541. ഭക്തിഗമ്യഃ – ഈശ്വരനെ തന്നില്‍നിന്നു വേറെയാക്കി ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നതാണു ഗൗണഭക്തി. ശ്രവണം, കീര്‍ത്തനം, സ്മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിങ്ങനെ ഗൗണഭക്തിക്ക് പല രൂപങ്ങളുണ്ട്. ഗൗണഭക്തിയുടെ പ്രകടനമാണു പൂജ. ഇത് ബാഹ്യപൂജയെന്നും ആഭ്യന്തര പൂജയെന്നും രണ്ടുതരത്തിലാകാം. ആരാധ്യമായ ഈശ്വരചൈതന്യത്തെ തന്റെ മനസ്സിനിണങ്ങിയ രൂപത്തിലുള്ള ചിത്രം, വിഗ്രഹം, മറ്റു പ്രതീകങ്ങള്‍ തുടങ്ങിയവയില്‍ സങ്കല്‍പിച്ച് അര്‍ഘ്യം, പാദ്യം, പീഠം, സ്‌നാനം, വസ്ത്രം, ആഭരണം, കളഭം തുടങ്ങിയ പ്രസാധന വസ്തുക്കള്‍, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ അര്‍പ്പിച്ച് സ്‌തോത്രം മന്ത്രം തുടങ്ങിയവകൊണ്ട് സ്തുതിച്ച് ധൂപം, ദീപം, നീരാജനം എന്നിവകൊണ്ടു പ്രസാദിപ്പിക്കുന്നതു ബാഹ്യപൂജ. ഇതിനു ഉപകരണങ്ങളായി പൂജാ പാത്രങ്ങളും പൂജാദ്രവ്യങ്ങളും വേണം. മനുഷ്യശരീരത്തെ പൂജയ്‌ക്കു സഹായിയാക്കി മുദ്രകള്‍, നമസ്‌ക്കാരം തുടങ്ങിയവയും ബാഹ്യപൂജയുടെ ഭാഗമാണ്. ഇതെല്ലാം മനസ്സുകൊണ്ടു സങ്കല്‍പിച്ചു പൂജിക്കുന്നതു ആഭ്യന്തരപൂജ അഥവാ മാനസപൂജ.
ഗൗണഭക്തിയെക്കാള്‍ ശ്രേഷ്ഠം പരാഷഭക്തിയാണ്. പക്ഷേ അത് സാധാരണവ്യക്തികള്‍ക്ക് അപ്രാപ്യമാണ്. അതുകൊണ്ട് മഹാന്മാരായ ഋഷിമാരും ഈശ്വരന്മാര്‍പോലും ബാഹ്യപൂജയോ മാനസപൂജയോ ഭക്തിയുടെ പ്രയോഗരീതിയായി സ്വീകരിക്കാറുണ്ട്. ഏതുതരം ഭക്തി സ്വീകരിച്ചാലും അതിലൂടെ ഗുരുവായൂരപ്പനെ പ്രാപിക്കാന്‍ കഴിയും. ”നമേ ഭക്തഃ പ്രണശ്വതി” (എന്റെ ഭക്തന്‍ നശിക്കുന്നില്ല) എന്നു ഭഗവാന്‍ അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നുണ്ട്. ഭഗവദ്ഗീത 9.31.
542. ഭയാപഹഃ – ഭയത്തെ നശിപ്പിക്കുന്നവന്‍. ഭയത്തിനു മുഖ്യകാരണം അജ്ഞതയാണ്. ഭഗവാനെ സ്മരിക്കുന്ന നിമിഷത്തില്‍ അജ്ഞത നശിക്കും. അജ്ഞത മാറി ജ്ഞാനം പ്രകാശിക്കുമ്പോള്‍ ഭയം സ്വാഭാവികമായി നശിക്കും. ഭഗവാനെ ആശ്രയിക്കുന്നവര്‍ക്ക് ഒന്നിനെയും ഭയപ്പെടേണ്ടതില്ല. ഭഗവാന്റെ കാരുണ്യം അഭേദ്യമായ കവചമായി ഭക്തനെ രക്ഷിക്കും. ലോകത്തിന്റെ ഭയം നശിപ്പിക്കാനാണു ഭഗവാന്‍ പല അവതാരങ്ങള്‍ സ്വീകരിച്ചത്. അവതാരങ്ങള്‍ തുടര്‍ച്ചയായി എപ്പോഴും എല്ലായിടത്തും ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. അതു തിരിച്ചറിയാന്‍ നമുക്കു കഴിവില്ല. അറിയേണ്ട ആവശ്യവുമില്ല. ഭഗവാന്റെ കാരുണ്യം അമ്മയുടെ വാത്സല്യംപോലെയാണ്. കുഞ്ഞിന് ഭയം ഉണ്ടാകാതെ അമ്മ രക്ഷിക്കുന്നത് കുഞ്ഞിന്റെ അപേക്ഷപ്രകാരമല്ലല്ലോ. ഭയമുണ്ടാകാതെ രക്ഷിക്കണേ എന്ന് അപേക്ഷിക്കേണ്ട ആവശ്യമില്ല.
ഡോ. ബി.സി.ബാലകൃഷ്ണന്‍
(തുടരും)
















