടെ മൂല്യത്തകര്‍ച്ച തടയാനുള്ള ഉപാധികള്‍ തിരയുകയും അതിന്റെ ഫലമായുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി പിടിച്ചു നിര്‍ത്താന്‍ പാടുപെടുകയുമാണ്‌; അതായത്‌, ധനക്കമ്മി, ബജറ്റ്‌ കമ്മി, തകരുന്ന വിദേശ നാണ്യ ശേഖരം തുടങ്ങിയവ സാമ്പത്തിക പ്രതിസന്ധി വിഷയങ്ങള്‍ ഇന്ന്‌ സാധാരണ ചര്‍ചകളിലെ പോലും ചൂടന്‍ വിഷയങ്ങളാണ്‌.
മുരടിച്ചുപോയ സാമ്പത്തിക വളര്‍ച്ച, ആഭ്യന്തരോല്‍പ്പാദനവുമായി തട്ടിച്ചു നോക്കുമ്പോള്‍ വിദേശകടത്തിന്റെ കുത്തനെയുള്ള വര്‍ദ്ധന തുടങ്ങിയവ നമ്മുടെ സമ്പദ്‌രംഗം തെറ്റായ വഴിയിലാണു പോകുന്നതെന്നതിനുദാഹരണമാണ്‌. എന്നാല്‍, ഏറെ അതിശയിപ്പിക്കുന്നത്‌ സര്‍ക്കാര്‍ അതിന്റെ നയങ്ങളും പിടിവാശിയും മാറ്റില്ലെന്നു പറയുന്നതാണ്‌. ഉല്‍പ്പാദന രംഗത്ത്‌, ആഭ്യന്തര സംരംഭകര്‍ക്ക്‌ അവകാശങ്ങള്‍ നിരസിക്കുകയും ഉല്‍പ്പാദനം മൊത്തം വിദേശശക്തികളുടെ കൈകളില്‍ എത്തിക്കുന്നതുമായ നയമാണ്‌ രൂപീകരിക്കുന്നത്‌. രാജ്യത്തിന്റെ വരുമാനത്തില്‍ നല്ലൊരു പങ്കു സംഭാവന നല്‍കുന്ന ചെറുകിട സംരംഭകരും ചെറു വ്യവസായികളും ചില്ലറ വ്യാപാരികളും മറ്റും അവര്‍ക്ക്‌ ഒട്ടും കിടപിടിക്കാന്‍ പറ്റാത്ത വ്യവസ്ഥകളില്‍ വിദേശ കരുത്തന്മാരുമായി മത്സരിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന സാഹചര്യം അവരുടെ സ്വന്തം സര്‍ക്കാര്‍തന്നെ ഉണ്ടാക്കുകയാണ്‌. ഇതിന്റെ ഫലമായി, രാജ്യത്തിന്റെ സ്വാശ്രയ ശക്തിയായ, ആഭ്യന്തര സംരംഭകരുടെയും അതുവഴി സമൂഹത്തിന്റെയാകെ സംരംഭകത്വത്തിന്റെയും ഭാവിക്കുമേല്‍ വലിയൊരു ചോദ്യ ചിഹ്നം തൂങ്ങുകയാണ്‌. തൊഴിലവസരങ്ങള്‍ കുറഞ്ഞു. ജീവനോപാധി തേടി ഗ്രാമങ്ങളില്‍നിന്നു നഗരങ്ങളിലെത്തുന്നവരുടെ എണ്ണം കൂടി, അതിനെ തുടര്‍ന്ന്‌ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒട്ടേറെ പ്രശ്നങ്ങള്‍ ഉടലെടുത്തു. ഏറെ പറയപ്പെടുന്ന ‘പുരോഗതി’ എന്ന കൃത്രിമത്തിളക്കം കൊണ്ട്‌, സാമ്പത്തിക കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍, സാധാരണക്കാര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും നേട്ടമൊന്നുമുണ്ടാക്കിയിട്ടില്ല. പകരം, ഈ സാഹചര്യങ്ങള്‍ ജീവിതാവസ്ഥ കൂടുതല്‍ വിഷമകരമാക്കി. അധികാരത്തിന്റെ ഏറ്റവും മുകള്‍ത്തട്ടിലുള്ളവരുടെ അഴിമതികള്‍ പുറത്തായിട്ടും, അഴിമതിക്കെതിരേയുള്ള പ്രസ്ഥാനങ്ങളിലൂടെ ജനരോഷം സമ്പൂര്‍ണ്ണ ശക്തിയില്‍ പ്രതിഫലിച്ചിട്ടും, അഴിമതിക്കാരായ യഥാര്‍ത്ഥ കുറ്റക്കാര്‍ സ്വതന്ത്രരായി ഇപ്പോഴും വിഹരിക്കുന്നു. അത്തരം ഹീനകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ കര്‍ശന നിയമങ്ങള്‍ നടപ്പാക്കുന്നതിനു പകരം, പഴുതുകള്‍ ഏറിയ നിയമങ്ങളാണ്‌ രാഷ്‌ട്രീയ നേതൃത്വം അവതരിപ്പിക്കുന്നത്‌.

ആയിരം വര്‍ഷങ്ങിലൂടെ അനുഭവിച്ച, പരിസ്ഥിതിയുടെയും ജനാഭിലാഷങ്ങളുടെയും ദേശീയ പാരമ്പര്യത്തിനു നേരേ കണ്ണടച്ച്‌, വോട്ടിലും നോട്ടിലും കണ്ണുനട്ട്‌, വിദേശ മാനദണ്ഡങ്ങളെ അഹങ്കാരത്തോടെ പിന്തുടര്‍ന്ന്‌ നമ്മള്‍ കെട്ടിപ്പൊക്കിയ തെറ്റായ വികസന മാതൃക, പ്രകൃതി വന്‍കോപത്തോടെ തിരിച്ചടിച്ചപ്പോള്‍ അടുത്തിടെ ഉത്തരാഖണ്ഡിന്റെ ഭീതിദമായ തകര്‍ന്നു തരിപ്പണമാകലിനു കാരണമായി. നമ്മുടെ സ്വന്തം പ്രതിഭ അടിസ്ഥാനമാക്കി, സ്വകീയമായ വളര്‍ച്ചാ മാതൃകയില്‍, ആധുനിക സാങ്കേതികതയുടെ ഗുണവും ദോഷവും മനസ്സിരുത്തി, സമകാലിക ലോക സാമ്പത്തിക സംവിധാനവും പ്രവണതയും ഉള്‍ക്കൊണ്ട്‌, ആനുകാലികമായി ഒരുപദ്ധതി വികസിപ്പിച്ചാലേ നമുക്കു വളര്‍ച്ച നേടാനാകൂ, അതിനൊപ്പം അവസാന നിരയിലെ ആളുകള്‍ക്കും നേട്ടമെത്തിക്കാനാകൂ, അവരെ സ്വാശ്രയരാക്കാനാകൂ, അതേ തൊഴില്‍ വളര്‍ത്തൂ, ഗുണനിവാരം കൂട്ടൂ, നീതി നടപ്പാക്കൂ, ചൂഷണങ്ങളില്‍നിന്നു സ്വാതന്ത്ര്യം കൊടുക്കൂ. ഇൗ‍ യാഥാര്‍ത്ഥ്യത്തില്‍നിന്നു മുഖം തിരിച്ചാല്‍ അത്‌ നമ്മുടെ രാഷ്‌ട്രജീവിതത്തിന്റെ ആരോഗ്യത്തെ ബാധിക്കുകയേ ഉള്ളുവെന്ന വസ്തുത നാം മനസിലാക്കണം. ഈ വിശ്വാസത്തിലറുച്ചുനിന്ന്‌ നമ്മുടെ സംവിധാനത്തിന്റെ മുഴുവന്‍ കരുത്തും ഇതേ ദിശയില്‍ തിരിച്ചുവിടാന്‍ നാം ശക്തിയുപയോഗിക്കണം.

ഇതേ കാഴ്ചപ്പാടോടെ, വിദ്യാഭ്യാസത്തെ കച്ചവടവല്‍കരിക്കുന്ന, ഇന്നത്തെ വിദ്യാഭ്യാസ നയത്തില്‍ സമ്പൂര്‍ണ്ണ മാറ്റം കൊണ്ടുവരേണ്ടതുണ്ട്‌, വിദ്യാഭ്യാസം സാധാരണക്കാരുടെ പ്രാപ്യതക്ക്‌ അപ്പുറമായതുകൊണ്ടു മാത്രമല്ല, അതു നമ്മുടെ സദ്ഗുണങ്ങളും സംസ്കാരവും പോഷിപ്പിക്കുന്നതിന്‌ അനുയോജ്യമല്ലാത്തതുകൊണ്ട്കൂടിയാണ്‌. ഈ രംഗത്തെ പ്രാദേശിക മേഖലകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ നിരുത്സാഹപ്പെടുത്തി, വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ക്ഷണിച്ചു വരുത്തി വിദ്യാഭ്യസ മേഖലയാകെ അവരുടെ കീഴില്‍ ആക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളാണ്‌ നടന്നു വരുന്നത്‌. പുതു തലമുറയെ എല്ലാ വിധത്തിലും സജ്ജരാക്കി ഒരു ക്ഷേമരാഷ്‌ട്രം കെട്ടിപ്പടുക്കുന്നതിനുള്ള ഉപകരണമാക്കി അതിനെ മാറ്റുന്നതിനു പകരം, വിദ്യാഭ്യാസ രംഗത്തെ അന്താരാഷ്‌ട്ര കച്ചവടച്ചന്തയാക്കി സാമ്പത്തിക നേട്ടത്തിനു മാത്രമുള്ള മേഖലയാക്കുകയാണെങ്കില്‍, രാഷ്‌ട്രത്തിന്റെ ഭാവി ഇരുളടഞ്ഞതാകുകയും രാഷ്‌ട്രം പടുകുഴിയില്‍ പതിക്കുകയും ചെയ്യും. എന്തായാലും, ഈ അപകടത്തെ തിരിച്ചറിയുന്നതിനാവശ്യമായ വിജ്ഞാനം പ്രദാനം ചെയ്യുന്നതിനു വിദ്യാഭ്യസ മേഖലയെ പ്രാപ്തമാക്കുന്നതിനുള്ള പരിശീലനമല്ല ഇപ്പോള്‍ നല്‍കുന്നതെന്നു വ്യക്തമാകുകയാണ്‌. സ്ത്രീകള്‍ക്കുനേരേ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കുള്ള മുഖ്യ കാരണങ്ങളിലൊന്ന്‌ സംസ്കാരിക മൂല്യങ്ങളുടെ അഭാവമാണ്‌ എന്നകാര്യം മനസിലാക്കിയിരിക്കേണ്ടതത്യാവശ്യമാണ്‌.

സംസ്കാരം പുതിയ തലമുറയിലേക്കു പകരുന്നതിനുള്ള സമ്പ്രദായം നമ്മുടെ കുടുംബ സംവിധാനത്തിലുണ്ട്‌. ഇതു മനസിലാക്കുകയും നമ്മുടെ കുടുംബ സംവിധാനം ഏറെക്കുറെ ലോകത്തെല്ലായിടത്തും അനുകരിച്ചു നടപ്പാക്കുകയും ചെയ്യുന്നു. പക്ഷേ, നമ്മുടെ സംവിധാനത്തിന്റെ പ്രാധാന്യം മനസിലാക്കാതെ, അനാവശ്യ നിയമങ്ങള്‍ കൊണ്ടുവന്ന്‌, നമ്മുടെ കുടുംബാംഗങ്ങള്‍ക്കിടയിലുള്ള വ്യക്തിബന്ധത്തെ ഒരുതരം സാമ്പത്തിക ഇടപാടു മാത്രമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഒരുപക്ഷേ, ഇതു ചെയ്യുന്നത്‌ നല്ല ലക്ഷ്യങ്ങളോടെയാണെന്നുവരികില്‍ പോലും, നമ്മുടെ കുടുംബ സംവിധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌, അതിന്റെ സാമൂഹ്യ സുരക്ഷയുടെയും സാമൂഹ്യ സംരംഭകത്വത്തിന്റെയും കാഴ്ചപ്പാടിനെക്കുറിച്ച്‌, എന്തെങ്കിലും പഠനം നടത്തുകയോ അതെക്കുറിച്ച്‌ ചിന്തിക്കുകയോ ചെയ്തിട്ടില്ലെന്ന കാര്യം സുവ്യക്തമാണ്‌.

നമ്മുടെ ദേശീയ സുരക്ഷക്കു മേല്‍ ഉരുണ്ടുകുടിയിരിക്കുന്ന കാര്‍മേഘങ്ങള്‍ ഇപ്പോഴും തുടരുന്നു. ചൈന ഭാരതാര്‍തിര്‍ത്തികളില്‍ ആവര്‍ത്തിച്ചു കടന്നുകയറി നമ്മുടെ അഭിമാനത്തെപരീക്ഷിക്കുന്നു, അയല്‍ രാജ്യങ്ങളില്‍ സ്വാധീനം വര്‍ദ്ധിപ്പിച്ച്‌ നമ്മെ വളഞ്ഞു പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു, അവരുടെ ഉല്‍പ്പന്നങ്ങള്‍ നമ്മുടെ രാജ്യത്ത്‌ കുമിച്ചുകൂട്ടുന്നു. നാമാകട്ടെ, ശക്തിയോടെയോ ശൗര്യത്തോടെയോ ഈ ഭീഷണിയെ നേരിടാനോ, അതിനോടു പ്രതികരിക്കാനോ തയ്യാറാകുന്നില്ല. ഇത്തരം ഗുരുതരമായ വിഷയങ്ങളില്‍ സമ്പൂര്‍ണ്ണ ചിത്രം നല്‍കി ജനങ്ങളെ ബോധ്യപ്പെടുത്തി അവരെ വിശ്വാസത്തിലെടുക്കാന്‍ തയ്യാറാകുന്നില്ല. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നടത്തുന്ന വെളിപ്പെടുത്തലുകള്‍ അത്തരം സംഭവ വികാസങ്ങളുടെ ഗൗരവം കുറച്ചുകളയുന്നു, എന്നാല്‍, പുറത്തുനിന്നു ശരിയായ വിവരങ്ങള്‍ വെളിച്ചത്തുവരുമ്പോള്‍ അതിര്‍ത്തിയെയും പരമാധികാരത്തെയും മറ്റും സംബന്ധിച്ച നമ്മുടെ വൈകാരികതയേയും ജാഗ്രതയേയും ചോദ്യം ചെയ്യുകയും അത്‌ ഉത്കണ്ഠാ ജനകമായ പ്രശ്നമാക്കുകയും ചെയ്യുന്നു. ഭാരതത്തോടുള്ള പാക്കിസ്ഥാന്റെ നയം ഭാരത വിരുദ്ധമാണെന്നു പലവട്ടം തെളിയിച്ചിട്ടുള്ളതാണ്‌. ഇതറിഞ്ഞുകൊണ്ടെന്തിനാണ്‌ ആരുടെയും ബുദ്ധിശക്തിയെ പരീക്ഷിക്കുന്ന തരത്തിലുള്ള, പാക്കിസ്ഥാന്റെ ദുസ്സാഹസത്തെ പ്രോത്സാഹിപ്പിക്കുന്ന ദുര്‍ബലവും വിനയാന്വിതവുമായ നയം നമ്മള്‍ വച്ചുപുലര്‍ത്തുന്നത്‌? വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ ദേശസ്നേഹികളെ അവഗണിക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്യുകയും വോട്ടുബാങ്ക്‌ രാഷ്‌ട്രീയത്തിന്റെ പേരില്‍ വിഘടന വാദികളായ ഭീകരരെ പ്രീണിപ്പിക്കുയും സഹായിക്കുകയും ചെയ്യുന്നതു തുടരുന്നു. ഈ പ്രദേശത്തിന്റെ വികസനം പണ്ടത്തെപ്പോലെതന്നെ അവഗണിക്കുന്നത്‌ തുടരുന്നു. ഇക്കാലമത്രയും അതിര്‍ത്തികളിലെ റോഡു നിര്‍മ്മാണവും പ്രദേശികമായി ജോലി സാധ്യത കൂട്ടുന്നതു ലക്ഷ്യമിട്ടുള്ള വികസനവും, അതിര്‍ത്തികളില്‍ പട്രോളിംഗ്‌ കൂടുതല്‍ ശക്തമാക്കുന്നതിനു വേണ്ടി സംവിധാനങ്ങള്‍ ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും മറ്റും ഒട്ടും തൃപ്തികരമായ സ്ഥിതിയിലല്ല.

പ്രതിരോധ വേദിയിലെ ഈ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാതിരിക്കുന്ന പ്രതിഭാസം പോലെതന്നെ, ഭാരത വംശജരായ നേപ്പാള്‍, തിബറ്റ്‌, ശ്രീലങ്ക, ബംഗ്ലാദേശ്‌, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മാര്‍, സൗത്ത്‌ ഇസ്റ്റ്‌ ഏഷ്യ എന്നിടങ്ങളിലെ ഭാരതവംശജരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും അവരുമായുള്ള ബന്ധവും സ്നേഹവും ദൃഢമാക്കുന്നതിനും പകരം അവിടെയും ഇതേ ഇരട്ടത്താപ്പു നയം തുടരുന്നതായി നമുക്കു കാണാം.

ആഭ്യന്തര രംഗത്തു നോക്കിയാലും, നമ്മുടെ പ്രതിരോധ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കുക, ആശയവിനിമയ സംവിധാനങ്ങള്‍ സ്വാശ്രയമാക്കുകയും കാലികമാക്കുകയും ചെയ്യുക, പ്രതിരോധ സേനാബലം കൂട്ടുക, അവരുടെ ആത്മവീര്യം ഉയര്‍ത്തുക തുടങ്ങിയ കാര്യങ്ങള്‍ക്കു പകരം പ്രതിരോധ ഉല്‍പ്പാദന രംഗത്തും വിദേശ നിക്ഷേപം നടത്താനാലോചിക്കുകയാണ്‌ ചെയ്യുന്നത്‌, പ്രതിരോധ സേനയുടെ ആത്മവീര്യം തകര്‍ക്കുന്ന മട്ടില്‍ ഒന്നിനു പിറകേ ഒന്നായി സംഭവങ്ങള്‍ ഉണ്ടാവുകയാണ്‌ ചെയ്യുന്നത്‌. ഇതിന്റെ ഫലമായി, നമുക്കെതിരേയുളള, രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള ദുസ്സാഹസങ്ങളെന്ന വെല്ലുവിളികള്‍ നേരിടുന്നതിനുള്ള ശക്തി നമ്മുടെ സൈന്യത്തിന്‌ എത്രയുണ്ടെന്നതിനുദാഹരണമാണ്‌ നമ്മുടെ ഭൗമാതിര്‍ത്തിയില്‍ പാക്കിസ്ഥാനും ചൈനയും നടത്തുന്ന ആവര്‍ത്തിച്ചുള്ള കടന്നുകയറ്റങ്ങളും ജമ്മുവിലെ ഹീരാ നഗറില്‍ സംഭവിച്ചതുപോലെ സൈനിക ക്യാമ്പുകള്‍ ആക്രമിക്കുന്നതുപോലുള്ള സംഭവങ്ങളും കാണിക്കുന്നത്‌.

ആഭ്യന്തര സുരക്ഷാ സംവിധാനവും ഏറെ ഉത്കണ്ഠയുണ്ടാക്കുന്നതാണ്‌. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നു കിട്ടുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിദേശ ആദര്‍ശങ്ങളാല്‍ പ്രചോദിതരായി, അവിടങ്ങളില്‍നിന്ന്‌ എല്ലാത്തരം സഹായവും കിട്ടുന്നവരും അക്രമങ്ങളിലൂടെ ഭാരത ഭരണഘടനയെയും സംവിധാനത്തേയും എല്ലാത്തരത്തിലും അപഹസിക്കുന്നവരും അവരുടെ ശക്തികള്‍ യോജിച്ച പ്രവര്‍ത്തനം നടത്തുന്നു. സാധാരണക്കാരന്റെ ദുരിതപൂര്‍ണ്ണവും ഭയാനകവുമായ ദരിദ്ര ജീവിത സാഹചര്യങ്ങള്‍ ചുഷണം ചെയ്ത്‌ ഇത്തരം ശക്തികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു സൗകര്യം ഒരുക്കുന്നുണ്ട്‌, ഈ വിപത്തിനെ അടിയന്തിരമായി നേരിടണം. ഇതിന്‌ സര്‍ക്കാരും ഭരണസംവിധാനവും കൂടുതല്‍ ഉത്തരവാദിത്തമെടുത്ത്‌, കൂടുതല്‍ സുതാര്യമായി, കാരുണ്യമൊട്ടുമില്ലാതെ അക്രമങ്ങളുടെ വേരു പിഴുതെടുക്കണം. പക്ഷേ, ഇത്രയൊക്കെയായിട്ടും മൃദു സമീപനം മാറ്റുന്നതിനാവശ്യമായ ചങ്കൂറ്റത്തിന്റെ അഭാവം സര്‍ക്കാരില്‍ ഇപ്പോഴും ഉണ്ടെന്നുതന്നെയാണ്‌ കാണുന്നത്‌.

ഈ പ്രശ്നങ്ങളില്‍ കുടുങ്ങിയിരിക്കുന്ന സാധാരണക്കാര്‍ ഏറെ ക്ഷുഭിതരാണ്‌, അവര്‍ മാറ്റം ആഗ്രഹിക്കുന്നു. എന്നിരിക്കലും, ഇന്ത്യന്‍ രാഷ്‌ട്രീയം, വോട്ടുബാങ്കിന്റെ വിഷമ വൃത്തം നല്‍കുന്ന അനുഗ്രഹം ആസ്വദിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ ഒരു മുന്‍ വ്യവസ്ഥകളുമില്ലാതെ ഈ ഭൂമിയില്‍ കാലങ്ങള്‍ക്കപ്പുറം പാരമ്പര്യമായി ജീവിക്കുന്ന ഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹമാണ്‌ ഏറെ ദുരിതം അനുഭവിക്കേണ്ടിവരുന്നത്‌.

അടുത്തിടെ വര്‍ഗ്ഗീയ ഭ്രാന്തു മുഴുത്തവര്‍, ഹിന്ദുക്കള്‍ വെറും 15 ശതമാനം മാത്രമായ ജമ്മുവിലെ കിഷ്ഠ്‌വാറിലെ ഹിന്ദു വ്യാപാരികളുടെ കടകള്‍ കൊള്ളയടിച്ചു. അവിടെ സന്നിഹിതനായിരുന്ന സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ സഹായത്തോടെയും നിര്‍ദ്ദേശത്തോടെയും, മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍, കൊള്ളയും തകര്‍ക്കലും വളരെ സാമ്പ്രദായികമായിത്തന്നെ നടത്തി. ജമ്മുവിന്റെ മറ്റു മേഖലകളില്‍ താമസിക്കുന്ന ദേശപ്രേമികളുടെ ക്ഷിപ്രവും ശക്തവുമായ പ്രതികരണം കൊണ്ടു മാത്രമാണ്‌ അവിടത്തെ ഭാഗ്യഹീനരായ ഹിന്ദുക്കള്‍ രക്ഷപെട്ടത്‌. കോടികള്‍ നഷ്ടം സംഭവിച്ചവര്‍ക്ക്‌ ലക്ഷങ്ങള്‍ നഷ്ടപരിഹാരം കൊടുത്ത്‌ സര്‍ക്കാര്‍ അവരുടെ കര്‍ത്തവ്യം നിര്‍വഹിച്ചതായി അഭിമാനിക്കുന്നു. അതേ സമയം, ഈ ആക്രമണ ഗൂഢാലോചനക്ക്‌ കാരണക്കാരായ മതഭ്രാന്തന്മാരായ വേട്ടക്കാര്‍ക്കെതിരേ എന്തെങ്കിലും കര്‍ക്കശ നടപടി വേണ്ടതുണ്ടെന്നു തോന്നിയതുമില്ല. ഓര്‍ക്കുക, ഈ ജമ്മു-കാശ്മീര്‍ മുഖ്യമന്ത്രിതന്നെയാണ്‌ ഇന്ത്യന്‍ യൂണിയനില്‍ ജമ്മു-കാശ്മീര്‍ സമ്പൂര്‍ണ്ണ ലയനം നടത്തുകയായിരുന്നില്ല, മറിച്ച്‌, വ്യവസ്ഥകളോടെയുള്ള യോജിക്കല്‍ മാത്രമായിരുന്നവെന്ന്‌ അടുത്തിടെ അവിടം സന്ദര്‍ശിച്ച യൂറോപ്യന്‍ പ്രതിനിധികളോടു പറഞ്ഞത്‌. ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും സമര്‍പ്പിതരായ, ജമ്മു-ലഡാക്‌-കാശ്മീര്‍ എന്നീ മുഴുവന്‍ പ്രദേശങ്ങളും ഭാരതത്തിന്റെ ഭാഗമാണെന്നു കണക്കാക്കുന്നവരെ, അധികാരത്തിലിരിക്കുമ്പോള്‍ വഞ്ചനാപരവും നിയമവിരുദ്ധവുമായ എല്ലാത്തരം നടപടികളിലൂടെയും ഇല്ലായ്‌മ ചെയ്യാനുള്ള കളികള്‍ കളിക്കുന്ന അവിടത്തെ രാഷ്‌ട്രീയ ശക്തികളുടെ മാനസികാവസ്ഥയാണ്‌ ആ വാക്കുകളില്‍ വെളിവാകുന്നത്‌. പാക്കിസ്ഥാന്റെ നാലോളം കടന്നുകയറ്റങ്ങളുടെ ഭാഗമായി പാക്‌ അധിനിവേശ കാശ്മീരിലും മറ്റും ഭാഗങ്ങളിലും നിന്ന്‌ അകറ്റപ്പെട്ടു പോയവരേയും കാശ്മീര്‍ താഴ്‌വരയില്‍നിന്ന്‌ പലായനം ചെയ്യേണ്ടിവന്ന ലക്ഷക്കണക്കിനു ഹിന്ദുക്കളേയും സുരക്ഷിതമായും മാന്യമായും പുനരധിവസിപ്പിക്കാമെന്നു നല്‍കിയ വാഗദാനങ്ങള്‍ ഇതുവരെയും പാലിക്കാതെ കിടക്കുമ്പോള്‍ പശ്ചാത്താപം പ്രകടിപ്പിച്ച മുന്‍ ഭീകരവാദികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി സംസ്ഥാനത്ത്‌ കൊണ്ടുവരാന്‍ പോകുന്നത്‌ മനസിലാക്കാനാവാത്തതാണ്‌. ആയിരക്കണക്കിനു മുന്‍ ഭീകരരെ തിരികെ കൊണ്ടുവരാന്‍, നിലവിലുള്ള രണ്ടു മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരിക്കെ അതു വെടിഞ്ഞ്‌, മൂന്നാമതൊരു രഹസ്യമായ വഴി, അതായത്‌, നേപ്പാള്‍ അതിര്‍ത്തി തിരക്കിട്ടു തിരഞ്ഞെടുക്കുന്നത്‌ ജനസംഖ്യാപരമായ അസംതുലിതാവസ്ഥ കൂടുതല്‍ കുഴപ്പത്തിലാകാന്‍ കാരണമാകും. ജമ്മു മേഖലയില്‍ അവര്‍ ആഗ്രഹിക്കുന്നത്‌ ദോദ, കിഷ്ഠ്വാര്‍, പൂഞ്ച്‌, രജൗരി എന്നിവിടങ്ങളില്‍ നിന്ന്‌ തുടക്കം കുറിക്കാനാണ്‌. ഭീകര പ്രവര്‍ത്തനങ്ങളിലൂടെയും ഭീഷണികളിലൂടെയും ഇവിടെ രാജ്യസ്നേഹികളുടെ എണ്ണം കുറച്ച്‌, ബംഗ്ലാദേശികളും റോഹിംഗകളുമടങ്ങുന്നവരുടെ എണ്ണം ഇവിടെ കൂട്ടുവാനുള്ള ഗൂഢാലോചനയാണിത്‌. അടുത്തിടെ കിഷ്ഠ്‌വാറില്‍ സംഭവിച്ചത്‌ അതിന്റെ ഭാഗമാണ്‌. നിര്‍ഭാഗ്യകരമെന്നു പറയാം കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദശകത്തില്‍ നടത്തിയ രാഷ്‌ട്രീയം അത്തരക്കാരെ സഹായിക്കുന്നതാണ്‌.

ദേശീയവാദികളേയും രാഷ്‌ട്ര സ്നേഹികളേയും അടിച്ചമര്‍ത്തി, അധികാരത്തിന്റെ അന്ധമായ ഭ്രാന്തു പിടിച്ചവര്‍ ദേശീയ തല്‍പര്യങ്ങളേക്കാള്‍ വളഞ്ഞവഴിക്കുള്ള രാഷ്‌ട്രീയം കളിച്ചതിന്റെ മറ്റൊരു ഉദാഹരണമാണ്‌ ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറില്‍ അടുത്തിടെ സംഭവിച്ചത്‌. സംതുലനം നടത്താനുള്ള തിരക്കിനിടെ,സര്‍ക്കാര്‍ കണ്ടില്ലെന്നു നടിച്ച, സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെ്‌യത, ആസൂത്രണങ്ങളിലൂടെ ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവര്‍ നടത്തിയ ഏകപക്ഷീയമായ ആക്രമണമാണ്‌ അവിടെ നടന്നത്‌. അവിടെ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ, നിയമങ്ങളും ഭരണഘടനയും പിന്നാമ്പുറത്തേക്കു തളളിക്കൊണ്ട്‌, ന്യൂനപക്ഷ വോട്ടിനു വേണ്ടി രാഷ്‌ട്രീയ നേതാക്കള്‍ തമ്മില്‍, അവരെ പ്രീണിപ്പിക്കാന്‍ മത്സരിക്കുകയായിരുന്നു. അധികാരത്തില്‍ വന്നശേഷം, നിയമപ്രകാരമുള്ള ഔദ്യോഗിക നടപടികള്‍ നിര്‍വഹിച്ച ഒരു ഐഎഎസ്‌ ഉദ്യോഗസ്ഥയെ കുറ്റം ചുമത്തി സസ്പന്‍ഡു ചെയ്തു. സമാധാനപരമായും നിയമപരമായും നടന്ന അയോദ്ധ്യാ പരിക്രമണ യാത്രക്കുമേല്‍ അകാരണമായി നിരോധനം ചുമത്തി വിവാദമുണ്ടാക്കി, മതേതരത്വത്തിന്റെ മറവില്‍ വര്‍ഗ്ഗീയ വികാരം ആളിക്കത്തിക്കാനുള്ള കളികള്‍ നടത്തി. അത്തരം ജനവിരുദ്ധ നയങ്ങള്‍ പൊതു വികാരം എതിരാക്കി, സര്‍ക്കാരിനു നിയന്ത്രണം ഇല്ലാതായി, ഭരണം അവതാളത്തിലായി. ഇപ്പോഴും യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നതിനു പകരം, കുറ്റം മുഴുവന്‍ ഹിന്ദു സമൂഹത്തിനും സത്യം വിളിച്ചു പറയാന്‍ തയ്യാറായവരുടെ മേലിലും ചുമത്താന്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ വഴി അവര്‍ ശ്രമിക്കുകയാണ്‌.

ഇത്തരം, അതിക്രമങ്ങള്‍ക്കു പിന്നിലുള്ള ഭകീരവാദ, അസഹിഷ്ണുക്കളായ, വര്‍ഗ്ഗീയ ശക്തികളും അവരുമായി കൂട്ടുചേര്‍ന്നു പ്രവര്‍ത്തിക്കുകയും അവര്‍ക്കു കരുത്തുപകരുകയും ചെയ്യുന്നവരുടെ നിലപാടു പുറത്താവുകയായിരുന്നു, നെയ്‌റോബിയിലെ മാളിലും പെഷവാറിലെ പള്ളിയിലും നടന്ന മനുഷ്യക്കുരുതികളിലൂടെ. പക്ഷേ, അധികാരക്കൊതിയില്‍ കണ്ണുകാണാതായ നമ്മുടെ രാഷ്‌ട്രീയക്കാര്‍ ഈ യാഥാര്‍ത്ഥ്യം കാണാന്‍ കഴിയുന്നവരല്ല, അതു പകല്‍ വെളിച്ചത്തിലാണെങ്കില്‍കൂടിയും. രാഷ്‌ട്രീയക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന മുഴുത്ത സ്വാര്‍ത്ഥതയുടെ കൂടുതല്‍ തെളിവുകള്‍ സുവ്യക്തമായി പുറത്തു വരുന്നുണ്ട്‌.

നിര്‍ഭാഗ്യകരമെന്നു പറയാം, സര്‍ക്കാര്‍ കാര്യങ്ങളില്‍ മുഴുകിയിരിക്കുന്നവര്‍, അവര്‍ എല്ലാ പൗരന്‍മാരെയും ഒരുപോലെ കാണുമെന്നു പ്രതിജ്ഞയെടുത്തിട്ടുള്ളവരാണെങ്കിലും ഹിന്ദുക്കളെ ചിന്തകളിലും വാക്കിലും പ്രവര്‍ത്തനങ്ങളിലും വേര്‍തിരിച്ചു കാണുകയും ന്യൂനപക്ഷമെന്നു പറയപ്പെടുന്നവരെ പരസ്യമായി പ്രീണിപ്പിക്കുകയും ചെയ്യുന്നു. ന്യൂനപക്ഷമെന്നു പറയപ്പെടുന്ന യുവാക്കളോട്‌ മൃദുസമീപനം കൈക്കൊള്ളണമെന്ന്‌ സംസ്ഥാന സര്‍ക്കാരുകളോട്‌ ആവശ്യപ്പെട്ട്‌ കേന്ദ്ര ആഭ്യന്തര വകുപ്പുമന്ത്രി അയച്ച നിര്‍ദ്ദേശവും തമിഴ്‌നാട്ടില്‍ മതമൗലിക വാദികള്‍ ഹിന്ദു നേതാക്കളെ കൊലപ്പെടുത്തിയ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അന്വേഷണ ഏജന്‍സികള്‍ കാണിച്ച താല്‍പര്യമില്ലായ്‌മയും അവഗണനയും മറ്റും രാജ്യത്തെ സമൂഹത്തെ ഒന്നായും യോജിച്ചും കാണാന്‍ അനുവദിക്കുന്നതരത്തിലല്ല ഇന്നത്തെ രാഷ്‌ട്രീയ ശീലങ്ങള്‍ എന്നു പറയാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കുകയാണ്‌. ഹിന്ദു സമൂഹത്തിനു മേലുള്ള ലജ്ജാകരമായ ഈ അധിക്ഷേപങ്ങള്‍ തുടരുകയാണ്‌. ഈ മനസ്ഥിതി മൂലം പ്രിവന്‍ഷന്‍ ഓഫ്‌ കമ്മ്യൂണല്‍ ആന്റ്‌ ടാര്‍ഗറ്റഡ്‌ വയലന്‍സ്‌ ബില്‍- 2011 എന്ന പേരില്‍ തികച്ചും നിയമവിരുദ്ധമായ ഒരു ബില്‍തന്നെ കൊണ്ടുവരാന്‍ ശ്രമം നടത്തി.

വര്‍ഗീയാടിസ്ഥാനത്തില്‍ സംവരണത്തിന്‌ വ്യവസ്ഥകൊണ്ടുവന്നു. നികുതിദായകരുടെ പണം ധൂര്‍ത്തടിച്ച്‌ അത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നവരും അഴിമതിക്കാരും സര്‍ക്കാരിന്റെ ഒഴിഞ്ഞ ഖജനാവു നിറയ്‌ക്കാന്‍ ഹിന്ദു ക്ഷേത്രങ്ങളുടെ സ്വര്‍ണ്ണശേഖരത്തില്‍ കണ്ണുവെക്കുന്നു. അധികാരകൊതിയ?ാ‍രായ കേന്ദ്രത്തിലെ ഭരണാധികാരികള്‍, പൗരന്‍മാരുടെ മാന്യതയെ ബഹുമാനിക്കാതെ, പരിസ്ഥിതി സംരക്ഷണമോ, സമുദ്രാതിര്‍ത്തികാക്കലോ, തോറിയം പോലുള്ള പ്രകൃതിധാതു സംരക്ഷിക്കലോ, തീരപ്രദേശത്തെ ജനങ്ങളുടെ ജീവനോപാധി കാക്കലോ ഒന്നും പരിഗണനക്കെടുക്കാതെ, അധികാരത്തോടുള്ള അവരുടെ ആര്‍ത്തി ഒന്നുകൊണ്ടുമാത്രം, അവര്‍ തന്നെ നിയോഗിച്ച ഒരു കമ്മറ്റിയുടെ ശുപാര്‍ശ അവഗണിച്ച്‌, ശ്രീരാമസേതു തകര്‍ത്തുകളയുന്ന രാമസേതു പദ്ധതിക്കുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നു.

രാജ്യത്തുനിലനില്‍ക്കുന്ന സ്ഥിതിവിശേഷം മുഴുവന്‍ ജനങ്ങളേയും നേരിട്ടുബാധിക്കുന്നതായിട്ടുണ്ട്‌. നമ്മുടെ ഭരണാധികാരികളായി രാഷ്‌ട്രീയനേതാക്കളെ തെരഞ്ഞെടുക്കുന്ന നമ്മള്‍ സാധാരണ ജനങ്ങളാണ്‌. അതുകൊണ്ട്‌ ഇത്തരം സാഹചര്യങ്ങളെക്കുറിച്ച്‌ നമ്മള്‍ ചര്‍ച്ചചെയ്യുന്നത്‌ ഭയപ്പെടാനല്ല മറിച്ച്‌ പരിഹാരം ഉണ്ടാകാന്‍ വേണ്ടിയാകണം. ഭാഗ്യം കൊണ്ട്‌, നമ്മുടെ ജനസംഖ്യയില്‍ നല്ലൊരു വിഭാഗം യുവാക്കളാണ്‌, ഓജസ്സും, ദൃഢവിശ്വാസവും, പ്രതീക്ഷയും, ശുദ്ധഹൃദയവുമുള്ളവര്‍. അതിനാല്‍ത്തന്നെ കൃത്യമായ, സംയുക്തമായ പരിശ്രമം ഫലം കാണുകതന്നെ ചെയ്യും.

ഈ കാഴ്ചപ്പാടില്‍ അടിയന്തരവും താല്‍ക്കാലികവുമായ കടമ നമുക്ക്‌ മുന്നിലുണ്ട്‌. ജനാധിപത്യത്തില്‍ മത്സരിക്കുന്നവര്‍ക്ക്‌ അത്‌ രാഷ്‌ട്രീയം മാത്രമായിരിക്കാമെങ്കിലും, നമ്മള്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം നമ്മുടെ ജനാധിപത്യപരമായ സമ്മതിദാനാവകാശം രേഖപ്പെടുത്താനുള്ള അവസരമാണ്‌. അടുത്തുതന്നെ വോട്ടര്‍മാര്‍ക്ക്‌ അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ അവസരം കൈവരും. നമുക്ക്‌ യുവവോട്ടര്‍മാരുടെ വന്‍നിരയുണ്ട്‌. വോട്ടുചെയ്യുന്നതിന്‌ മുന്നോടിയായി ആദ്യമായും പ്രധാനമായും ഉറപ്പാക്കേണ്ടത്‌ നമ്മുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന കാര്യമാണ്‌. 100 ശതമാനം വോട്ട്‌ ജനാധിപത്യത്തെ കരുത്തുറ്റതാക്കും. മത്സരിക്കുന്ന പാര്‍ട്ടികളുടെ നയങ്ങളും സ്ഥാനാര്‍ത്ഥികളുടെ വ്യക്തിത്വവും നമ്മള്‍ സൂക്ഷ്മമായി വിലയിരുത്തിവേണം വോട്ടവകാശം വിനിയോഗിക്കാന്‍. ഒരുതരത്തിലുള്ള മോഹിപ്പിക്കുന്ന പ്രചാരണത്തിനും തന്ത്രത്തിനും ഇരയാവരുത്‌, ഇടുങ്ങിയ മനസ്ഥിതിക്കോ, തരംതാണ വികാരങ്ങള്‍ക്കോ വശംവദരാകാന്‍ അനുവദിക്കരുത്‌. പ്രശ്നാധിഷ്ഠിതമായിരിക്കണം നമ്മുടെ വോട്ടുചെയ്യല്‍, രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന പാര്‍ട്ടിക്കും വ്യക്തിത്വമുള്ള സ്ഥാനാര്‍ത്ഥികള്‍ക്കും വേണം വോട്ടുചെയ്യാന്‍. തെരഞ്ഞെടുപ്പ്‌ പ്രക്രിയയേയും ബന്ധപ്പെട്ട വ്യക്തികളേയും സക്രിയമായി പരിഗണിച്ചുവേണം ഇതു നിര്‍വ്വഹിക്കാന്‍.

പക്ഷേ വോട്ടുചെയ്ത്‌ തെരഞ്ഞെടുക്കപ്പെടുന്നവരുടെ തോളില്‍ ഭാരമേല്‍പ്പിച്ചാല്‍ നമ്മുടെ ജോലി തീരുന്നില്ല. ശക്തിപ്പെടുത്തലും മെച്ചപ്പെടുത്തലും നമ്മുടെ വ്യക്തിജീവിതത്തില്‍ നിന്നുതുടങ്ങണം. ശാരീരിക, മാനസിക, ബൗദ്ധിക ശാക്തീകരണം ദൈനംദിന പ്രവര്‍ത്തനത്തിലൂടെ നടക്കണം. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ച്‌ അറിവുനേടണം, അതിന്റെ മഹത്വം, ഇന്നത്തെ സ്ഥിതി തുടങ്ങിയവ പക്ഷപാതപരമല്ലാതെ മനസ്സിലാക്കണം. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച്‌, നിസ്വാര്‍ത്ഥവും ത്യാഗപൂര്‍ണവുമായ ജീവിതം നയിച്ച മഹാത്മാക്കളുടെ ചിന്തയില്‍ നിന്ന്‌, അവര്‍ നയിച്ച ജീവിത ധര്‍മ്മങ്ങളില്‍ നിന്ന്‌ മനസ്സിലാക്കണം. അവ നമുക്കുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങളാണ്‌. കഠിനപ്രയത്നത്തിലൂടെ നാം നേടുന്ന കീര്‍ത്തിയും വിജയവും നമ്മുടെ വ്യക്തിപരമായ സ്വാര്‍ത്ഥതക്കായി ഒതുക്കാതെ, സമൂഹത്തിന്റെ നന്‍മയ്‌ക്കും മാനവികതക്കും സേവനത്തിനും വിനിയോഗിക്കുമെന്നും നമുക്ക്‌ ശപഥമെടുക്കാം, ഈ ശ്രേഷ്ഠദിനത്തില്‍. രാഷ്‌ട്രത്തിന്റെ രൂപത്തില്‍ ഈശ്വരനെക്കണ്ട്‌ നമ്മുടെ ഇടുങ്ങിയ സ്വകാര്യമായ പരിമിതികളെ എല്ലാം നിശ്ശേഷം ഇല്ലാതാക്കി അവിടേക്ക്‌ സമര്‍പ്പിക്കാമെന്നും പ്രതിജ്ഞയെടുക്കാം. ഒരു സ്വാര്‍ത്ഥതാല്‍പര്യവുമില്ലാതെ, മറ്റുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച്‌, സാമൂഹ്യ ന?ക്കുള്ള പ്രവര്‍ത്തനങ്ങളില്‍ ബുദ്ധിപൂര്‍വം പങ്കാളിയാകുമെന്ന്‌ നമുക്ക്‌ പ്രതിബദ്ധരാവാം. സര്‍ക്കാരിനാണ്‌ ക്രമസമാധാനം സംരക്ഷിക്കേണ്ട ചുമതലയെങ്കില്‍ത്തന്നെയും നിത്യജീവിതത്തില്‍ ക്രമസമാധാനം സ്വയംപാലിക്കാന്‍ സമൂഹത്തിന്‌ തുല്യമായ കടമയുണ്ട്‌. ഇവിടെ തുടങ്ങുന്നു, അഴിമതിമുക്തമായ, ശുദ്ധവും നിര്‍മ്മലവുമായ പൊതുജീവിതം. ഒരു ജനാധിപത്യസംവിധാനത്തില്‍ നീതിരഹിതവും തെറ്റായതുമായ നിയമങ്ങള്‍ നീക്കണമെന്ന്‌ ഭരണഘടനയും നിയമങ്ങളും അനുശാസിക്കുന്ന പരിധിക്കുള്ളില്‍ നിന്ന്‌ പ്രക്ഷോഭം നടത്താന്‍ ജനങ്ങള്‍ക്ക്‌ അവകാശമുണ്ട്‌. അതേസമയം തന്നെ രാജ്യത്തെ നിയമം അനുസരിച്ച്‌ പൗരന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനും ഒരാള്‍ക്ക്‌ ബാധ്യതയുണ്ട്‌. അങ്ങനെ നാമോരോരുത്തരുടേയും ചുമതലയാണ്‌ ആ രീതിയില്‍ ജീവിച്ച്‌ ഒരു മാതൃകയാകുക എന്നത്‌.

ഭാരതീയ കാഴ്ചപ്പാടനുസരിച്ച്‌ കുടുംബമാണ്‌ സാമൂഹ്യ സംവിധാനത്തിലെ അടിസ്ഥാനഘടകം. സമൂഹത്തിന്റെ ഏറ്റവും സൂക്ഷ്മമായ രൂപം. അതിനാല്‍ എന്തു പരിവര്‍ത്തനം വരാന്‍ ആഗ്രഹിക്കുന്നുവോ അതിന്‌ സ്വന്തം കുടുംബത്തിന്റെ സ്വഭാവത്തിലും അന്തരീക്ഷത്തിലും മാറ്റം വരുത്തണം. ലാളിത്യം, സത്യസന്ധത, വിശുദ്ധി, നൈര്‍മല്യം, സ്നേഹം തുടങ്ങിയവ കുടുംബജീവിതത്തില്‍ പ്രത്യക്ഷമാകണം. നമ്മുടെ കുടുംബത്തിലെ സ്ത്രീകള്‍ സാമൂഹ്യമായി പ്രബുദ്ധരും സക്രിയരുമാണെന്ന്‌ ഉറപ്പാക്കണം. ജലോപയോഗം, വൈദ്യുതി തുടങ്ങിയ ഊര്‍ജത്തിന്റെ വിനിയോഗം, പരിസ്ഥിതി സംരക്ഷണം, സ്വദേശിശീലം, നമ്മുടെ വീട്ടിലും സമ്പര്‍ക്കത്തിലും വരുന്നവരോട്‌ സ്നേഹം, ആഭിമുഖ്യം, ബഹുമാനം, തുല്യത തുടങ്ങിയ വികാരം പ്രകടിപ്പിക്കല്‍ തുടങ്ങിയവയില്‍ നമ്മുടെ കുടുംബം മാതൃകയാകണം. വീട്ടിലെ എല്ലാവരും ജ?ം കൊണ്ടുള്ള ഉച്ചനീചത്വത്തിനും, മോശം പെരുമാറ്റത്തിനും, മേല്‍ക്കോയ്‌മയ്‌ക്കും ജാതി-മതം-രാഷ്‌ട്രീയം-ഭാഷ-പ്രദേശികത തുടങ്ങിയ വികാരങ്ങള്‍ക്കും അതീതരാകുകയും വേണം. അവരുടെ ചിന്തയും സ്വഭാവവും പ്രവൃത്തിയും സഹിഷ്ണുതയുള്ളതും അഹംബുദ്ധിയില്ലാത്തതുമാക്കണം. അയല്‍ക്കാരുടെ ദുഃഖവും സന്തോഷവും പങ്കുവെക്കാന്‍ കഴിയുന്ന നമ്മുടെ കുടുംബം സാമൂഹ്യപെരുമാറ്റങ്ങളില്‍ ഉദാഹരണമാകണം.

സാമൂഹ്യവിഷയങ്ങള്‍ സക്രിയമായി പരിഗണിക്കാന്‍ കഴിഞ്ഞാല്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള വേര്‍തിരിവുകളുടെയും പൊങ്ങച്ചങ്ങളുടെയും ദോഷങ്ങള്‍ മാറ്റാന്‍ നമുക്കാവില്ലെ? നമ്മുടെ ആരാധനാലയങ്ങളും കുടിവെള്ള സ്രോതസ്സുകളും ശ്മശാനങ്ങളും ഹിന്ദുക്കള്‍ക്കെല്ലാവര്‍ക്കുമായി തുറന്നുകൊടുത്ത്‌ ഒരു പുതിയ, സമരസപ്പെട്ട ജീവിതത്തിനു കഴിയുകയില്ലെ? ഇതു മാത്രമാണ്‌ സമൂഹത്തെ മുഴുവന്‍ സദ്ധര്‍മത്തിന്റെ വശത്ത്‌ കൊണ്ടുവന്ന്‌ സദ്പ്രവര്‍ത്തികള്‍ ചെയ്യിക്കാനും അവരെ ‘ഭാരതഭക്തി’യുടെ ഒരേ ചരടില്‍ കോര്‍ത്തിണക്കാനും പറ്റുന്ന ഏക മാര്‍ഗം. രാജ്യത്തിന്റെ നയത്തിലും സംവിധാനത്തിലും ആവശ്യമായ മാറ്റം വരുത്തി, സാമൂഹ്യമാറ്റം സാധ്യമാക്കാന്‍ എല്ലാ ഗ്രാമത്തിലും കോളനിയിലും ഇടവഴികളിലും കുറുക്കുവഴികളിലും ഇത്തരം ഉയര്‍ന്ന സ്വഭാവവിശേഷം നടപ്പിലാക്കി മാത്രമേ സാധിക്കൂ.

മേല്‍പ്പറഞ്ഞ കടമകള്‍ നിര്‍വഹിക്കാന്‍ സ്വയംസേവകര്‍ സ്വാഭാവികമായും സമൂഹത്തിന്‌ മുന്നില്‍ ഒരു മാതൃകയാകണമെന്ന കാര്യം പറയേണ്ട ആവശ്യമില്ല. കാരണം, സക്രിയമായ, സമരസമായ, സംഘടിതമായ സമൂഹം ലക്ഷ്യമിട്ടാണ്‌ രാഷ്‌ട്രിയ സ്വയംസേവക സംഘം കഴിഞ്ഞ 88 വര്‍ഷമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.

സ്വാമി വിവേകാനന്ദന്റെ 150-ാ‍ം ജന്മവാര്‍ഷികാഘോഷങ്ങള്‍ സമാപനത്തോടടുത്തുകൊണ്ടിരിക്കെ സ്വാമിജിയും വിഭാവനം ചെയ്തത്‌ നമ്മുടെ രാഷ്‌ട്രത്തിന്റെ പുനരുജ്ജീവനത്തിന്‌ ഇതേ വഴികളാണ്‌ എന്ന്‌ നാം ചിന്തിക്കണം. അദ്ദേഹം സമൂഹത്തിനോട്‌ വ്യക്തമാക്കി, രാഷ്‌ട്രത്തിനുവേണ്ടി സര്‍വവും സമര്‍പ്പിക്കാന്‍ തയ്യാറായ, സ്വഭാവവൈശിഷ്ട്യത്തിലൂടെ സംശുദ്ധമായ സ്വഭാവം കൈവരിച്ച, സ്വാര്‍ത്ഥമുക്തമായ മനസ്സുള്ള, വജ്രംപോലെ കഠിനമായ മനസ്സുള്ള, കീഴടക്കാനാവാത്ത ഉത്സാഹശീലവും സ്നേഹവുമുള്ള യുവാക്കള്‍ക്ക്‌ മാത്രമേ ഭാരതമാതാവിനെ വിശ്വഗുരുവിന്റെ സിംഹാസനത്തില്‍ അഭിഷേകിക്കുവാനാകൂ എന്ന്‌.

“ഉണരുക, എഴുന്നേല്‍ക്കുക, ലക്ഷ്യം കാണുംവരെ പ്രവര്‍ത്തിക്കുക”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

പുതിയ വാര്‍ത്തകള്‍

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.