ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ വിജയവുമായി ചെല്‍സി പടയോട്ടം തുടരുന്നു. ശനിയാഴ്ച രാത്രി നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് മൊറീഞ്ഞോയുടെ നീലപ്പട ടോട്ടനം ഹോട്സ്പറിനെ തകര്‍ത്തെറിഞ്ഞത്. 59-ാം മിനിറ്റില്‍ യൂനസ് കാബൗള്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം 10 പേരുമായാണ് ടോട്ടനം കളിപൂര്‍ത്തിയാക്കിയത്. ടോട്ടനത്തിനെതിരെ തകര്‍പ്പന്‍ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ചെല്‍സി രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിനേക്കാള്‍ 7 പോയിന്റിന്റെ ലീഡ് നേടി. ചെല്‍സിക്ക് 29 മത്സരങ്ങളില്‍ നിന്ന് 66 പോയിന്റും ലിവര്‍പൂളിന് 28 മത്സരങ്ങളില്‍ നിന്ന് 59 പോയിന്റുമാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ആഴ്സണലിനും 59 പോയിന്റുണ്ട്. 26 മത്സരങ്ങളില്‍ നിന്ന് 57 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് നാലാമത്.
ചെല്‍സിയുടെ സ്റ്റേഡിയമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന പോരാട്ടത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. എന്നാല്‍ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഈഡന്‍ ഹസാര്‍ഡ് ഗോള്‍ നേടാനുള്ള അവസരം പാഴാക്കി. തുടര്‍ന്നും ആദ്യപകുതിയില്‍ നിരവധി മുന്നേറ്റങ്ങള്‍ ചെല്‍സി എതിര്‍ഗോള്‍മുഖത്തേക്ക് നടത്തിയെങ്കിലും ലീഡ് നേടാന്‍ കഴിഞ്ഞില്ല. ഇതിനിടെ ടോട്ടനവും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കലും അവയും വിഫലമായി. പിന്നീട് മത്സരത്തിന്റെ 56-ാം മിനിറ്റിലാണ് ചെല്‍സി ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. ബോക്സിനുള്ളിലേക്ക് ലഭിച്ച പന്ത് സ്വന്തമാക്കി വെറ്ററന്‍ സ്ട്രൈക്കര്‍ സാമുവല്‍ ഏറ്റുവാണ് ടോട്ടനം വല കുലുക്കിയത്. 60-ാം മിനിറ്റില്‍ ചെല്‍സി പെനാല്‍റ്റിയിലൂടെ ലീഡ് ഉയര്‍ത്തി. സാമുവല്‍ ഏറ്റുവിനെ ടോട്ടനത്തിന്റെ യൂനസ് കാബൗള്‍ വീഴ്‌ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. ഈ ഫൗളിന് ടോട്ടനം താരത്തിന് ചുവപ്പുകാര്‍ഡും ലഭിച്ചു. കിക്കെടുത്ത ഈഡന്‍ ഹസാര്‍ഡ് ലക്ഷ്യം തെറ്റാതെ പന്ത് വലയിലെത്തിച്ചു. പിന്നീട് 88, 89 മിനിറ്റുകളില്‍ ചെല്‍സി ഡെംബ ബായിലൂടെ ടോട്ടനം വല കുലുക്കി. പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ വന്ന പിഴവില്‍ നിന്നാണ് ചെല്‍സി രണ്ട് ഗോളുകള്‍ നേടിയത്.
മറ്റ് മത്സരങ്ങളില്‍ കാര്‍ഡിഫ് സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഫുള്‍ഹാമിനെയും സതാമ്പ്ടണ്‍ 1-0ന് ക്രിസ്റ്റല്‍ പാലസിനെയും പരാജയപ്പെടുത്തിയപ്പോള്‍ നോര്‍വിച്ച്-സ്റ്റോക്ക് സിറ്റി പോരാട്ടം 1-1ന് സമനിലയില്‍ കലാശിച്ചു.
















