തൃപ്പൂണിത്തുറ: അരക്കോടിയിലധികം പ്രതിമാസവരുമാനമുള്ള തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനോട് അധികൃതര്‍ക്ക് അവഗണനയെന്ന് ആക്ഷേപം. പൊതുജന സമരങ്ങളുടെ ഫലമായി ഈയിടെ സ്റ്റോപ്പ് അനുവദിച്ച പരശുറാം എക്സ്പ്രസിനും ഐലന്റ് എക്സ്പ്രസിനുമുള്ള സ്റ്റോപ്പുകള്‍ എടുത്തുകളയാന്‍ റെയില്‍വേ തീരുമാനിച്ചതും അതിനെതിരെ പൊതുജന പ്രക്ഷോഭം ഉയര്‍ന്ന സാഹചര്യത്തില്‍ വീണ്ടും സ്റ്റോപ്പ് അനുവദിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇനിയും ഏത് അവസരത്തിലും ഈ ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ നിര്ത്തലാക്കുമെന്നുയാത്രക്കാര്ക്ക് ആശങ്കയുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ രാജനഗരി യൂണിയന് ഓഫ് റെസിഡന്റ്സ് അസോസിയേഷന് (ട്യുറ) വിവരാവകാശനിയമപ്രകാരം റെയില്‍വേ അധികാരികളില്‍നിന്നും വിവരങ്ങള്‍ തേടിയിരുന്നു.
ഇതനുസരിച്ച് അങ്കമാലി, കരുനാഗപ്പിള്ളി, മാവേലിക്കര, പിറവംറോഡ്, ചേര്‍ത്തല എന്നീ സ്റ്റേഷനുകളേക്കാള്‍ വരവ് കൂടുതലും സൗകര്യങ്ങള്‍ കുറവുമാണ് തൃപ്പൂണിത്തുറ സ്റ്റേഷനില്‍. ഇവിടെ ടിക്കറ്റ് നല്കാന് വേണ്ടത്ര സ്റ്റാഫില്ല, ഇരിപ്പിടങ്ങളില്ല, റോഡില്ല, കുടിവെള്ളമില്ല, ടോയ്ലറ്റില്ല. ട്രെയിനുകളുടെ സ്റ്റോപ്പുകള്പോലും എടുത്തുകളയാനുള്ള നീക്കം അധികൃത സ്ഥാനത്തുനിന്നും തുടരുകയുമാണ്. ഇതിനെതിരെ ശക്തിയായി പ്രക്ഷോഭം ആരംഭിക്കാന്‍ ട്രുറ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: