നൗകാമ്പ്: ബാഴ്സ നായകനും പ്രതിരോധനിരയിലെ ശക്തിദുര്‍ഗവുമായ കാര്‍ലോസ് പ്യുയോള്‍ ക്ലബ് വിടുന്നു. പതിനഞ്ച് വര്‍ഷം നീണ്ട ബാഴ്സലോണ ജീവിതത്തിന് ഈ സീസണ്‍ അവസാനത്തോടെ വിരാമമാകുമെന്ന് പ്യുയോള്‍ അറിയിച്ചു. എന്നാല്‍ ഏത് ക്ലബിലേക്കാണ് കൂടുമാറ്റമെന്ന കാര്യം 35കാരനായ പ്യുയോള്‍ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ജനുവരിയില്‍ ബാഴ്സലോണയുമായി പുതിയ കരാറില്‍ ഒപ്പിട്ട സ്പാനിഷ് താരത്തിന് പരിക്കിനെ തുടര്‍ന്ന് നിരവധി മത്സരങ്ങള്‍ നഷ്ടമായിരുന്നു. സീസണില്‍ 12 മത്സരങ്ങളില്‍ മാത്രമാണ് പ്യുയോള്‍ ക്ലബിന് വേണ്ടി കളത്തിലിറങ്ങിയത്. 1999-ല്‍ ബാഴ്സയിലെത്തിയ പ്യുയോള്‍ ക്ലബിന് വേണ്ട് ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരമാണ്. 593 മത്സരങ്ങളിലാണ് പ്യുയോള്‍ ബാഴ്സ കുപ്പായത്തില്‍ പന്ത് തട്ടിയത്. സാവി ഫെര്‍ണാണ്ടസാണ് ബാഴ്സക്ക് വേണ്ടി കൂടുതല്‍ മത്സരങ്ങള്‍ കളിച്ചത്. ബാഴ്സയുടെ മൂന്ന് ചാമ്പ്യന്‍സ് ലീഗ് വിജയങ്ങളിലും ആറ് ലാ ലിഗ കീരീട നേട്ടത്തിലും രണ്ട് ഫിഫ ക്ലബ് ലോകകപ്പിലും രണ്ട് യുവേഫ സൂപ്പര്‍ കാപ്പിലും പ്യുയോള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ബാഴ്സയുടെ കുപ്പായത്തിലാണ് പ്യുയോള്‍ ലോകത്തിലെ ഒന്നാം നിര പ്രതിരോധനിര താരമായത്. ബാഴ്സക്ക് പുറമെ 2008ലെ യൂറോപ്യന്‍ ചാമ്പ്യന്മാരും 2010ലെ ലോകകപ്പ് ജേതാക്കളുമായ സ്പാനിഷ് ടീമിന്റെ നെടുംതൂണുമായിരുന്നു ഈ 35കാരന്.
















