ദുബായ്: ഇന്ത്യന്‍ താരം വിരാട് കോഹ്ലി ഐസിസി ഏകദിന ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ദക്ഷിണാഫ്രിക്കന്‍ താരം എ.ബി. ഡിവില്ലിയേഴ്സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോഹ്ലി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ഏഷ്യാകപ്പ് ക്രിക്കറ്റിലെ മികച്ച ബാറ്റിംഗാണ് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ കോഹ്ലിക്ക് തുണയായത്. ഇരുവരും തമ്മില്‍ ഇപ്പോള്‍ ഒമ്പത് പോയിന്റ് വ്യത്യാസമുണ്ട്. ഏഷ്യാകപ്പില്‍ നായകനായി ഇറങ്ങിയ കോഹ്ലി മൂന്ന് ഇന്നിംഗ്സുകളിലായി ഒരു സെഞ്ച്വറിയടക്കം 189 റണ്‍സാണ് അടിച്ചെടുത്തത്. ഓസീസ് താരം ജോര്‍ജ് ബെയ്‌ലിയാണ് റാങ്കിംഗില്‍ മൂന്നാമത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി ആറാമതും ഓപ്പണര്‍ ശിഖര്‍ ധവാന്‍ എട്ടാം സ്ഥാനവും സ്വന്തമാക്കി.
ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജ മാത്രമാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഏഷ്യാകപ്പില്‍ നാല് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റ് സ്വന്തമാക്കിയ ജഡേജ അഞ്ചാം സ്ഥാനത്താണ്. മറ്റൊരു ഇന്ത്യന്‍ ബൗളറായ അശ്വിന്‍ 14-ാം സ്ഥാനവും അമിത് മിശ്ര അഞ്ചുസ്ഥാനങ്ങള്‍ കയറി 36-ാം റാങ്കിലെത്തി. ബൗളര്‍മാരുടെ പട്ടികയില്‍ പാക് താരം സയീദ് അജ്മലും ദക്ഷിണാഫ്രിക്കന്‍ താരം സ്റ്റെയിനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. വിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരേയ്ന്‍ മൂന്നാമതാണ്.
ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയാണ് ആദ്യപത്തില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍താരം. പാക്കിസ്ഥാന്റെ മുഹമ്മദ് ഹഫീസും ലങ്കന്‍ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
അതേസമയം ഏകദിന ടീം റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തി. 113 പോയിന്റാണ് ഇന്ത്യക്കുള്ളത്. 117 പോയിന്റുള്ള ഓസ്ട്രേലിയ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഒരു പോയിന്റ് വ്യത്യാസത്തില്‍ ശ്രീലങ്കയാണ് ഇന്ത്യക്ക് പിന്നില്‍ മൂന്നാമത്. ഏഷ്യാകപ്പിലെ കിരീടനേട്ടമാണ് ലങ്കയെ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തിയത്.
















