കോട്ടയം: പ്രഥമ കേരളാ പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റ് കോട്ടയത്തും കോഴിക്കോടും നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍. ഗ്രൂപ്പ് എ യിലെ ആറ് ടീമുകള്‍ കോട്ടയത്ത് മാറ്റുരക്കും. കോട്ടയത്ത് നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തില്‍ 15 ന് വൈകുന്നേരം 6.30 ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രീമിയര്‍ ലീഗ് ഉദ്ഘാടനം ചെയ്യും.
കേരളാ പോലീസ്, കെഎസ്‌ഇബി, ബാസ്കോ മലപ്പുറം, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ഈഗിള്‍സ് എഫ്സി, ഏജീസ് തിരുവനന്തപുരം എന്നീ ടീമുകളാണ് കോട്ടയത്ത് ഏറ്റുമുട്ടുന്നത്. ദിവസവും രണ്ട് മത്സരങ്ങളുള്ളതില്‍ ഒരെണ്ണം ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിലായിരിക്കും. വിദേശ കളിക്കാരും ടീമിനോടൊപ്പം മല്‍സരത്തിനുണ്ടാവും. ഗ്രൂപ് എ യിലെ ഫൈനല്‍ മല്‍സരം 23ന് നടക്കും. ഗ്രൂപ്പിലെ വിജയികളും റണ്ണര്‍അപ്പും ഫൈനല്‍ റൗണ്ടിലേയ്‌ക്ക് യോഗ്യത നേടും.
ഗ്രൂപ്പ് ബി യിലെ മല്‍സരങ്ങള്‍ ഏപ്രില്‍ മാസം കോഴിക്കോട് നടക്കും. വിജയികള്‍ക്ക് രണ്ടു ലക്ഷം രൂപയും രണ്ടാം സമ്മാനം ഒരു ലക്ഷം രൂപയും നല്‍കും. പത്രസമ്മേളനത്തില്‍ കേരളാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, കോട്ടയം നഗരസഭാ ചെയര്‍മാന്‍ എം.പി. സന്തോഷ്കുമാര്‍, രാംകോ സിമെന്റ് സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി വിശ്വനാഥന്‍, രാംകോ സിമെന്റ് മാര്‍ക്കറ്റിങ് മാനേജര്‍ എസ് വെങ്കിട്ടരാമന്‍, കെഎഫ്‌എ ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് വിനോജ് കെ. ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ വി.കെ. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















