മിര്‍പൂര്‍: മറ്റൊരു ത്രില്ലര്‍. ഇത്തവണയും തോറ്റവരുടെ വശത്തു നില്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി. ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സുപ്രധാന മത്സരത്തില്‍ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനോട് ഒരു വിക്കറ്റിന് മുട്ടുകുത്തി ഇന്ത്യ ആരാധകരുടെ ഹൃദയം തകര്‍ത്തു. ടീം ഇന്ത്യ മുന്നില്‍വച്ച 246 റണ്‍സിന്റെ ലക്ഷ്യം 49.4 ഓവറില്‍ പാക് പട മറികടന്നു. 18 പന്തില്‍ പുറത്താകാതെ 34 റണ്‍സ് വാരിയ ഷാഹിദ് അഫ്രീദയുടെ ബാറ്റിങ്ങാണ് പാക്കിസ്ഥാന് ത്രസിപ്പിക്കുന്ന ജയം ഒരുക്കിയത്.
അശ്വിന് എറിഞ്ഞ അവസാന ഓവറില്‍ പത്ത് റണ്‍സാണ് പാക് ടീമിനു വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ സയീദ് അജ്മലിനെ (0) അശ്വിന് ബൗള്‍ഡാക്കി. പക്ഷേ, മൂന്നാം പന്ത് എക്സ്ട്രാ കവറിനു മുകളിലൂടെ അഫ്രീദി ഗ്യാലറിയിലെത്തിച്ചു. തൊട്ടടുത്തത് ലോങ്ങ് ഓണിലൂടെ സിക്സറിലേക്ക് പറക്കുമ്പോള്‍ ഇന്ത്യ തലകുനിച്ചു. സ്കോര്‍: ഇന്ത്യ- 8ന് 245. പാക്കിസ്ഥാന്- 9ന് 249 (49.4). മുഹമ്മദ് ഹഫീസിന്റെ പ്രകടനവും (75 റണ്‍സ്, 2 വിക്കറ്റ്) പാക്കിസ്ഥാന്റെ ജയത്തില്‍ നിര്‍ണായകമായി. ഹഫീസ് മാന്‍ ഓഫ് ദ മാച്ച്. ഇതോടെ ഇന്ത്യയുടെ ഫൈനല്‍ സാധ്യതയില്‍ കരിനിഴല്‍ വീണു. അവസാന മത്സരത്തില്‍ അഫ്ഗാനെതിരെ ബോണസ് പോയിന്റോടെ ജയിക്കുന്നതിനൊപ്പം പാക്കിസ്ഥാന്റെയും ബംഗ്ലാദേശിന്റയും മത്സരഫലങ്ങളെയും ഇന്ത്യ കാത്തിരിക്കേണ്ടിവരും.
ഓപ്പണര്‍മാരായ ഷര്ജീദ് ഖാന് (25), അഹമ്മദ് ഷഹ്സാദ് (42) എന്നിവര്‍ സമ്മാനിച്ച നല്ല തുടക്കത്തിനുശേഷം 4ന് 113 എന്ന നിലയില്‍ പാക്കിസ്ഥാന് പരുങ്ങിയതാണ്. എന്നാല്‍ ഹഫീസ് അവരെ മുന്നോട്ടു നയിച്ചു. ഷൊയ്ബ് മഹ്സൂദും (38) തരക്കേടില്ലാത്ത സംഭാവന നല്കി. അതിനിടെ ഹഫീസിനെ വീഴ്ത്തി അശ്വിന് കോഹ്്ലിപ്പടയെ മത്സരത്തില്‍ മടക്കിക്കൊണ്ടുവന്നു.
അഫ്രീദിയും ഉമര്‍ ഗുല്ലും (12) ചേര്‍ന്ന നിമിഷങ്ങളില്‍ പാക് സ്കോര്‍ കുതിച്ചു. രവീന്ദ്ര ജഡേജയും ഭുവനേശ്വര്‍ കുമാറുമായിരുന്നു തല്ലുകൊള്ളികള്‍. അവസാന മൂന്ന് ഓവറില്‍ പാക്കിസ്ഥാന് വേണ്ടത് 17 റണ്‍സ്. 48-ാം ഓവറില്‍ മുഹമ്മദ് ഷാമി വന്നു, വഴങ്ങിയത് നാല് റണ്‍സ്മാത്രം. തൊട്ടുപിന്നാലെ ഭുവനേശ്വര്‍ കുമാര്‍ ഗുല്ലിനെയും മുഹമ്മദ് താഹ (0) കൂടാരം കയറ്റി, ഇന്ത്യ ജയിക്കുമെന്നൊരു തോന്നല്‍. പക്ഷേ, ആഫ്രീദിയെന്ന കൊടുങ്കാറ്റിനെ താങ്ങാന്‍ ഇന്ത്യക്കു കഴിഞ്ഞില്ല.
ആദ്യം ബാറ്റുചെയ്ത കോഹ്ലിയെയും കൂട്ടരേയും പാക് ബൗളര്‍മാര്‍ മൂക്കുകയറിട്ടു. മൂന്നു വിക്കറ്റ് പിഴുത സ്റ്റാര്‍ സ്പിന്നര്‍ അജ്മലും മുഹമ്മദ് ഹഫീസും (2 വിക്കറ്റ്) ഷാഹിദ് അഫ്രീദിയും പേസര്‍ മാരായ ജുനൈദ് ഖാനും മുഹമ്മദ് താഹയും (2) ഇന്ത്യയ്ക്ക് യാതൊരു സ്വാതന്ത്ര്യവും അനുവദിച്ചില്ല. എങ്കിലും രോഹിത് ശര്‍മ്മ (56), അമ്പാട്ടി റായിഡു (58), രവീന്ദ്ര ജഡേജ (52 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ് ടീം ഇന്ത്യയുടെ സ്കോറിന് മാന്യതയുടെ മുഖമേകി. തുടക്കത്തില്‍ രോഹിത്തും മധ്യ ഓവറുകളില്‍ റായിഡുവും അന്ത്യ നിമിഷങ്ങളില്‍ ജഡേജയും ഇന്ത്യയെ കാത്തുരക്ഷിച്ചെന്നു പറയാം. ഓപ്പണര്‍ ശിഖര്‍ ധവാനെ (10) വിക്കറ്റിനു മുന്നില്‍ കുടുക്കി മുഹമ്മദ് ഹഫീസാണ് ഇന്ത്യയെ കടിഞ്ഞാണിടാന്‍ ആരംഭിച്ചത്. നായകന് വിരാട് കോഹ്ലിയും (5) പിടിച്ചുനിന്നില്ല. എന്നാല്‍ മറുവശത്ത് രോഹിത് ഉശിരു കാട്ടി. ലോഫ്റ്റും പുള്ളും ഡ്രൈവും ഗ്ലാന്സുമൊക്കെ രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഒടുവില്‍, ഏഴു ബൗണ്ടറികളും രണ്ടു സിക്സറും പായിച്ച രോഹിത് മുഹമ്മദ് താഹയുടെ പന്തില്‍ പുള്ളിന് ശ്രമിച്ച് ഹഫീസിന്റെ കൈയില്‍ കുടുങ്ങി. പിന്നാലെ അജിന്‍ക്യ രഹാനെയും (23) കൂടാരത്തില്‍.
ദിനേശ് കാര്‍ത്തിക്കും (23) റായിഡുവും ചെറുസഖ്യം കെട്ടിപ്പടുത്തു. ആദ്യം സ്പിന്‍ കളിക്കാന്‍ അല്‍പ്പം പ്രയാസപ്പെട്ടങ്കിലും ക്ഷമയോടെ പിടിച്ചു നിന്ന റായിഡു നാലു തവണ പന്ത് അതിര്‍ത്തി കടത്തി; ഒരുവട്ടം ഗ്യാലറിയിലെത്തിച്ചു. റായിഡുവിനെ അജ്മല്‍ തിരിച്ചയയ്ക്കുമ്പോഴേക്കും ഇന്ത്യ 200 കടന്നിരുന്നു. ജഡേജയുടെ ഏതാനും ബൗണ്ടറികളും അതില്‍ ഉള്‍പ്പെട്ടു.
റായിഡു മടങ്ങിയ ഓവറില്‍ ജഡേജ അജ്മലിനെ സിക്സറിനു പൊക്കി. അശ്വിന് ഉമര്‍ ഗുല്ലിനെ തുടര്‍ച്ചയായി അതിര്‍ത്തി കടത്തുകയും ചെയ്തു. ഗുല്ലിനെ സിക്സറിനു പറത്താന്‍ ജഡേജയും മറന്നില്ല. അവസാന രണ്ട് ഓവറുകളില്‍ പാക്കിസ്ഥാന് അല്‍പ്പം പിടിമുറുക്കി. അല്ലെങ്കില്‍ ഇന്ത്യ 250നുമേലൊരു സ്കോറിലെത്തുമായിരുന്നു.
















