സിലിഗുരി: സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം മിസോറാമിന്. അറുപത്തിയെട്ടാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ റെയില്‍വേസിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ തങ്ങളുടെ ആദ്യ ഫൈനല്‍ കളിച്ച മിസോറാം കിരീടത്തില്‍ മുത്തമിട്ടത്. മിസോറാമിന് വേണ്ടി സീക്കോ രണ്ടും ലാല്‍റിന്‍പ്യുയ ഒരു ഗോളും നേടി.
അതേസമയം റെയില്‍വേസിന്റെ 48 വര്‍ഷത്തെ കിരീട കാത്തിരിപ്പ് വീണ്ടും നീണ്ടു. 1966-67 സീസണിലാണ് റെയില്‍വേസ് അവസാനമായി സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടത്. നാലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ റെയില്‍വേസിന് ആറാം തവണയും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 1986-87 സീസണിലായിരുന്നു ഇതിന് മുമ്പ് അവസാനമായി റെയില്‍വേസ് സന്തോഷ് ട്രോഫി ഫൈനലില്‍ കളിച്ചത്. അന്ന് ബംഗാളിനോട് 2-0ന് റെയില്‍വേസ് പരാജയപ്പെടുകയായിരുന്നു. മേഖലാ യോഗ്യതാ റൗണ്ടിലും ഫൈനല്‍ റൗണ്ടിലും എല്ലാ മത്സരങ്ങളും ജയിച്ചായിരുന്നു മിസോറാം ഫൈനലില്‍ പ്രവേശിച്ചത്. കലാശക്കളിയിലും ആ നിലവാരം പുലര്‍ത്താന്‍ അവര്‍ക്കായി.
ഫൈനലിന്റെ തുടക്കം മുതല്‍ മികച്ച പന്തടക്കവും വേഗതയും കൊണ്ട് റെയില്‍വേ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്ന മിസോറാം 44-ാം മിനിറ്റിലാണ് ലീഡ് നേടിയത്. ലാല്‍ബിയഖലുവയുടെ പാസില്‍ നിന്നാണ് സീക്കോ മിസോറാമിന്റെ ആദ്യഗോള്‍ നേടിയത്. ആദ്യപകുതിയില്‍ മിസോറാം ഈ ഒരു ഗോളിന് മുന്നിട്ടുനിന്നു. പിന്നീട് മത്സരത്തിന്റെ 80-ാം മിനിറ്റില്‍ സീക്കോ വീണ്ടും റെയില്‍വേസ് വല കുലുക്കിയതോടെ മിസോറാം 2-0ന് മുന്നിലെത്തി. പിന്നീട് 90-ാം മിനിറ്റില്‍ ലാല്‍റിന്‍പ്യുയയും ലക്ഷ്യം കണ്ടതോടെ മിസോറാമിന്റെ ഗോള്‍പട്ടികയും പൂര്‍ത്തിയായി.
















