റായ്‌പൂര്‍ : ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സുരക്ഷ ഒരുക്കുന്നതിനിടയില്‍ ഛത്തീസ്ഗഢിലെ മാവോവാദി പ്രദേശത്തു നിന്നും രണ്ട് ടിഫിന്‍ ബോംബുകള്‍ കണ്ടെടുത്തു. ഛത്തീസ്ഗഢില്‍ ഇന്ന് രണ്ടാംഘട്ട തെരഞ്ഞടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളില്‍ ഒന്നായ കാങ്കര്‍ ജില്ലയില്‍ നിന്നുമാണ് ബോംബ് കണ്ടെടുത്തത്.
പത്ത് കിലോഗ്രാം വീതമുള്ള ടിഫിന്‍ ബോംബുകളാണ് ബാദ്ഗോവന്‍ പോലീസ് പരിധിയില്‍പ്പെട്ട മന്‍ഡഗാവോന്‍- മേന്ദ്ര റോഡില്‍ നിന്നും ലഭിച്ചത്. 127 ബിഎസ്‌എഫ് ബറ്റാലിയനും പോലീസും സംയുക്തമായി തെരഞ്ഞെടുപ്പ് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഇന്നലെ നടത്തിയ തിരച്ചിലിലാണ് ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്‌പൂരില്‍ നിന്നും 200 കിലോമീറ്റര്‍ ദൂരത്തില്‍ ബോംബ് കണ്ടെത്തിയത്.
കഴിഞ്ഞദിവസം ഛത്തീസ്ഗഢിലെ നാരായണ്‍പൂര്‍ ജില്ലയില്‍ നിന്നും രണ്ട് മാവോയിസ്റ്റ് തീവ്രവാദികളേയും പിടികൂടിയിരുന്നു. രാജ്മാന്‍ സലാം (35) വിനോദ് കൊറാം (26) എന്നിവരാണ് പിടിയിലായത്. നക്സല്‍ ആക്രമണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് സ്ഥിരീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നക്സല്‍ ആക്രമണങ്ങളും കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഇവരുടെ തലയ്‌ക്ക് 5000 രൂപ വീതം ഇനാം പ്രഖ്യാപിച്ചിരുന്നതാണ്.
















