ആറാമത് ലോകകപ്പ് ഫുട്ബോളിന്റെ ആതിഥേയര്‍ സ്വീഡനായിരുന്നു. തൊട്ടുമുന്‍പ് നടന്ന ലോകകപ്പിന് സമാനമായി 16 ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ കൊമ്പുകോര്‍ക്കാനെത്തിയത്. ആതിഥേയരായ സ്വീഡനും നിലവിലെ ചാമ്പ്യന്മാരായ പശ്ചിമ ജര്‍മ്മനിയും നേരിട്ട് യോഗ്യത നേടി. അവശേഷിച്ച 14 ടീമുകള്‍ യോഗ്യതാ റൗണ്ട് കളിച്ച് സ്വീഡനിലേക്ക് ടിക്കേറ്റ്ടുത്തു.
ആതിഥേയര്‍ക്കും നിലവിലെ ജേതാക്കള്‍ക്കും പുറമെ അര്‍ജന്റീന, ആസ്ട്രിയ, ബ്രസീല്‍, ചെക്കോസ്ലോവാക്യ, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഹംഗറി, മെക്സിക്കോ, വടക്കന്‍ അയര്‍ലന്റ്, പരാഗ്വെ, സ്കോട്ട്ലാന്റ്, സോവിയറ്റ് യൂണിയന്‍, വെയ്‌ല്സ്, യൂഗോസ്ലാവ്യ എന്നീ രാജ്യങ്ങളാണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരച്ചത്. ജൂണ്‍ 8 മുതല്‍ 29 വരെ സ്വീഡനിലെ 12 നഗരങ്ങളിലെ 12 സ്റ്റേഡിയങ്ങളിലായാണ് പോരാട്ടങ്ങള്‍ അരങ്ങേറിയത്. 35 മത്സരങ്ങളില്‍ നിന്നായി മൂന്നു ഹാട്രിക്കുകള്‍ ഉള്‍പ്പെടെ 126 ഗോളുകള്‍ ഇത്തവണ പിറന്നു.
ലോകഫുട്ബോളിന്റെ ചക്രവര്‍ത്തിപദം അലങ്കരിച്ച പെലെ എന്ന ഇതിഹാസ താരത്തിന്റെ പിറവിയും ഈ ലോകകപ്പിലൂടെയായിരുന്നു. മൂന്ന് ബഹുമതികളാണ് തന്റെ കന്നി ലോകകപ്പില്‍ പെലെ സ്വന്തമാക്കിയത്. ലോകകപ്പില്‍ ഗോള്‍നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരം, ഹാട്രിക് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം, ഫൈനലില്‍ ഗോള്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്നീ പെരുമകള്‍ വന്നചേരുമ്പോള്‍ പെലെക്ക് 18 വയസ്സുപോലും തികഞ്ഞിട്ടുണ്ടായിരുന്നില്ല. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും പെലെ പുറത്തിരുന്നു. ഒടുവില്‍ ജൂണ്‍ 15ന് സോവിയറ്റ് യൂണിയനെതിരെ ആ കുഞ്ഞു പ്രതിഭ അരങ്ങേറി. ഈ മത്സരത്തില്‍ ഗോളടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വാവ നേടിയ രണ്ടാം ഗോളിന് വഴിയൊരുക്കാന്‍ പെലെക്ക് സാധിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ വെയ്‌ല്‌സിനെതിരെ പെലെ തന്റെ ആദ്യ ലോകകപ്പ് ഗോള്‍ കുറിക്കുകതന്നെ ചെയ്തു.
തൊട്ടുമുന്‍പത്തേതില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഈ ലോകകപ്പിന്റെ മത്സരഘടന. 1954-ല്‍ യോഗ്യത നേടിയ 16 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചു. ഇതില്‍ രണ്ട് സീഡഡ് ടീമുകളും രണ്ട് സീഡ് ചെയ്യപ്പെടാത്ത ടീമുകളുമായിരുന്നു ഉള്‍പ്പെട്ടിരുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ സീഡ് ചെയ്യപ്പെട്ടവ സീഡില്ലാത്ത ടീമുകളോട് മാത്രമാണ് ഏറ്റുമുട്ടിയത്. ഓരോ ടീമിനും രണ്ട് മത്സരങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ സ്വീഡനില്‍ എത്തിയപ്പോള്‍ ഓരോ ഗ്രൂപ്പിലെയും നാല് ടീമുകള്‍ തമ്മില്‍ പരസ്പ്പരം ഏറ്റുമുട്ടണം എന്നതായിരുന്നു വ്യവസ്ഥ. നാല് ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടും.
ഗ്രൂപ്പ് ഒന്നില്‍ പശ്ചിമജര്‍മ്മനി, വടക്കന്‍ അയര്‍ലന്റ്, ചെക്കോസ്ലോവാക്യ, അര്‍ജന്റീന, ഗ്രൂപ്പ് രണ്ടില്‍ ഫ്രാന്‍സ്, യൂഗോസ്ലാവ്യ, പരാഗ്വെ, സ്കോട്ട്ലാന്റ്, ഗ്രൂപ്പ് മൂന്നില്‍ സ്വീഡന്‍, വെയ്‌ല്സ്, ഹംഗറി, മെക്സിക്കോ, ഗ്രൂപ്പ് നാലില്‍ ബ്രസീല്‍, സോവിയറ്റ് യൂണിയന്‍, ഇംഗ്ലണ്ട്, ആസ്ട്രിയ എന്നീ ടീമുകള്‍ അണിനിരന്നു. ഈ ലോകകപ്പിലാണ് ആദ്യത്തെ ഗോള്‍രഹിത സമനിലയും പിറന്നത്. ജൂണ്‍ 11ന് നടന്ന ബ്രസീല്‍-ഇംഗ്ലണ്ട് മുഖാമുഖത്തിലായിരുന്നത്.
ഗ്രൂപ്പ് ഒന്നില്‍ നിന്ന് പശ്ചിമ ജര്‍മ്മനിയും വടക്കന്‍ അയര്‍ലന്റും ഗ്രൂപ്പ് രണ്ടില്‍ നിന്ന് ഫ്രാന്‍സും യൂഗോസ്ലാവ്യയും ഗ്രൂപ്പ് മൂന്നില്‍ നിന്ന് സ്വീഡനും വെയ്‌ല്‌സും, ഗ്രൂപ്പ് നാലില്‍ നിന്ന് ബ്രസീലും സോവിയറ്റ് യൂണിയനും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
ക്വാര്‍ട്ടറില്‍ ഫ്രാന്‍സ് 4-0ന് വടക്കന്‍ അയര്‍ലന്റിനെയും സ്വീഡന്‍ 2-0ന് സോവിയറ്റ് യൂണിയനെയും ബ്രസീല്‍ 1-0ന് വെയ്‌ല്‌സിനെയും പശ്ചിമ ജര്‍മ്മനി 1-0ന് യൂഗോസ്ലാവിയയെയും കീഴടക്കി സെമിയില്‍ കടന്നു. ജൂണ്‍ 24ന് നടന്ന സെമിഫൈനലില്‍ ഫ്രാന്‍സിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീലും പശ്ചിമജര്‍മ്മനിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തുരത്തി സ്വീഡനും ഫൈനല്‍ ഉറപ്പിച്ചു. ഫ്രാന്‍സിനെതിരെയായിരുന്നു പെലെയുടെ ഹാട്രിക്ക്. 52, 64, 75 മിനിറ്റുകളിലായിരുന്നു പെലെ ഫ്രഞ്ച് വലകുലുക്കിയത്. ജൂണ്‍ 29ന് നടന്ന ലൂസേഴ്സ് ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയെ മൂന്നിനെതിരെ ആറ് ഗോളുകള്‍ക്ക് നിലംപരിശാക്കി ഫ്രാന്‍സ് മൂന്നാം സ്ഥാനം നേടി. ഫൈനലില്‍ ആതിഥേയരായ സ്വീഡനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് കീഴടക്കി ചരിത്രത്തിലാദ്യമായി ബ്രസീല്‍ യൂള്‍റിമെ കാപ്പില്‍ മുത്തമിട്ടു. നാലാം മിനിറ്റില്‍ നില്‍സ് ലീഢോം നേടിയ ഗോളിന് മുന്നിട്ടുനിന്നശേഷമാണ് സ്വീഡന്‍ തോല്‍വി വഴങ്ങിയത്. ബ്രസീലിന് വേണ്ടി 9, 32 മിനിറ്റുകളില്‍ വാവയും, 55, 90 മിനിറ്റുകളില്‍ പെലെയും 68-ാം മിനിറ്റില്‍ മരിയോ സഗല്ലോയും ഗോളുകള്‍ നേടിയപ്പോള്‍ സ്വീഡന്റെ രണ്ടാം ഗോള്‍ നേടിയത് 80-ാം മിനിറ്റില്‍ സിമണ്‍സനാണ്. ഫൈനലില്‍ ഗോള്‍ നേടുമ്പോള്‍ പെലെയുടെ പ്രായം 17 വയസ്സും 249 ദിവസുമായിരുന്നു.
ഈ ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള സ്വര്‍ണ്ണ പ്പന്ത് ബ്രസീലിയന്‍ പ്ലേമേക്കര്‍ ദിദി (വാള്‍ഡിര്‍ പെരേര) സ്വന്തമാക്കി. മികച്ച രണ്ടാമത്തെ താരത്തിനുള്ള വെള്ളിപ്പന്ത് പെലെയും വെങ്കലപ്പന്ത് സ്വീഡിഷ് താരം ജസ്റ്റ് ഫൊണ്ടെയ്നും കരസ്ഥമാക്കി. ടോപ്സ്കോറര്‍ക്കുള്ള സ്വര്‍ണ്ണ പാദുകവും രണ്ട് ഹാട്രിക്ക് ഉള്‍പ്പെടെ 13 ഗോളുകള്‍ നേടിയ ഫൊണ്ടെയ്ന്‍ പോക്കറ്റിലാക്കി. ആറ് മത്സരങ്ങളില്‍ നിന്നാണ് ഫൊണ്ടെയ്ന്‍ ഇത്രയും ഗോളുകള്‍ നേടിയത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് ഇന്നും ഫൊണ്ടെയ്ന്റെ കൈയില്‍ ഭദ്രമാണ്. ആറ് ഗോളുകളോടെ പെലെയും പശ്ചിമ ജര്‍മ്മനിയുടെ ഹെല്‍മറ്റ് റാനും രജത പാദുകവും അഞ്ച് ഗോളുകളോടെ ബ്രസീലിന്റെ വാവയും വടക്കന്‍ അയര്‍ലന്റിന്റെ പീറ്റര്‍ മക്പാര്‍ലാന്റ് വെങ്കല പാദുകവും പങ്കിട്ടു. ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ നേടിയത് വടക്കന്‍ അയര്‍ലന്റിന്റെ ഹാരി ഗ്രെഗാണ്.
















