വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ലഷ്കര്‍ ഇ തൊയിബയാണെന്ന് അമേരിക്ക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞക്ക് മൂന്ന് ദിവസം മുമ്പാണ് കോണ്‍സുലേറ്റില്‍ ആക്രമണം ഉണ്ടായത്. പാകിസ്താന്, അഫ്ഗാനിസ്ഥാന് ഉള്‍പ്പെടെയുള്ള സാര്‍ക് രാജ്യങ്ങളെ ചടങ്ങിന് ക്ഷണിച്ചതാണ് ലഷ്കറിനെ ചൊടിപ്പിച്ചതെന്ന് അമേരിക്കന്‍ ആഭ്യന്തരമന്ത്രാലയം അവകാശപ്പെടുന്നു. കഴിഞ്ഞ മാസം 23-നാണ് അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ഭീകരാക്രമണം ഉണ്ടായത്. ആയുധധാരികളായ ഒരു സംഘം കോണ്‍സുലേറ്റിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
ലഷ്കര്‍ ഇ തൊയ്ബ ഇന്ത്യയിലെ തന്ത്രപ്രധാന പ്രദേശങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് അമേരിക്കയുടെ പ്രതികരണം. 2008-ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ 166 പേര് കൊല്ലപ്പെട്ടിരുന്നു. 2011-ലും, 2012-ലും ജമ്മുകാശ്മീരില്‍ നടന്ന ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം ലഷ്കര്‍ ഏറ്റെടുത്തിരുന്നു.
അതേസമയം, ലഷ്കറിന്റെ രണ്ട് ഭീകരരെ ആഗോള ഭീകരരുടെ പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തി. ലഷ്കറിന്റെ ഭീകര സംഘങ്ങളില്‍ ഒന്നായി ജമാ ഉദ്-ദവ ഉള്‍പ്പെടെ നാല് സംഘടനകളെ ഉള്‍പ്പെടുത്തിയതായും അമേരിക്ക അറിയിച്ചു. അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്. അഹമ്മദ് എന്നറിയപ്പെടുന്ന അഹമ്മദ് ചൗധരി, മുഹമ്മദ് ഹുസൈന് ജില് എന്നിവരെയാണ് ആഗോള ഭീകരരായി പ്രഖ്യാപിച്ചത്. ജാമാ-ഉദ്-ദവാ, അല്‍-അന്‍ഫല്‍ ട്രസ്റ്റ്, തെഹ്രിക്-ഇ-ഹുര്മാത്-ഇ- റസൂല്‍, തെഹ്രിക്-ഇ-തഹാഫസ് ഖുബ്ല അവാല്‍ എന്നീ സംഘടനകളെയാണ് ലഷ്കറിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇനിമുതല്‍ ഇവ വിദേശ ഭീകര സംഘടനകള്‍ എന്നറിയപ്പെടും. 2001-ലാണ് ലഷ്കറിനെ വിദേശ ഭീകര സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ഭീകരസംഘടനകളെ ഉന്മൂലനം ചെയ്യുന്നതിനും അവരുടെ സാമ്പത്തിക ശ്രോതസുകള്‍ നശിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ തുടരുമെന്ന് യുഎസ് ടെററിസം ആന്റ് ഫിനാന്‍ഷ്യല്‍ ഇന്റലിജെന്‍സ് അണ്ടര്‍ സെക്രട്ടറി ഡേവിഡ് എസ് കോഹെന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: