ന്യൂദല്‍ഹി: ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കടന്നുകയറി ആക്രമണം നടത്താന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. അടുത്തിടെ പിടിയിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ തെഹ്സീന്‍ അഖ്ത്തര്‍ ചോദ്യം ചെയ്യലിനിടെയാണ് സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം പിടിയിലായ മുജാഹിദ്ദീന്‍ ഭീകരന്‍ യാസിന്‍ ഭട്ക്കലുമായി അടുത്ത ബന്ധമുണ്ടായിരുന്നു അഖ്ത്തറിന്. ഇയാള്‍ കുറേക്കാലം മൂന്നാറില്‍ താമസിച്ചിരുന്നു.
ബോളിവുഡ് താരങ്ങളെ ലക്ഷ്യംവെച്ച് ചാവേറാക്രമണം നടത്താനാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പദ്ധതിയിട്ടിരുന്നത്. ഒരു താരത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതായിരുന്നില്ല പദ്ധതി. താരങ്ങള്‍ കൂട്ടമായി പങ്കെടുക്കുന്ന പരിപാടിയില്‍ ചാവേറാക്രമണം നടത്തുകയായിരുന്നു ലക്ഷ്യം. ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ എന്തുകൊണ്ട് ഇങ്ങനെയൊരു ആക്രമണം ലക്ഷ്യമിട്ടു എന്ന ചോദ്യത്തിന് അഖ്ത്തറിന്റെ മറുപടി വിചിത്രമായിരുന്നുവെന്ന് ഉന്നതവൃത്തങ്ങള്‍ പറയുന്നു. താരങ്ങള്‍ പ്രതിനിധീകരിക്കുന്ന ചലച്ചിത്രമേഖല യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നും, നഗ്നതാ പ്രദര്‍ശനമാണ് ഇവിടെ നടക്കുന്നതുമെന്നായിരുന്നു മറുപടി. ഇതിലൂടെ സിനിമാ മേഖലയില്‍ പരമാവധി നാശനഷ്ടങ്ങള്‍ വരുത്തുകയായിരുന്നു ലക്ഷ്യം. ആക്രമണം നടത്തുന്നതിനുള്ള കൃത്യമായ ദിവസം നിശ്ചയച്ചിരുന്നില്ലെങ്കിലും ഒരു ദിവസം താരങ്ങള്‍ക്കിടയില്‍ ചാവേറാക്രമണം നടത്തുന്നതിനെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും അഖ്ത്തറും കൂട്ടരും ചര്‍ച്ചചെയ്തിരുന്നു. നേരത്തെ പിടിയിലായ വഖാസ്, യാസിന്‍ എന്നിവരുമായി ചേര്‍ന്നാണ് പദ്ധതി ആസുത്രണം ചെയ്തത്.
താരങ്ങള്‍ക്കിടയിലുള്ള സ്ഫോടനത്തില്‍ യാസിന്‍ ഭട്ക്കലിന് താല്‍പ്പര്യം കൂടുതലായിരുന്നു. ഇത്തരമൊരു ആക്രമണം നടത്തുന്നതിലൂടെ വലിയ പ്രത്യാഖാതം സൃഷ്ടിക്കാനാകുമെന്നായിരുന്നു വിശ്വാസമെന്നും അഖ്ത്തര്‍ വെളിപ്പെടുത്തി.
ബോളിവുഡിലെ പല താരങ്ങള്‍ക്കും മുന്‍കാലങ്ങളില്‍ ഭീകരാക്രമണ ഭീഷണി ഉണ്ടായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു ഭീകരസംഘടന തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
വിദേശികള്‍,വിനോദ സഞ്ചാരമേഖലകള്‍, ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യാപാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിടാറുള്ള ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഇത്തരമൊരു ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു എന്ന വെളിപ്പെടുത്തല്‍ അന്വേഷണ ഉദ്യോഗസ്ഥരെതന്നെ ഞെട്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ മാസം ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും പിടിയിലായ തെഹ്സീന്‍ അഖ്ത്തര്‍ ഇപ്പോള്‍ ദല്‍ഹി പോലീസിന്റെ കസ്റ്റഡിയിലാണ്.
















