മിര്‍പൂര്‍: മുന്ചാമ്പ്യന്മാരായ ശ്രീലങ്ക ഏഷ്യാകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. അഫ്ഗാനിസ്ഥാനെ 124 റണ്‍സിന് പരാജയപ്പെടുത്തി തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കിയാണ് ശ്രീലങ്ക ഫൈനലില്‍ സ്ഥാനം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന് 38.4 ഓവറില്‍ 124 റണ്‍സിന് ഓള് ഔട്ടായി.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക 76 റണ്‍സെടുത്ത കുമാര്‍ സംഗക്കാരയുടെയും പുറത്താകാതെ 45 റണ്‍സെടുത്ത ആഞ്ചലോ മാത്യൂസിന്റെയും 33 റണ്‍സെടുത്ത കുശല്‍ പെരേരയുടെയും 26 റണ്‍സെടുത്ത ചണ്ഡിമലിന്റെയും ബാറ്റിംഗിന്റെ കരുത്തിലാണ് 253 റണ്‍സെന്ന ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്. ഒരുഘട്ടത്തില്‍ 3ന് 83 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട ലങ്കയെ സംഗക്കാരയും ചണ്ഡിമലും ചേര്‍ന്ന് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 74 റണ്‍സാണ് കരകയറ്റിയത്. സ്കോര്‍ 157-ല്‍ നില്‍ക്കേ ചണ്ഡിമലും 158-ല്‍ നില്‍ക്കേ സംഗക്കാരയും മടങ്ങി. സ്കോര്‍ 184-ല്‍ എത്തിയപ്പോള്‍ 17 റണ്‍സെടുത്ത ഡി സില്‍വയും മടങ്ങിയെങ്കിലും ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസും 19 റണ്‍സെടുത്ത് പുറത്താകാതെനിന്ന തീസര പെരേരയും ചേര്‍ന്ന് സ്കോര്‍ 253-ല്‍ എത്തിച്ചു. സംഗക്കാരയാണ് മാന്‍ ഓഫ് ദി മാച്ച്.
മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന് ബംഗ്ലാദേശിനെതിരെ നടത്തിയ പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. നാല് പേര് മാത്രമാണ് അഫ്ഗാന് നിരയില്‍ രണ്ടക്കം കടന്നത്. 43 പന്തുകളില്‍ നിന്ന് മൂന്ന് ബൗണ്ടറികളും ഒരു സിക്സറുമടക്കം 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ മുഹമ്മദ് നബിയാണ് ടോപ് സ്കോറര്‍. അസ്ഗര്‍ സ്റ്റാനിക്സായി (27), നൂര്‍ അലി സദ്റാന് (21), നജിബുള്ള (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് അഫ്ഗാന് താരങ്ങള്‍. ശ്രീലങ്കക്ക് വേണ്ടി തീസര പെരര, അജാന്ത മെന്‍ഡിസ് എന്നിവര്‍ മൂന്നുവീതവും ലക്മല്‍, ചതുരംഗഡി സില്‍വ എന്നിവര്‍ രണ്ടുവീതം വിക്കറ്റുകളും വീഴ്ത്തി.
ഇന്ന് ധാക്കയില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യജയം തേടി ആതിഥേയരായ ബംഗ്ലാദേശ് ഇറങ്ങും. കരുത്തരായ പാക്കിസ്ഥാനാണ് ബംഗ്ലാദേശിന്റെ എതിരാളികള്‍. നേരത്തെ ഇന്ത്യയോടും അഫ്ഗാനിസ്ഥാനോടും പരാജയപ്പെട്ട കഴിഞ്ഞ ഏഷ്യാ കാപ്പിലെ ഫൈനലിസ്റ്റുകളായ ബംഗ്ലാദേശ് ഇന്ന് ജീവന്മരണപോരാട്ടത്തിനാണ് ഇറങ്ങുന്നത്. ഇന്ന് വിജയിച്ചാല്‍ പാക്കിസ്ഥാന് ഫൈനലിലെത്തും. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന പാക്കിസ്ഥാന് തന്നെയാണ് ഇന്നത്തെ പോരാട്ടത്തില്‍ വിജയസാധ്യത. ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട് പരാജയപ്പെട്ട പാക്കിസ്ഥാന് ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും പരാജയപ്പെടുത്തിയാണ് ഫൈനല്‍ പ്രവേശം സജീവമാക്കിയത്.
















