മാഡ്രിഡ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളുകളുടെ കരുത്തില്‍ ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് വിജയം. ശനിയാഴ്ച രാത്രി നടന്ന പോരാട്ടത്തില്‍ റൊണാള്‍ഡോയുടെ രണ്ടെണ്ണമുള്‍പ്പെടെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് റയല്‍ ഒസാസുനയെ തകര്‍ത്തത്. വിജയത്തോടെ ബാഴ്സലോണയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന റയല്‍ കിരീട പോരാട്ടവും സജീവമാക്കി. റയലിന് 34 മത്സരങ്ങളില്‍ നിന്ന് 82 പോയിന്റും ബാഴ്സലോണക്ക് 81 പോയിന്റുമാണുള്ളത്.
ഒസാസുനക്കെതിരായ പോരാട്ടത്തിന്റെ ആറാം മിനിറ്റിലാണ് റയല്‍ ആദ്യഗോള്‍ നേടിയത്. നാല് മത്സരങ്ങളുടെ ഇടവേളക്കുശേഷം ലീഗില്‍ ആദ്യ പോരാട്ടത്തിനിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയായിരുന്നു സ്കോറര്‍. ഏയ്ഞ്ചല്‍ ഡി മരിയ സ്വന്തം പകുതിയില്‍ നിന്ന് നീട്ടിയടിച്ചു നല്‍കിയ പന്ത് ഇടതുവിംഗില്‍ നില്‍ക്കുകയായിരുന്ന ക്രിസ്റ്റ്യാനോ പിടിച്ചെടുത്തു. തുടര്‍ന്ന് പന്തുമായി ഒന്ന് മുന്നേറിയശേഷം ബോക്സിന് പുറത്തുനിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പായിച്ച ഷോട്ട് മൂന്ന് എതിര്‍ താരങ്ങളുടെ തലക്ക് മുകളിലൂടെ പറന്ന് വലയില്‍ വിശ്രമിച്ചപ്പോള്‍ ഗോളി കാഴ്ചക്കാരനായി നില്‍ക്കേണ്ടിവന്നു. പിന്നീട് ആദ്യ പകുതിയില്‍ റയലിന് ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ആല്‍വാരോ മൊറാട്ട, സെര്‍ജിയോ റാമോസ്, റാഫേല്‍ വരാണെ, ലൂക്ക മോഡ്രിച്ച്, നാച്ചോ എന്നിവര്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. ആദ്യപകുതിയില്‍ ഒസാസുന താരങ്ങള്‍ക്ക് ഒരിക്കല്‍ പോലും റയല്‍ ഗോളിയെ പരീക്ഷിക്കാന്‍ കഴിഞ്ഞില്ല.
പിന്നീട് 52-ാം മിനിറ്റിലാണ് റയലിന് ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞത്. ഇസ്കോ നല്‍കിയ പാസ് സ്വീകരിച്ച് ഇടതുവിംഗില്‍ക്കൂടി മുന്നേറിശേഷം 25 വാര അകലെനിന്ന് ക്രിസ്റ്റ്യനോ പായിച്ച ഷോട്ട് മഴവില്ലുകണക്കെ വളഞ്ഞിറങ്ങി ഒസാസുന വലയില്‍ പതിച്ചു. സീസണില്‍ ലീഗിലെ ക്രിസ്റ്റ്യാനോയുടെ 30-ാം ഗോളായിരുന്നു ഇത്. തൊട്ടുപിന്നാലെ ഇസ്കോയുടെ ശ്രമം വിഫലമായി.
60-ാം മിനിറ്റില്‍ റയല്‍ മൂന്നാം ഗോള്‍ നേടി. ഡി മരിയ വലതുവിംഗില്‍ നിന്ന് ഒസാസുന ബോക്സിലേക്ക് നീട്ടി നല്‍കിയ ക്രോസ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ സെര്‍ജിയോ റാമോസ് വലയിലെത്തിച്ചു. 82-ാം മിനിറ്റില്‍ റയല്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഇസ്കോയുടെ ക്രോസ് ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ഡി മരിയയുടെ പകരക്കാരനായി ഇറങ്ങിയ ഡാനിയേല്‍ കാര്‍വാജല്‍ നല്ലൊരു ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ റയോ വയ്യക്കാനോ 3-0ന് ഗ്രനാഡയെ പരാജയപ്പെടുത്തി. 51-ാം മിനിറ്റില്‍ ബ്രാഹിമി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് ഗ്രനാഡ കളിച്ചത്. ഇതിനു ശേഷമാണ് മൂന്നുഗോളുകളും പിറന്നത്.
മറ്റ് മത്സരങ്ങളില്‍ ഗറ്റാഫെ 1-0ന് മലാഗയെയും റയല്‍ സോസിഡാഡ് ഇതേ സ്കോറിന് റയല്‍ ബെറ്റിസിനെയും കീഴടക്കി.
















