മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കിരീടം കൈപ്പിടിയില്‍ ഒതുക്കാന്‍ വമ്പന്‍മാര്‍ പൊരിഞ്ഞപോരില്‍. മലാഗയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് ആറുപോയിന്റ് ലീഡെടുത്ത നാളില്‍ അതേ സ്കോറിന് എസ്പാന്യോളിനെ അതീജിവിച്ച അത്ലറ്റിക്കോ മാഡ്രിഡ് ഒരിഞ്ചുവിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ചു. ജയത്തോടെ റയലിന്റെ മുന്‍തൂക്കം മൂന്നു പോയിന്റായി കുറയ്‌ക്കാനും അത്ലറ്റിക്കോയ്‌ക്ക് സാധിച്ചു. റയലിനുവേണ്ടി സൂപ്പര്‍ താരം ക്രിസ്റ്റ്യാ നോ റൊണാള്‍ഡോ മലാഗയുടെ വലകുലുക്കി; അത്ലറ്റിക്കോയ്‌ക്കാ യി എസ്പാന്യോളിന്റെ വല ചലിപ്പിച്ചതും ഒരു വന്‍ സ്രാവ് തന്നെ, ഡീഗോ കോസ്റ്റ. ടേബിളിന്റെ തലപ്പത്തുള്ള റയലിന് 70ഉം രണ്ടാമന്‍മാരായ അത്ലറ്റിക്കോയ്‌ക്ക് 67 പോയിന്റും വീതമുണ്ട്.
മലാഗയ്‌ക്കുമേല്‍ റയലിനു തന്നെയായിരുന്നു ആധിപത്യം. കഴിഞ്ഞ സീസണില്‍ ഇതേ എതിരാളിയുടെ തട്ടകത്തിലേറ്റ തോല്‍വി റയലിന് ഓര്‍മ്മയുണ്ടായിരുന്നു. അതുകൊണ്ട് കാര്‍ലോ അന്‍സലോട്ടിയുടെ കുട്ടികള്‍ കരുതലോടെ കളിക്കാനും മറന്നില്ല. 23-ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോ ഗോള്‍. ഗാരെത് ബെയ്‌ലിന്റെ ലോഫ്റ്റ് പാസ് കാലില്‍ കൊരുത്ത ക്രിസ്റ്റ്യാ നോ ബോക്സികത്ത് കയറി നിലംപറ്റിയുള്ള ഷോട്ടിലൂടെ ലക്ഷ്യം കണ്ടു (1-0). തൊട്ടുപിന്നാലെ എയ്ഞ്ചല്‍ ഡി മരിയ നല്‍കിയ തകര്‍പ്പന്‍ ക്രോസില്‍ സിഅര്‍7 തലവെച്ചെങ്കിലും പുറത്തേക്കുപോയി. രണ്ടാം പകുതിയില്‍ ലീഡ് വര്‍ധിപ്പിക്കാന്‍ റയല്‍ നടത്തിയ ശ്രമങ്ങളൊന്നും ഫലംകണ്ടില്ല. അവസാന നിമിഷങ്ങളില്‍ മലാഗ സമനിലയ്‌ക്കായി പൊരുതി. പക്ഷേ, റയല്‍ പ്രതിരോധം ഉറച്ചുനിന്നു. എസ്പാന്യോളിനെതിരെ 55-ാം മിനിറ്റിലാണ് കോസ്റ്റ അത്ലറ്റിക്കോയുടെ ഗോള്‍ കുറിച്ചത്.
















