ലണ്ടന്‍: എഫ്‌എ കാപ്പില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് വീഗന്‍ അത്ലറ്റിക് സെമിഫൈനലില്‍ പ്രവേശിച്ചു. സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച രാത്രി നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നിലവിലെ കിരീട ജേതാക്കളായ വീഗന്‍ അത്ലറ്റിക് മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്തുവിട്ടത്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്റെ തനിയാവര്‍ത്തനമായ ഫൈനലില്‍ ഇത്തവണയും സിറ്റിക്ക് പരാജയം ഏറ്റുവാങ്ങാനായിരുന്നു വിധി.
കഴിഞ്ഞ വര്‍ഷം വെംബ്ലിയില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സിറ്റി വീഗനോട് കീഴടങ്ങിയത്. കഴിഞ്ഞ സെപ്തംബറില്‍ ലീഗ് കപ്പിന്റെ മൂന്നാം റൗണ്ടില്‍ സിറ്റിയോടേറ്റ 5-0ന്റെ പരാജയത്തിനുള്ള മധുരമായ പകരംവീട്ടലും കൂടിയായി വീഗന്റെ ഈ വിജയം. വീഗന് വേണ്ടി ജോര്‍ഡി ഗോമസും ജെയിംസ് പെര്‍ക്കും ഗോളുകള്‍ നേടിയപ്പോള്‍ സിറ്റിയുടെ ആശ്വാസഗോള്‍ സമിര്‍ നസൃയാണ് സ്വന്തമാക്കിയത്.
മത്സരത്തില്‍ ആധിപത്യം സിറ്റിക്കായിരുന്നെങ്കിലും അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ സൂപ്പര്‍താരങ്ങളായ സെര്‍ജിയോ അഗ്യൂറോ, നെഗ്രഡോ, നസൃ, സെക്കോ, സില്‍വ തുടങ്ങിയവര്‍ക്ക് കഴിയാതിരുന്നതാണ് തിരിച്ചടിയായത്. മത്സരത്തിന്റെ 69 ശതമാനവും പന്ത് കൈവശം വച്ച സിറ്റി 12 ഷോട്ടുകള്‍ ഉതിര്‍ത്തതില്‍ മൂന്നെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് വന്നത്. അതേസമയം വീഗന്‍ അഞ്ച് ഷോട്ടുകള്‍ പായിച്ചതില്‍ മൂന്നെണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. ഇതില്‍ രണ്ടെണ്ണവും സിറ്റി വലയില്‍ കയറുകയും ചെയ്തു.
മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ വീഗന്റെ ജോര്‍ഡി ഗോമസ് ഇടംകാലുകൊണ്ട് പായിച്ച ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 25-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് വീഗന്‍ ലീഡ് നേടിയത്. മാര്‍ക്ക് അന്റോണിയെ സിറ്റിയുടെ മാര്‍ട്ടിന്‍ ഡെമിഷെല്‍സ് ബോക്സിനുള്ളില്‍ വീഴ്‌ത്തിയതിനാണ് പെനാല്‍റ്റി റഫറി പെനാല്‍റ്റി അനുവദിച്ചത്. കിക്കെടുത്ത ജോര്‍ഡി ഗോമസ് ലക്ഷ്യം തെറ്റാതെ പന്ത് സിറ്റി വലയിലെത്തിച്ചു. 10 മിനിറ്റിനുശേഷം സിറ്റിയുടെ അഗ്യൂറോയുടെ ഒരു ഷോട്ട് വിഗന്‍ ഗോളി രക്ഷപ്പെടുത്തി. പിന്നീട് രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റാവുന്നതിന് മുന്നേ വീഗന്‍ ലീഡ്ഡ് ഉയര്‍ത്തി. ജെയിംസ് ആര്‍തര്‍ നല്‍കിയ ക്രോസ് നല്ലൊരു ഇടംകാലന്‍ ഷോട്ടിലൂടെ ജെയിംസ് പെര്‍ക്കാണ് സിറ്റി വലയിലെത്തിച്ചത്. രണ്ട് ഗോളുകള്‍ക്ക് പിന്നിലായതോടെ സിറ്റി എതിര്‍ ബോക്സിലേക്ക് തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തി. ഒടുവില്‍ 68-ാം മിനിറ്റില്‍ സിറ്റി ഒരു ഗോള്‍ മടക്കി. സിറ്റിക്ക് അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്നാണ് ഗോള്‍ പിറന്നത്. കോര്‍ണര്‍ കിക്കിനൊടുവില്‍ വീഗന്‍ ബോക്സിലേക്ക് വന്നിറങ്ങിയ പന്ത് റിച്ചാര്‍ഡ്സ് തലകൊണ്ട് ചെത്തിയിട്ടുകൊടുത്തത് സമിര്‍ നസൃ ബോക്സിന് പുറത്തുനിന്ന് കനത്തൊരു ഇടംകാലന്‍ ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. പിന്നീട് സമനിലക്കായി സിറ്റി താരങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും വീഗന്‍ പ്രതിരോധം കനത്ത കോട്ട കെട്ടി ആക്രമണങ്ങളെയെല്ലാം അതിജീവിച്ചു.
മറ്റ് മത്സരങ്ങളില്‍ ഹള്‍ സിറ്റി 3-0ന് സണ്ടര്‍ലാന്റിനെയും ഷെഫീല്‍ഡ് യുണൈറ്റഡ് 2-0ന് ചാള്‍ട്ടനെയും കീഴടക്കി സെമിയില്‍ പ്രവേശിച്ചു.
















