സിംല: പുഴയിലിറങ്ങിയ വിദ്യാര്‍ഥികള്‍, അപ്രതീക്ഷിതമായി ഡാം തുറന്നു വിട്ടതിനെത്തുടര്‍ന്ന് ഒഴുക്കില്‍ പെട്ട് മരിച്ച സംഭവം അധികൃതരുടെ ഗുരുതരമായ അനാസ്ഥയുടെ ഫലമാണെന്ന് ഹിമാചല്‍ ഹൈക്കോടതി. കുട്ടികളുടെ കൗതുകം, വൈദ്യുതി പദ്ധതി അധികൃതരുടെ അശ്രദ്ധ മൂലം വന്‍ദുരന്തമായി. വാര്‍ത്തയെത്തുടര്‍ന്ന് സ്വയം കേസ് എടുത്ത ഹിമാചല്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ത്രിലോക് സിംഗ് ചൗഹാന് പറഞ്ഞു. സംഭവത്തില്‍ ജൂണ്‍ പതിനാറിനകം റിപ്പോര്‍ട്ട് നല്കാന് കോടതി സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ കുട്ടികള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. 24 എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളെയാണ് കഴിഞ്ഞദിവസം ബിയാസ് നദിയില്‍ കാണാതായത്. ഇവരില്‍ ആറു പേരുടെ ജഡം കണ്ടുകിട്ടി. ഹൈദരാബാദില്‍ നിന്ന് മനാലിയില്‍ ടൂറിന് എത്തിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്.
വരണ്ടുകിടക്കുകയായിരുന്ന പുഴയില്‍, ഡാമിനടുത്തുള്ള തുരങ്കങ്ങള്ക്കരികില് നിന്ന് ഫോട്ടോ എടുക്കുമ്പോള്‍ പെട്ടെന്നെ് ഡാം തുറന്നുവിടുകയായിരുന്നു. കുത്തൊഴുക്കില്‍ 24 കുട്ടികളും ഒലിച്ചുപോകുകയായിരുന്നു. ഹൈദരാബാദിലെ വിജ്ഞാന് ജ്യോതി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയറിംഗില്‍ നിന്നുള്ള കുട്ടികളാണ് അപകടത്തില്‍ പെട്ടത്. ഒഴുക്കില്‍ പെട്ടവര്‍ രക്ഷപ്പെടാനുള്ള സാധ്യത തീരെക്കുറവാണെന്ന് അധികൃതര്‍ പറഞ്ഞു. മുങ്ങല്‍ വിദഗ്ധരടക്കം 84 പേരാണ് തെരച്ചില്‍ നടത്തുന്നത്. കരസേനയും തെരച്ചിലാരംഭിച്ചിട്ടുണ്ട്.
മൂന്നു പേര്‍ക്ക് സസ്പെന്ഷന്
സിംല: ബിയാസ്നദിയിലെ ദുരന്തത്തെത്തുടര്‍ന്ന് ലാര്‍ജി ജലവൈദ്യുത പദ്ധതിയിലെ മൂന്ന് ഉദ്യോഗസ്ഥരെ അധികൃതര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി വീരഭദ്ര സിംഗ് ഉത്തരവിട്ടിട്ടുണ്ട്. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, എന്‍ജിനീയര്‍, ഓപ്പറേറ്റര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.ഡാം തുറന്നുവിടുന്നതിനു മുന്‍പ് സംസ്ഥാന, ജില്ലാ, തദ്ദേശ സ്ഥാപന അധികൃതരെ അറിയിക്കണമെന്നാണ് നിയമം.
എന്നാല്‍ തനിക്ക് അറിയിപ്പ് ലഭിച്ചില്ലെന്ന് മാണ്ഡി ഡപ്യൂട്ടി കമ്മീഷണല്‍ ദേവേഷ് കുമാര്‍ പറഞ്ഞു. ഒരു മുന്നറിയിപ്പും നല്‍കാതെ 250 ഘനയടിവെള്ളമാണ് തുറന്നുവിട്ടത്. അപായമണി മുഴക്കിയെന്നാണ് ഡാം അധികൃതര്‍ പറയുന്നത്. എന്നാല്‍ അധികൃതര്‍ മുഖം രക്ഷിക്കാന്‍ നുണ പറയുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഡാമിനു സമീപം കുട്ടികള്‍ ഫോട്ടോയെടുത്തുകൊണ്ട് നില്ക്കുമ്പോള് അപ്രതീക്ഷിതമായി ഡാം തുറന്നു വിട്ടതാണ് ദുരന്തമായത്. വെള്ളപ്പാച്ചിലില്‍ 24 കുട്ടികളാണ് ഒഴുകിപ്പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: