ഡര്‍ബന്‍: ദക്ഷിണാഫ്രിക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ വിജയം ഓസ്ട്രേലിയക്ക്. അഞ്ച് വിക്കറ്റിനാണ് ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ കീഴടക്കിയത്. മോശം കാലാവസ്ഥമൂലം ഏഴോവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ്ചെയ്ത ദക്ഷിണാഫ്രിക്ക ഒരുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 80 റണ്‍സ് എടുത്തു.
ഇതില്‍ എട്ടു റണ്‍സ് എക്സ്ട്രായായിരുന്നു. 13 പന്തില്‍ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 27 റണ്‍സ് എടുത്ത ഡു പ്ലസിസും 20 പന്തില്‍ നിന്ന് രണ്ട് ഫോറും നാല് സിക്സറുമടക്കം 41 റണ്‍സ് എടുത്ത ഡി കോക്കുമാണ് സ്കോര്‍ 80 ല്‍ എത്തിച്ചത്. നാല് റണ്‍സെടുത്ത ഹാഷിം ആംലയാണ് പുറത്തായ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് കാര്യങ്ങള്‍ വിചാരിച്ചതുപോലെ നടന്നില്ല. എന്നാല്‍ 16 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സറുമടക്കം 40 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ടോപ് സ്കോറര്‍. അഞ്ച് റണ്‍സെടുത്ത ഫിഞ്ചും രണ്ട് റണ്‍സെടുത്ത ഷെയ്ന്‍ വാട്സണും വാര്‍ണറും പുറത്താകുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ 48 റണ്‍സ് മാത്രമായിരുന്നു. പിന്നീട് സ്കോര്‍ 52-ല്‍ എത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത മാക്സ്‌വെല്ലും സ്കോര്‍ 60-ല്‍ എത്തിയപ്പോള്‍ രണ്ട് റണ്‍സെടുത്ത ബെയ്‌ലിയും മടങ്ങിയതോടെ ഓസ്ട്രേലിയ പരാജയം മണത്തു. എന്നാല്‍ 8 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹോഡ്ജും നാല് റണ്‍സെടുത്ത ഹാഡിനും ചേര്‍ന്ന് രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കേ ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ചു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഡുമിനി ഒരോവറില്‍ അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടുവിക്കറ്റ് പിഴുതു.
















