ഗര്‍ഭത്തില്‍വെച്ചു ഭഗവാനടിയന്റെ പിണ്ഡ-
മെപ്പേരുമന്‍പൊടുവളര്‍ത്ത കൃപാലുവല്ലി?
കല്‍പ്പിച്ചപോലെ വരുമെന്നു നിനച്ചു കണ്ടി-
ട്ടര്‍പ്പിച്ചിടുന്നടിയനൊക്കെയുമങ്ങു ശംഭോ!
മണ്ണും ജലം കനലുമംബരമോടു കാറ്റു-
മെണ്ണിപ്പിടിച്ചറയിലിട്ടെരിയും കൊളുത്തി
ദണ്ഡപ്പെടുത്തുമൊരു ദേവതയിങ്കല്‍ നിന്നെന്‍-
പിണ്ഡത്തിനന്നമൃതുനല്‍കി വളര്‍ത്ത ശംഭോ!
നാലഞ്ചുമാസമൊരുപോല്‍ നയനങ്ങള്‍വെച്ചു
കാലന്റെ കയ്യിലണയാതെ വളര്‍ത്തി നീയേ-
കാലം കഴിഞ്ഞു കരുവിങ്കലിരുന്നു ഞാന-
ക്കാലം നിനച്ചു കരയുന്നിതു കേള്‍ക്ക ശംഭോ!
രേതസ്സുതന്നെയിതു രക്തമൊടും കലര്‍ന്നു
നാദം തിരണ്ടുരുവതായ് നടുവില്‍ കിടന്നേന്‍
മാതാവുമില്ലവിടെയന്നു പിതാവുമില്ലെന്‍-
താതന്‍ വളര്‍ത്തിയവനാണിവനിന്നു ശംഭോ!
അന്നുള്ള വേദന മറന്നതു നന്നുണര്‍ന്നാ-
ലിന്നിങ്ങുതന്നെരിയില്‍ വീണുമരിക്കുമയ്യോ!
പൊന്നപ്പനന്നു പൊറിവാതിലൊരഞ്ചുമിട്ടു
തന്നിട്ടുതന്നെയിതുമിന്നറിയുന്നു ശംഭോ!
എന്‍തള്ളയെന്നകമേ ചുമടായ്‌ക്കിടത്തി
വെന്തുള്ളഴിഞ്ഞു വെറുതേ നെടുവീര്‍പ്പുമിട്ടു
നൊന്തിങ്ങുപെറ്റു നരിപോലെ കിടന്നു കൂവു-
ന്നെന്താവതിങ്ങടിയനൊന്നരുളീടു ശംഭോ!
എല്ലാമറിഞ്ഞു ഭഗവാനിവനിന്നെടുത്തു
ചൊല്ലേണമോ ദുരിതമൊക്കെയകറാണേ നീ
ഇല്ലാരുമിങ്ങടിയനങ്ങൊഴിയുന്നുവെങ്കി-
ലെല്ലാം കളഞ്ഞെരുതിലേറിവരുന്ന ശംഭോ!
– ശ്രീനാരായണ ഗുരുദേവന്‍
















