എന്തൊക്കെ കഷ്ടപാടുകളാണ് അമ്മയ്‌ക്ക് സഹിക്കേണ്ടിവന്നിരുന്നത്. ആളുകളുടെ കുവലുകേള്‍ക്കാതെ ഞങ്ങള്‍ക്കൊന്നും റോഡിലിറങ്ങാന്‍ കഴിയില്ലായിരുന്നു. അത്ര പരിഹാസമായിരുന്നു. ഒരു നേരത്തെ ആഹാരം തരാന്‍ ആരുമില്ല. ഒരു ആദ്ധ്യാത്മികപുസ്തകമെങ്കിലും വായിക്കാന്‍ കിട്ടിയിരുന്നെങ്കില്‍ എന്നു കൊതിച്ചിരുന്നു. പക്ഷേ കിട്ടാനില്ല. ഒരു ഗുരുവില്ല. മക്കളേ, ഗുരുവില്ലാത്ത ആദ്ധ്യാത്മികജീവിതം തള്ളയില്ലാത്ത കുഞ്ഞിന്റെ ജീവിതംപോലെയാണ്. തള്ളയില്ലാത്ത കുട്ടികള്‍ വളരുന്നതുപോലെ ഞങ്ങള്‍ വളര്‍ന്നു. ചുറ്റുമുള്ളവര്‍ക്കു ആദ്ധ്യാത്മികതയെക്കുറിച്ചു ഒന്നുമറിയില്ല. ധ്യാനിച്ചിരുന്നാല്‍ വെള്ളം കോരിയൊഴിക്കും. ദേഹത്ത് ഇടിക്കും. വീട്ടില്‍നിന്നു പുറത്താക്കി. ഹിസ്റ്റീരിയ എന്നുപറഞ്ഞു മറ്റുള്ളവര്‍ കളിയാക്കി. ഇതൊക്കെയാണു ഞങ്ങള്‍ക്കു കിട്ടിയത്. എന്നിട്ടും അവിടുന്നു കൈവെടിയുകയില്ല എന്ന വിശ്വാസം കാരണം ഒന്നും ദുഃഖമായി ഞങ്ങള്‍ക്കു തോന്നിയില്ല. എന്തൊക്കെ സഹിച്ചാലും അവിടുത്തെ നാമം ചൊല്ലുമ്പോള്‍ എല്ലാം മറക്കും. ദുഃഖം വന്നാലും അതു ദേവിയോടുമാത്രം പറയും. കണ്ണുനീരില്‍കൂടി ഓരോ ചോദ്യവും ചോദിക്കും.
-മാതാ അമൃതാനന്ദമയീ ദേവി
















