മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ വിജയം. ഞായറാഴ്ച രാത്രി വൈകി നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ ലെവന്റെയെ തകര്‍ത്തത്. ഈ വിജയത്തോടെ റയല്‍ രണ്ടാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡിനേക്കാള്‍ മൂന്ന് പോയിന്റിന്റെ ലീഡ് കരസ്ഥമാക്കി. റയലിന് 27 മത്സരങ്ങളില്‍ നിന്ന് 67ഉം അത്ലറ്റികോക്ക് 64ഉം പോയിന്റുകളാണുള്ളത്. കഴിഞ്ഞ ദിവസം റയല്‍ വല്ലഡോളിഡിനോട് പരാജയപ്പെട്ട ബാഴ്സലോണ 63 പോയിന്റുമായി മൂന്നാമതാണ്.
റയലിന്റെ സ്റ്റേഡിയമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന പോരാട്ടത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പ്രതിരോധനിരതാരം മാഴ്സലോ എന്നിവര്‍ മുന്‍ ചാമ്പ്യന്മാര്‍ക്ക് വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ മൂന്നാം ഗോള്‍ ലെവന്റെ താരം നിക്കോളാസ് കരബലാസിന്റെ ദാനമായിരുന്നു. 64-ാം മിനിറ്റില്‍ ലെവന്റെയുടെ ഡേവിഡ് നവാരോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്. മത്സരത്തില്‍ റയലിന്റെ സമ്പൂര്‍ണ്ണ ആധിപത്യമായിരുന്നു കണ്ടത്. ആകെ 25 ഷോട്ടുകള്‍ റയല്‍ പായിച്ചതതില്‍ 10 എണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. ലെവന്റെ ഗോളിയുടെ മികച്ച പ്രകടനമാണ് വന്‍ പരാജയത്തില്‍ നിന്ന് അവരെ രക്ഷിച്ചത്. അതേസമയം ലെവന്റെക്ക് ഒരിക്കല്‍ മാത്രമാണ് റയല്‍ ഗോളിയെ പരീക്ഷിക്കാന്‍ കഴിഞ്ഞത്. ആറാം മിനിറ്റില്‍ തന്നെ റയല്‍ മുന്നിലെത്തേണ്ടതായിരുന്നു. ഡി മരിയയുടെ പാസില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പായിച്ച ഷോട്ട് അതിസാഹസികമായാണ് ലെവന്റെ ഗോളി രക്ഷപ്പെടുത്തിയത്. 11-ാം മിനിറ്റില്‍ റയല്‍ ലീഡ് നേടി. ഡി മരിയ എടുത്ത കോര്‍ണര്‍കിക്ക് ബോക്സിലേക്ക് വളഞ്ഞിറങ്ങിയത് നല്ലൊരു ഹെഡ്ഡറിലൂടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വലയിലെത്തിച്ചു. പിന്നീട് ഡി മരിയയുടെയും ബെന്‍സേമയുടെയും രണ്ട് നല്ല ഷോട്ടുകള്‍ ലെവന്റെ ഗോളി രക്ഷപ്പെടുത്തി. പിന്നീട് മത്സരത്തിന്റെ 48-ാം മിനിറ്റില്‍ റയല്‍ ലീഡ് ഉയര്‍ത്തി. ക്രിസ്റ്റ്യാനോ ഒരുക്കിക്കൊടുത്ത അവസരത്തില്‍ നിന്ന് മാഴ്സലോയാണ് തകര്‍പ്പനൊരു ഷോട്ടിലൂടെ വല കുലുക്കിയത്. 81-ാം മിനിറ്റില്‍ റയല്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. മാഴ്സെലോ ബോക്സിലേക്ക് നല്‍കിയ ക്രോസ് നിക്കോളാസ് കരബലാസ് പുറത്തേക്ക് അടിച്ചുകളയാന്‍ ശ്രമിച്ചതാണ് സ്വന്തം വലയില്‍ പതിച്ചത്.
മറ്റ് മത്സരങ്ങളില്‍ എസ്പാനിയോള്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് എല്‍ഷെയെയും സെവിയ ഇതേ മാര്‍ജിനില്‍ അല്‍മേറിയയെയും പരാജയപ്പെടുത്തിയപ്പോള്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള അത്ലറ്റിക് ബില്‍ബാവോയെ വലന്‍സിയ 1-1ന് സമനിലയില്‍ തളച്ചു.
















