ബാഴ്സലോണ: കഴിഞ്ഞ ദിവസം സ്പാനിഷ് ലീഗിലേറ്റ പരാജയത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ബാഴ്സലോണ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ കീഴടക്കി ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു നൗ കാമ്പില്‍ ബാഴ്സയുടെ വിജയം.
ആദ്യപാദത്തില്‍ 2-0ന് വിജയിച്ച ബാഴ്സ ഇരുപാദങ്ങളിലുമായി 4-1ന്റെ വിജയം സ്വന്തമാക്കിയാണ് അവസാന എട്ടില്‍ ഇടംപിടിച്ചത്. തുടര്‍ച്ചയായ ഏഴാം തവണയാണ് കറ്റാലന്‍ പട ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. ഇതിന് മുമ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും റയല്‍ മാഡ്രിഡുമാണ് തുടര്‍ച്ചയായി 7 തവണ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ അവസാന എട്ടില്‍ ഇടംപിടിച്ചിട്ടുള്ളത്. മറ്റൊരു മത്സരത്തില്‍ ജര്‍മ്മന്‍ ടീം ബയേര്‍ ലെവര്‍ക്യൂസനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പിഎസ്ജിയും ക്വാര്‍ട്ടറിലെത്തി.
ബാഴ്സലോണക്കെതിരായ എവേ മത്സരത്തിന്റെ 78-ാം മിനിറ്റില്‍ പാബ്ലോ സബലേറ്റ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് സിറ്റി കളിച്ചത്. അത്യന്തം ആവേശകരമായ മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. പിന്നീട് സൂപ്പര്‍താരം ലയണല്‍ മെസ്സിയിലൂടെ ബാഴ്സലോണ ലീഡ് നേടിയയെങ്കിലും വിന്‍സന്റ് കൊംപാനിയിലൂടെ സിറ്റി സമനില പിടിച്ചു. ഒടുവില്‍ ഇഞ്ച്വറി സമയത്ത് ഡാനി ആല്‍വസ് നേടിയ ഗോളാണ് ബാഴ്സക്ക് സിറ്റിക്കുമേല്‍ വിജയം നേടിക്കൊടുത്തത്.
തുല്യശക്തികളുടെ പോരാട്ടത്തില്‍ ആദ്യ അവസരം ലഭിച്ചത് ബാഴ്സക്കായിരുന്നു. അഞ്ചാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് സാവി പായിച്ച ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്തുപോയി. 16-ാം മിനിറ്റില്‍ സിറ്റിയുടെ ജെയിംസ് മില്‍നറുടെ ഷോട്ടും ലക്ഷ്യത്തിലെത്തിയില്ല. തൊട്ടുപിന്നാലെ നെയ്‌മര്‍ സിറ്റി വലയില്‍ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായി. പിന്നീട് 35-ാം മിനിറ്റില്‍ പാബ്ലോ സബലേറ്റയുടെ പാസില്‍ നിന്ന് ഡേവിഡ് സില്‍വ ഉതിര്‍ത്ത ഷോട്ടും പുറത്തേക്ക് പറന്നു. മൂന്നുമിനിറ്റിനുശേഷം ബാഴ്സ ലീഡ് നേടിയെന്ന് തോന്നിച്ചു. മെസ്സിയുടെ പാസില്‍ നിന്ന് ബോക്സിന് പുറത്തുനിന്ന് സാവി ഉതിര്‍ത്ത തകര്‍പ്പന്‍ ഷോട്ട് സിറ്റി ഗോളി മുഴുനീളെ പറന്ന് കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ഡേവിഡ് സില്‍വയുടെ പാസില്‍ സിറ്റിയുടെ സമിര്‍ നസൃയുടെ ഷോട്ട് ബാഴ്സ ഗോളി വിക്ടര്‍ വാല്‍ഡസും രക്ഷപ്പെടുത്തി. പിന്നീട് 44-ാം മിനിറ്റില്‍ മെസ്സിയുടെ പാസില്‍ നിന്ന് നെയ്‌മര്‍ പായിച്ച ഷോട്ടും സിറ്റി ഗോളി രക്ഷപ്പെടുത്തി.
മാഞ്ചസ്റ്റര്‍ സിറ്റി സെര്‍ജിയോ അഗ്യൂറോയെ പിന്‍വലിച്ച് എഡിന്‍ സെക്കോയെ കളത്തിലിറക്കിയാണ് രണ്ടാം പകുതി ആരംഭിച്ചത്. ആദ്യമിനിറ്റില്‍ തന്നെ സെക്കോയുടെ ഒരു ഷോട്ട് ബാഴ്സ ഗോളി കയ്യിലൊതുക്കി. 51-ാം മിനിറ്റില്‍ നെയ്‌മറുടെ പാസില്‍ നിന്ന് മെസ്സി ഇടംകാലുകൊണ്ട് പായിച്ച ഷോട്ട് പോസ്റ്റില്‍ത്തട്ടി തെറിച്ചു. തൊട്ടടുത്ത മിനിറ്റില്‍ സിറ്റിയുടെ സെക്കോയുടെ ഒരു ഹെഡ്ഡറും ലക്ഷ്യത്തിലെത്തിയില്ല. ഒടുവില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കുശേഷം 69-ാം മിനിറ്റില്‍ ബാഴ്സ സൂപ്പര്‍താരം ലയണല്‍ മെസ്സിയിലൂടെ ലീഡ് നേടി. ഒറ്റഗോളില്‍ തൂങ്ങി ബാഴ്സ കളി തണുപ്പിച്ചപ്പോള്‍ സിറ്റി തിരിച്ചടിക്ക് വേഗം കൂട്ടി. സിറ്റിയുടെ എഡിന്‍ സെക്കോയെ ബാഴ്സ പ്രതിരോധനിരതാരം ജെറാര്‍ഡ് പിക്വെ ബോക്സിനുള്ളില്‍ വച്ച് വീഴ്‌ത്തിയത് റഫറി കണ്ടില്ലെന്ന് നടിച്ചത് മാഞ്ചസ്റ്റര്‍ കളിക്കാരെ ചൊടിപ്പിച്ചു. പ്രതിഷേധം അതിരുകടന്നതോടെ പാബ്ലോ സബലേറ്റക്ക് രണ്ടാം മഞ്ഞകാര്‍ഡും മാച്ചിംഗ് ഓര്‍ഡറും നല്‍കി. പിന്നീട് സിറ്റി 10 പേരുമായാണ് കളി പൂര്‍ത്തിയാക്കിയത്. എന്നാല്‍ കളി കൈവിടാന്‍ തയാറാകാതിരുന്ന സിറ്റി 88-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ വിന്‍സെന്റ് കൊംപനിയിലൂടെ സമനില പിടിച്ചു. പിന്നീട് ഇഞ്ച്വറി സമയത്ത് ബാഴ്സ സിറ്റി വലയില്‍ പന്തെത്തിച്ച് വിജയം സ്വന്തമാക്കി. ഇനിയേസ്റ്റയുടെ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. ഗോളിയെ കബിളിപ്പിച്ച് പോസ്റ്റിനരികിലെത്തിയ ഇനിയേസ്റ്റ പിന്നിലേക്ക് ഡാനി ആല്‍വസിന് പന്ത് തള്ളിക്കൊടുത്തു. ഡാനി ആല്‍വസിന്റെ ശക്തമായ അടി പ്രതിരോധനിരക്കാരെയും കടന്ന് സിറ്റി വല തുളച്ചു.
ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ബയേര്‍ ലെവര്‍ക്യൂസനെ തകര്‍ത്താണ് പിഎസ്ജി തുടര്‍ച്ചയായ രണ്ടാം തവണയും ക്വാര്‍ട്ടറില്‍ ഇടംപിടിച്ചത്. ആദ്യപാദത്തില്‍ 4-0ന് വിജയിച്ച പിഎസ്ജി രണ്ടാം പാദത്തില്‍ 2-1നാണ് വിജയം കരസ്ഥമാക്കിയത്. പാരീസില്‍ നടന്ന മത്സരത്തില്‍ ആറാം മിനിറ്റില്‍ സിഡ്നി സാം നേടിയ ഗോളിലൂടെ ലെവര്‍ക്യൂസന്‍ ലീഡ് നേടിയെങ്കിലും 13-ാം മിനിറ്റില്‍ മാര്‍ക്വിനോസും 53-ാം മിനിറ്റില്‍ ലാവേസിയും നേടിയ ഗോളുകള്‍ക്കാണ് പിഎസ്ജി വിജയം കൈപ്പിടയിലാക്കിയത്.
















