ശ്ലോകം: 93:
ഐന്ധനോ ഏഷണീയശ്വ അനുല്ലംഘിതശാസന:
ഓജസ്‌കരോ ഓഷധിശോ ഓദ്ധ്രമാലാവിഭൂഷിത:
നാമം: 415 – ഐന്ധന: ഐന്ധന്‍ ഐന്ധനശബ്ദത്തിന് ജ്വലിക്കുന്ന എന്നര്‍ത്ഥം. നമുക്കു പരിചയമുള്ള ജ്വലിക്കുന്ന രണ്ടു ദേവന്മാര്‍ സൂര്യനും അഗ്നിയുമാണ്. ഇന്ദ്രനെ കുറിക്കാനും ഈ പദം ഉപയോഗിക്കാറുണ്ടെങ്കിലും പ്രകൃതത്തില്‍ അതു പ്രസക്തമല്ല. സൂര്യനായി ചൂടും വെളിച്ചവും തന്ന് ഭൂമിയിലുള്ള ജീവജാലങ്ങളെ അനുഗ്രഹിക്കുകയും കാലത്തെ നിയന്ത്രിക്കുകയും ചെയ്യുന്ന ഭഗവാന്‍തന്നെയാണ് അഗ്നിയായി ചൂടും വെളിച്ചവും തരുന്നത്. മാലിന്യങ്ങളെ എരിച്ച് ഭൂമിയെ ശുദ്ധീകരിക്കുന്നതും അഗ്നിരൂപിയായ ഭഗവാന്‍ തന്നെ സൂര്യനായും അഗ്നിയായും രൂപം പൂണ്ട് ലോകത്തെ അനുഗ്രഹിക്കുന്ന ഗുരുവായൂരപ്പന്‍ സര്‍വഥാ ഐന്ധതനാണ്.
നാമം: 416 – ഏഷണീയ: ഏഷണീയന്‍. അനേ്വഷിക്കപ്പെടേണ്ടവന്‍, ആഗ്രഹിക്കപ്പെടേണ്ടവന്‍, പ്രാപിക്കപ്പെടേണ്ടവന്‍.
മനുഷ്യന്റെ ജീവിതം അവസാനമില്ലാത്ത അനേ്വഷണമാണെന്നു പറയാം. ഏറ്റവും കൂടുതല്‍ ബുദ്ധിവികാസവും ആത്മബോധവും വികസിപ്പിക്കാന്‍ കഴിഞ്ഞ മഹായോഗിയും ഏറ്റവും ബുദ്ധിവികാസം കുറഞ്ഞ പാമരനായ വ്യക്തിയും ഭഗവാനെ തേടുന്നുണ്ട്. യോഗി ബോധപൂര്‍വം ഭഗവാനെ അനേ്വഷിപ്പിക്കുമ്പോള്‍ പാമരന്‍ അബോധതലത്തില്‍ അതു ചെയ്യുന്നു. ഇത്രയേ വിത്യാസമുള്ളൂ. ശരീരം എന്ന തടവറയില്‍ അകപ്പെട്ട ജീവാത്മാവ് പരമാത്മാവില്‍ നിന്നു വേറല്ല. തത്ക്കാലത്തേയ്‌ക്കു സ്വീകരിച്ച ശരീരത്തിന്റെ വാസനയ്‌ക്കു വഴങ്ങുന്നു എന്നേയുള്ളൂ. പല പാത്രങ്ങളില്‍ പ്രതിഫലിക്കുന്ന സൂര്യദേവനെ ആചാര്യന്മാര്‍ ഈ പ്രതിഭാസത്തിന് ഉദാഹരണമായി പറയും. ഒരു പാത്രത്തില്‍ ശുദ്ധജലവും മറ്റൊന്നില്‍ ചാണകവെള്ളവും മറ്റൊന്നില്‍ ഏതെങ്കിലും നിറം കലര്‍ത്തിയ വെള്ളവും ഉണ്ടെങ്കില്‍ സൂര്യന്റെ പ്രതിബിംബം മൂന്നിലും മൂന്നുവിധത്തിലായിരിക്കും പ്രതിഫലിക്കുന്നത്. സൂര്യതാപംകൊണ്ടു മൂന്നു പാത്രത്തിലെയും വെള്ളം വറ്റിയാല്‍ പ്രതിബിംബമേ കാണുകയില്ല.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്‍
















